Sections

ബൈ നൗ പേ ലേറ്റര്‍, എന്താണ് ഈ സംഗതി..? 

Thursday, Sep 16, 2021
Reported By Gopika
buy now pay later

ബൈ നൗ പേ ലേറ്റര്‍!!  അറിയേണ്ടതെല്ലാം...
 

മെസേജുകളായും ഇ മെയിലായും നിങ്ങളെ തേടിയെത്തുന്ന സന്ദേശങ്ങളില്‍ ബൈ നൗ പേ ലേറ്റര്‍ എന്ന് നിങ്ങള്‍ കണ്ടിട്ടില്ലെ..? പേ ലേറ്റര്‍ എന്ന് കാണുമ്പോഴേ എന്താണ് ഈ സംഗതിയെന്നറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ ഏറെപേരും. കെയ്യില്‍ മതിയായ പണം ഇരിപ്പില്ലെങ്കിലും അവ നിങ്ങളെ പര്‍ച്ചേസ് ചെയ്യുവാന്‍ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. പണം കൊടുത്തോ, ഡെബിറ്റ് കാര്‍ഡുകളോ, മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിച്ചോ നമ്മള്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ പണം മുന്‍കൂറായി നല്‍കിക്കൊണ്ടാണ് സാധനങ്ങള്‍ വാങ്ങിക്കുന്നത്. അല്ലെങ്കില്‍ വാങ്ങിക്കുന്ന സാധനത്തിന്റെ വില നല്‍കിയതിന് ശേഷം മാത്രമാണ് അവ നമ്മുടെ സ്വന്തമാകുന്നത്.

ഇനി ക്രെഡിറ്റ് കാര്‍ഡിലാണെങ്കില്‍ പലിശ രഹിത കാലയളവും ഉപയോക്താവിന് ലഭിക്കും. എന്നാല്‍ ബൈ നൗ പേ ലേറ്റര്‍ സേവനത്തില്‍ ഇപ്പോള്‍ നിങ്ങള്‍ പര്‍ച്ചേസ് നടത്തുകയും അതിന്റെ വില പിന്നീട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. പേരില്‍ വ്യക്തമാക്കുന്നത് പോലെ തന്നെ ഉപയോക്താവിനെ അവര്‍ ആഗ്രഹിക്കുന്ന വസ്തു വാങ്ങിക്കുവാന്‍ അനുവദിക്കുകയും അതിന്റെ തുക പിന്നീട് ഒരു നിശ്ചിത സമയത്തിന് ശേഷം നല്‍കിയാല്‍ മതിയെന്നുമുള്ള സംവിധാനമാണ് ബൈ നൗ പേ ലേറ്റര്‍ രീതി.


എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്‍ തുക തിരിച്ചടയ്ക്കുവാന്‍ ഉപയോക്താവിന് സാധിച്ചിട്ടില്ല എങ്കില്‍ അതിന് മേല്‍ പിഴ പലിശയും മെര്‍ച്ചന്റിന് നല്‍കേണ്ടതായി വരും. ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ എളുപ്പത്തില്‍ ബിഎന്‍പിഎല്‍ സേവനം സ്വന്തമാക്കുവാന്‍ സാധിക്കും. അതേ സമയം വിവേകപൂര്‍വ്വം ഉപയോഗിച്ചില്ല എങ്കില്‍ കടക്കെണിയിലേക്ക് വീഴാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പായി അപേക്ഷകന്റെ വായ്പാ മൂല്യം പരിശോധിച്ചതിന് ശേഷം മാത്രമാണ് കാര്‍ഡ് അനുവദിക്കാറ്. അതിനാല്‍ തന്നെ നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തികള്‍ക്ക് കാര്‍ഡ് അനുവദിക്കുകയുമില്ല. എന്നാല്‍ ബിഎന്‍പിഎല്‍ ലഭിക്കുന്നതിന് അത്തരം സങ്കീര്‍ണതകളൊന്നുമില്ല.

ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ കൂടുതല്‍ താത്പര്യത്തോടെ ബിഎന്‍പിഎല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ സ്വീകരിക്കുന്നുണ്ട്. പലപ്പോഴും പലിശ ഇല്ലാതെയോ കുറഞ്ഞ പലിശ നിരക്കിലോ ബിഎന്‍പിഎല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. സുതാര്യമായ പ്രക്രിയകളും, തത്സമയമുള്ള തീര്‍പ്പാക്കാലുകളും ബിഎന്‍പിഎല്‍ സേവനത്തെ കൂടുതല്‍ ജനകീയമാക്കുന്നു.

ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ഇടപാടുകളിലെ എളുപ്പവും സുതാര്യതയും അയവുമൊക്കെ ബിഎന്‍പിഎല്‍ സേവനത്തിന്റെ പ്രത്യേകതയാണ്. അതിനാല്‍ നിരവധി ഉപയോക്താക്കള്‍ പെയ്‌മെന്റ് ഓപ്ഷനായി ബിഎന്‍പിഎല്‍ തെരഞ്ഞെടുക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പതിയെ പുറകിലേക്ക് മാറുകയാണ്. കൂടാതെ ഉപയോക്താവിന് തന്റെ കാര്‍ഡ് വിവരങ്ങളോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ബിഎന്‍പിഎല്‍ സംവിധാനത്തില്‍ നല്‍കേണ്ടി വരുന്നില്ല. അത് സൈബര്‍ തട്ടിപ്പുകളില്‍ വിവര മോഷണത്തില്‍ നിന്നും ഉപയോക്താവിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

ബിഎന്‍പിഎല്‍ ഉപയോക്താവിന് അക്കൗണ്ട് ഹാക്കിംഗോ, ഫിഷിംഗോ ഒന്നും ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പരിധിയില്ല എന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.ഏത് വായ്പ ആയാലും യഥാസമയം തിരിച്ചടവ് നടത്തിയില്ലെങ്കില്‍ നമുക്ക് അത് തിരിച്ചടി നല്‍കും. തിരിച്ചടവ് മുടങ്ങിയാല്‍ നല്‍കേണ്ടി വരുന്ന അധിക ചാര്‍ജുകള്‍ പലപ്പോഴും വലിയ തുകയായിരിക്കും. അതെപ്പോഴും മനസ്സില്‍ ഓര്‍ക്കുക. ബിപിഎന്‍എല്‍ ജീവിത ചെലവുകള്‍ എളുപ്പമാക്കുമെങ്കിലും അത്തരമൊരു ഓപ്ഷന്‍ തിരഞ്ഞെടുക്കണമോയെന്ന കാര്യം രണ്ടാം വട്ടവും ചിന്തിക്കുന്നത് നന്നായിരിക്കും.

കാരണം ചെറിയ തുക ആയാലും വലിയ തുക ആയാലും കടമെടുക്കുന്നത് ബാധ്യതയാണ്. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ബിപിഎന്‍എല്‍ പരിഗണിക്കാം. അതേസമയം കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരട്ടി ഭാരമാണ് ചുമക്കേണ്ടി വരിക. എന്നാല്‍ യഥാസമയം പണം തിരിച്ചടക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ളിടത്തോളം കാലം ഈ ഓപ്ഷന്‍ വളരെയധികം പ്രയോജനകരമാണ്.

ബൈ നൗ പേ ലേറ്റര്‍ പ്ലാറ്റ്ഫോമായ സെസ്റ്റ്മണി നടത്തിയ സര്‍വേയില്‍ ഈ വര്‍ഷം മാര്‍ച്ച്-മേയ് കാലയളവില്‍ കണ്‍സ്യമൂര്‍ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷത്തെകാലയളവിനേക്കാള്‍ 200 ശതമാനം വര്‍ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബൈ നൗ പേ ലേറ്റര്‍ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം മാര്‍ച്ച്-മേയ് കാലയളവില്‍ അഞ്ചു മടങ്ങ് വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍. ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍, എഡ്ടെക്, ഫാഷന്‍, ഹോംഡെക്കര്‍ തുടങ്ങിയവയാണ് പ്രധാനമായും ഇത്തരത്തില്‍ വിറ്റുപോകുന്നത്. ഇ കൊമേഴ്സ് ഇടപാടുകളില്‍ 200 ശതമാനം വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ബിഎന്‍പിഎല്‍ ഇടപാടുകളില്‍ കൂടുതലും ബാംഗളൂര്‍, ന്യൂഡല്‍ഹി, മുംബൈ തുടങ്ങി മെട്രോ നഗരങ്ങളിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.