Sections

ബഹുഭാഷാ സേവനത്തിലൂടെ മെച്ചപ്പെട്ട സേവനമൊരുക്കി എയർ ഇന്ത്യ

Wednesday, Aug 28, 2024
Reported By Admin
Air India Multi-Language IVR System

മലയാളം ഉൾപ്പടെ ഏഴ് ഇന്ത്യൻ ഭാഷകളിൽ കൂടി ഉപയോക്തൃ സേവനം നൽകുന്ന ആദ്യ എയർലൈൻ


കൊച്ചി: യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മലയാളം, കന്നട, തമിഴ്, മറാത്തി, തെലുങ്ക്, ബെംഗാളി, പഞ്ചാബി ഭാഷകളിൽ പ്രവർത്തിക്കുന്ന ഐവിആർ സേവനമൊരുക്കി എയർ ഇന്ത്യ. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെയാണ് 7 പ്രാദേശിക ഭാഷകളിലേക്ക് കൂടി വിമാന കമ്പനിയുടെ സേവനം വ്യാപിപ്പിക്കുന്നത്. പ്രാദേശിക ഭാഷകളിലുള്ള സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 11 വരെ ലഭ്യമാണ്.

വ്യത്യസ്ഥ ഭാഷകളുള്ള ഇന്ത്യയിൽ ഒൻപത് ഭാഷകൾ സംയോജിപ്പിച്ചുള്ള സേവനം നൽകുന്നതിലൂടെ യാത്രക്കാരോട് അവരുടെ മാതൃഭാഷയിൽ ആശയ വിനിമയം നടത്താനും മെച്ചപ്പെട്ട സേവനം നൽകാനുമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. 'ഇന്ത്യൻ ഹൃദയമുള്ള ആഗോള എയർലൈൻ' എന്ന വിമാന കമ്പനിയുടെ കാഴ്പ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് എയർ ഇന്ത്യയുടെ ഈ ബഹുഭാഷാ പിന്തുണ. ഐവിആറിലേക്ക് വിളിക്കുന്നയാളുടെ മൊബൈൽ നെറ്റ്വർക്കിനെ അടിസ്ഥാനമാക്കി സ്വയമേ ഭാഷ തിരിച്ചറിയാവുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികകല്ലാണ് ഇന്ത്യൻ ഭാഷകളിലെ ഈ ബഹുഭാഷാ പിന്തുണയെന്ന് എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാഗേഷ് ഡോഗ്ര പറഞ്ഞു. യാത്രക്കാർക്ക് ഈയൊരു സേവനം നൽകുന്നതിലൂടെ ഞങ്ങളുടെ പരിധി വർധിപ്പിക്കുന്നതിനപ്പുറം അവരുമായുള്ള ബന്ധം ശാക്തീകരിക്കാനും എയർ ഇന്ത്യയുമായുള്ള ജനങ്ങളുടെ ബന്ധം പരിചിതപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയം, പതിവ് യാത്രക്കാർക്ക് മുഴുവൻ സമയ സഹായം ഉറപ്പാക്കുന്നതിനായി അടുത്തിടെ എയർ ഇന്ത്യ അഞ്ച് പുതിയ കോണ്ടാക്ട് സെൻററുകളും തുറന്നിട്ടുണ്ട്. കൂടാതെ ഇ-മെയിലുകൾ, സോഷ്യൽ മീഡിയ, ഇൻ ഹൗസ് ചാറ്റ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി സമഗ്രമായൊരു ബാക്ക് ഓഫീസ് സംവിധാനവും എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.