Sections

ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയർ ഇന്ത്യ

Thursday, Dec 12, 2024
Reported By Admin
Air India Introduces Vistara Stream In-Flight Entertainment on Small Aircraft

കൊച്ചി: വിമാന യാത്രക്കാർക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇൻഫ്ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയർ ഇന്ത്യ. നേരത്തെ എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിൽ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.

ഇനി മുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ കൈവശമുള്ള മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം.

എയർ ഇന്ത്യയെ ഒരു ലോകോത്തര നിലവാരത്തിലുള്ള എയർലൈനായി ഉയർത്തുന്നതിന്റെ ഭാഗമായി ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ഡോഗ്ര പറഞ്ഞു. ചെറുമാനങ്ങളുടെ നിരയിലെ ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളിൽ തടസമില്ലാത്ത വിനോദം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോളിവുഡ് - ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററുകൾ, ഡോക്യുമെന്ററികൾ, പാട്ടുകൾ, കുട്ടികൾക്കുള്ള പരിപാടികൾ തുടങ്ങി 1600 ലധികം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഉള്ളടക്കങ്ങളാണ് വിസ്ത സ്ട്രീമിലുള്ളത്. തത്സമയ ഫ്ളൈറ്റ് ട്രാക്കിങ്ങും ഇതിലൂടെ സാധ്യമാണ്. വിസ്ത സ്ട്രീം ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ്, മാക് ഓഎസ് എന്നീ പ്ലാറ്റ്ഫോമുകളിലുള്ള ഡിവൈസുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.