Sections

വനിതാസംരംഭങ്ങള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ ശരണ്യ പദ്ധതി

Friday, Oct 29, 2021
Reported By Gopika
saranya

വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശരണ്യ പദ്ധതി


വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിച്ച ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ അടുത്തകാലത്തായി പദ്ധതി ആനുകൂല്യം നേടുന്നതിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി.


പദ്ധതി വഴി പരമാവധി 50,000 രൂപയുടെ ധനസഹായമാണ് അനുവദിക്കുക. ഇതില്‍ 50 ശതമാനം വരെ സബ്സിഡിയായും ലഭിക്കും. അതായത് പരമാവധി 25,000 രൂപ വരെ. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രോജക്ട് പരിശോധിച്ചാണ് വായ്പ തുക അനുവദിക്കുക.  പ്രോജക്ട് പരിഗണിച്ചതിന് ശേഷം ഒഴിച്ച് കൂടാനാകാത്ത സാഹചര്യത്തില്‍ വായ്പ പരിധി ഒരു ലക്ഷം വരെയായി ഉയര്‍ത്തും. അഞ്ചു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. വായ്പ്പ തിരിച്ചടവ് 60 തവണയായി ബന്ധപ്പെട്ട ജില്ല / ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അടയ്ക്കാം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതാണ്.

 

 

തികച്ചും പലിശ രഹിത വായ്പയാണ് പദ്ധതി അനുവദിക്കുന്നത്. എന്നാല്‍ 50,000 രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്ന തുകയ്ക്ക് മൂന്ന് ശതമാനം ഫ്‌ലാറ്റ് റേറ്റില്‍ പലിശ ഈടാക്കും. മേല്‍പ്പറഞ്ഞ വനിത ഗുണഭോക്താക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് വായ്പ അനുവദിക്കുന്നത്. പദ്ധതിച്ചെലവിന്റെ 10 ശതമാനം സംരംഭക കണ്ടെത്തേണ്ടതുണ്ട്. അതേസമയം പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പിന്നീട് തൊഴില്‍രഹിത വേതനം ലഭിക്കില്ല. പദ്ധതി പ്രകാരം വായ്പ അനുവദിച്ച ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ നല്‍കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വായ്പ തുക അനുവദിക്കുകയുളളളു.

യോഗ്യത

18 നും 55 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ പദ്ധതിയുടെ ആനുകൂല്യം നേടാന്‍ അര്‍ഹരാണ്. അവിവാഹിതകളുടെ പ്രായം സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് 30 വയസ് പൂര്‍ത്തിയായിരിക്കണം. ശരണ്യയില്‍ അപേക്ഷിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. പ്രൊഫഷണല്‍ / സാങ്കേതിക യോഗ്യതയുളളവര്‍ക്കും, സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും, ഐടിഐ / ഐടിസി സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും മുന്‍ഗണന ലഭിക്കും.

 

 

അപേക്ഷ നടപടികള്‍


ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ ജില്ലാ ഓഫീസിലോ പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോമിനൊപ്പം ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.


ശരണ്യ പദ്ധതി സംബന്ധിച്ച മറ്റ് വിവരങ്ങള്‍

 

1. സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തുന്ന തുകയ്ക്ക് അനുസരിച്ചാണ് വായ്പ        വിതരണം നടത്തുന്നത്.

2. പദ്ധതി പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയാണ് നടപ്പാക്കുന്നത്.

3. അപേക്ഷാഫോറം സൗജന്യമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ലഭിക്കുന്നതാണ്. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ         വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

4. പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരായിരിക്കണം.

5. വായ്പ ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള താല്‍ക്കാലിക ജോലികള്‍ക്ക് പരിഗണിക്കില്ല. സ്ഥിരം ജോലികള്‍ക്ക്    പരിഗണിക്കുന്നതാണ്.

6. നിയമനം ലഭിക്കുകയാണെങ്കില്‍ അവര്‍ ഈ പദ്ധതി പ്രകാരം എടുത്തിട്ടുളള വായ്പ്പാ തുക പൂര്‍ണ്ണമായും അടച്ച് തീര്‍ക്കേതാണ്.

7. ഉദ്യോഗാര്‍ത്ഥിക്ക് വായ്പ അനുവദിക്കുക, എത്ര തുക അനുവദിക്കണം എന്നിവ പദ്ധതിയ്ക്കായുളള ജില്ലാ കമ്മറ്റിയാണ് തീരുമാനിക്കുക.

8. ഒന്നിലധികം പേര്‍ ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്.

9. ആരംഭിക്കുന്ന സംരംഭത്തിന്റെ വരവ് ചെലവ് കണക്കുകള്‍ സംരംഭകര്‍ കൃത്യമായും സൂക്ഷിക്കേതും എംപ്ലോയ്‌മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍    ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേതുമാണ്.

10. പദ്ധതിയ്ക്കായി നല്‍കിയ തുക ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ സബ്‌സിഡി ഉള്‍പ്പെടെയുളള തുക റവന്യു റിക്കവറി പ്രകാരം ഈടാക്കുന്നതാണ്.

വെബ്‌സൈറ്റ് - https://employment.kerala.gov.in/2020/11/10/saranya-self-employment-scheme-for-the-destitute-women/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.