- Trending Now:
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തെക്കുറിച്ചുള്ള ആലോചന വരുമ്പോള്‍ അവരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് സ്ഥിര നിക്ഷേപങ്ങളായിരിക്കും. തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന തുക സൂക്ഷിച്ചു വയ്ക്കുവാനുള്ള ഏറ്റവും സുരക്ഷിത മാര്‍ഗമായി അവര്‍ സ്ഥിര നിക്ഷേപങ്ങളെ കാണുന്നു. അത് മാത്രമല്ല, സ്ഥിര നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ഒരു വരുമാന മാര്‍ഗവും ലഭിക്കുന്നു.
സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും മാസത്തിലോ, പാദ വാര്‍ഷിക രീതിയിലോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ സ്ഥിരമായി നിക്ഷേപകര്‍ക്ക് പലിശ ലഭിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ സ്ഥിര നിക്ഷേപങ്ങളെ ബാധിക്കാത്തതിനാല്‍ സ്ഥിരമായ പലിശ നിരക്കിലാണ് നിക്ഷേപകര്‍ക്ക് ആദായം ലഭിക്കുന്നത് എന്നതും നിക്ഷേപകര്‍ക്കുള്ള ധൈര്യമാണ്.
പലിശ നിരക്ക് കുറയുന്നു എന്നിരുന്നാലും ഓരോ വ്യക്തിയ്ക്കും നിക്ഷേപത്തെ സംബന്ധിച്ച് അവരുടെതായ താത്പര്യങ്ങളുണ്ടാകും. ഇവിടെ ശ്രദ്ധിയ്ക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കാലം മുന്നോട്ട് പോയിക്കൊണ്ടിരിക്കും തോറും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും വലിയ അളവില്‍ കുറവ് സംഭവിക്കുകയാണ്. അതുവഴി നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആദായത്തിലും ഗണ്യമായ കുറവ് സംഭവിക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു വര്‍ഷത്തിന് മുകളിലായി റിപ്പോ നിരക്ക് 4 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും നികുതി ബാധ്യതയുള്ളവയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബിന് അനുസരിച്ചാണ് സ്ഥിര നിക്ഷേപങ്ങളിലെ ആദായത്തിന്റെ നികുതി ബാധ്യത.
ഈ നികുതി ബാധ്യതയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും നിക്ഷേപകന് ലഭിക്കുന്ന ആദായത്തില്‍ വീണ്ടും കുറവ് വരുത്തുന്നു. എങ്കിലും മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നിക്ഷേപ കാര്യത്തില്‍ അവരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് തന്നെ സ്ഥിര നിക്ഷേപങ്ങളായിരിക്കും. നിക്ഷേപ സുരക്ഷിതത്വം തന്നെയായിരിക്കും അവരുടെ പ്രഥമ പരിഗണന. എന്നാല്‍ ചിലര്‍ക്കെങ്കിലും സ്ഥിര വരുമാനത്തിനായി സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ശരിയായ രീതിയാണോ എന്ന ആശങ്കയുണ്ടാകുവാന്‍ സാധ്യതയുണ്ട്. അത്തരം മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് വേണ്ടിയാണ് ബാങ്കുകള്‍ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്ഥിരമായ പ്രതിമാസ വരുമാനം ആഗ്രിഹിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. ആദായ നികുതി ബാധ്യത ലാഭിക്കുന്നതിനായി റിസ്‌ക് എടുക്കുവാന്‍ തീരെ താത്പര്യമില്ല ധാരാളം വ്യക്തികള്‍ ടാക്സ് സേവിംഗ്സ് എഫ്ഡി അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷമാണ് നിക്ഷേപത്തിലെ ലോക്ക് ഇന്‍ പിരീയഡ്.
ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമം 1961ലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളില്‍ 1.5 ലക്ഷം രൂപ വരെ കിഴിവിനായി മുതിര്‍ന്ന പൗരന്മാര്‍ക്ക് അവകാശപ്പെടാം. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ ഗുണകരമായ നിക്ഷേപ രീതിയാണിത്. മിക്ക ബാങ്കുകളും 0.5 ശതമാനം അധിക പലിശ നിരക്കും മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളില്‍ നല്‍കി വരുന്നുണ്ട്.
എങ്കിലും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പായി ഓര്‍മയില്‍ വയ്ക്കേണ്ട പ്രധാനപ്പെട്ട കാര്യം ലോക്ക് ഇന്‍ പിരീയഡിനെക്കുറിച്ചാണ്. നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള പിന്‍വലിക്കലുകള്‍ അനുവദിക്കുകയില്ല. സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിന്മേല്‍ ടിഡിഎസ് കിഴിയ്ക്കുന്നത് ഒഴിവാക്കുന്നതിനായി മുതിര്‍ന്ന പൗരന്മാര്‍ ഫോറം 15എച്ച് ഉം, മറ്റുള്ള സാധാരണ നിക്ഷേപകര്‍ ഫോറം 15ജി യും ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80ടിടിബി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെയും ഇളവ് ലഭിക്കുവാന്‍ അര്‍ഹതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.