- Trending Now:
രാജ്യത്തെ ഏറ്റവും പുതിയതും അതിവേഗം വളരുന്നതുമായ എയർലൈനായ ആകാശ എയർ വിപുലീകരണത്തിന് ഒരുങ്ങുന്നുന്നു. ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ തയാറെടുക്കുന്ന ആകാശ എയർ വലിയ നിയമനങ്ങൾ നടത്താനും പദ്ധതിയിടുന്നു.
ഈ സാമ്പത്തിക വർഷത്തിൽ നിലവിലെ തൊഴിലാളികളെ 1.5 മടങ്ങായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ, നൂറിൽ കൂടുതൽ വിമാനങ്ങൾ വാങ്ങാനും പദ്ധതിയുണ്ട്. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയർ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈൻ കൂടിയാണ്.
ഏഴ് മാസങ്ങൾക്ക് മുമ്പാണ് ആകാശ എയർ അതിന്റെ കന്നി പറക്കൽ നടത്തിയത്. തുടർന്ന് അതിവേഗ വളർച്ചയാണ് ഉണ്ടായത്. ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നു.
ആകാശ എയർ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 19 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോർട്ട്. അടുത്ത മാസം 20-ാമത്തെ വിമാനം കൂടി ലഭിച്ചു കഴിഞ്ഞാൽ വിദേശത്തേക്ക് പറക്കാനുള്ള യോഗ്യത ലഭിക്കും. ആകാശ എയർ പ്രതിദിനം 110 സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ ആകാശയ്ക്ക് 2,000 ജീവനക്കാരുമുണ്ട്. ഈ വർഷം ഏകദേശം 1,000 പേരെ കൂടി നിയമിക്കാൻ പദ്ധതിയിടുന്നു.
ഞങ്ങൾക്ക് ഇന്ന് 2,000-ത്തിലധികം ജീവനക്കാരുണ്ട്, സാമ്പത്തിക വർഷാവസാനത്തോടെ, ഇത് 3,000-ത്തിലധികമാക്കി ഉയർത്തും.അതിൽ ഏകദേശം 1,100 പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും ഉണ്ടാകുമെന്ന് ആകാശ എയറിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു. വേനൽക്കാലം അവസാനത്തോടെ ആകാശ എയർ പ്രതിദിനം 150 വിമാനങ്ങൾ സർവീസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.