- Trending Now:
കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പ്, അതിൻറെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള പ്രവർത്തന സംയോജനവും നിയമപരമായ ലയനവും പൂർത്തിയാക്കി. 2024 ഒക്ടോബർ 1-ന് ഗ്രൂപ്പിൻറെ ലോ കോസ്റ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ് (മുമ്പ് എയർ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂർത്തിയായിരുന്നു.
ഏകീകൃത എയർ ഇന്ത്യ ഗ്രൂപ്പ് ഇപ്പോൾ 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 312 റൂട്ടുകളിലായി ആഴ്ചയിൽ 8,300 ലധികം സർവീസുകൾ നടത്തും.
പുതിയ ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ 5,600 ലധികം സർവീസുകൾ നടത്തും. എയർലൈനിന് പ്രതിദിനം 120,000-ത്തിലധികം യാത്രക്കാരുണ്ടാകും. കൂടാതെ 75-ലധികം കോഡ്ഷെയർ, ഇൻറർലൈൻ പങ്കാളികൾ വഴി ലോകത്തെമ്പാടുമായുള്ള 800 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലമായ കണക്റ്റിവിറ്റി ലഭ്യമാക്കാനും കഴിയും.
പൂർണ്ണ സേവന ലയനത്തിനുള്ള തയ്യാറെടുപ്പ് രണ്ട് വർഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. വിസ്താരയിൽ നിന്ന് 6,000 ത്തിലധികം ജീവനക്കാരെ പുതിയ ഓർഗനൈസേഷൻ ഘടനയിലേക്ക് ചേർത്തു. 4,000 ലധികം വെണ്ടർ കരാറുകൾ ഏകീകരിക്കുകയും 270,000 ഉപഭോക്തൃ ബുക്കിംഗുകൾ മൈഗ്രേറ്റ് ചെയ്യുകയും 4.5 ദശലക്ഷം ക്ലബ് വിസ്താര ഫ്രീക്വൻറ് ഫ്ലൈയർ അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ പുനർരൂപകൽപ്പന ചെയ്ത ഫ്രീക്വൻറ് ഫ്ലൈയർ പ്രോഗ്രാമായ മഹാരാജ ക്ലബിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ലയനങ്ങളുടെ അഭൂതപൂർവമായ സ്വഭാവവും സങ്കീർണ്ണതകൾക്കുമൊപ്പം ഗ്രൂപ്പിൻറെ വിപുലീകരണവും പരിവർത്തന പരിപാടികളും പരിഗണിച്ച്, ഈ മുഴുവൻ പ്രക്രിയയെയും പിന്തുണയ്ക്കുകയും നിരീക്ഷിക്കുകയും ചെയ്ത ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. ലയനത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, ഒന്നിലധികം അന്താരാഷ്ട്ര റെഗുലേറ്റർമാർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന പങ്കാളികൾ എന്നിവരിൽ നിന്നും പിന്തുണ ലഭിച്ചു.
എയർ ഇന്ത്യയുടെയും വിസ്താരയുടെയും ലയനം എയർ ഇന്ത്യ ഗ്രൂപ്പിൻറെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയുടെ ഏകീകരണവും പുനർനിർമ്മാണ ഘട്ടവും പൂർത്തിയാക്കുന്നുവെന്നും അതിനാൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാംബെൽ വിൽസൺ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി, ആളുകൾ, ആസ്തികൾ, പ്രവർത്തനങ്ങൾ, ഏറ്റവും പ്രധാനമായി, ഉപഭോക്താക്കൾ എന്നിവയുടെ പരിവർത്തനം കഴിയുന്നത്ര തടസ്സരഹിതമാണെന്ന് ഉറപ്പാക്കാൻ നാല് എയർലൈനുകളിലുടനീളമുള്ള ടീമുകൾ ഒരുമിച്ചും മറ്റ് പങ്കാളികളുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. സമഗ്രമായ പരിവർത്തനത്തിന് നേതൃത്വം നൽകുകയും നൂറിലധികം അധിക വിമാനങ്ങൾ ഓപ്പറേറ്റിംഗ് ഫ്ലീറ്റിലേക്ക് ചേർക്കാൻ പിന്തുണയ്ക്കുകയും ചെയ്ത ഞങ്ങളുടെ സ്റ്റാഫിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു. ഒപ്പം ഒരു ഇന്ത്യൻ ഹൃദയമുള്ള ലോകോത്തര ആഗോള എയർലൈൻ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത ഫുൾ സർവീസ് എയർലൈൻ എയർ ഇന്ത്യ എന്ന പേരിൽ 'എഐ' എന്ന എയർലൈൻ കോഡ് ഉപയോഗിച്ച് സർവീസ് നടത്തും. ലയനത്തിന് ശേഷം വിസ്താര വിമാനങ്ങൾ വിസ്താര ക്രൂവും സേവനങ്ങളുമായി എയർ ഇന്ത്യ പ്രവർത്തിപ്പിക്കും. വിസ്താര വിമാനങ്ങൾ '2' എന്ന അക്കത്തിൽ ആരംഭിക്കുന്ന നാല് അക്ക ഫ്ലൈറ്റ് നമ്പർ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും (ഉദാഹരണത്തിന് യുകെ 955 എഐ 2955 ആയി മാറും).
വിസ്താരയിൽ 49 ശതമാനം ഓഹരി കൈവശം വച്ചിരുന്ന സിംഗപ്പൂർ എയർലൈൻസ്, ലയനത്തെ തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പിൽ 25.1 ശതമാനം ഓഹരികളുടെ ഉടമയായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.