Sections

കൊച്ചിയിൽ ഡിജിറ്റൽ ഇന്നൊവേഷൻ സെന്ററുമായി എയർ ഇന്ത്യ

Saturday, Mar 22, 2025
Reported By Admin
Air India Inaugurates Digital Innovation Centre in Kochi to Enhance AI-Powered Passenger Experience

കൊച്ചി: മുൻനിര വിമാനകമ്പനിയായ എയർ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റൽ ഇന്നൊവേഷൻ കേന്ദ്രം എയർ ഇന്ത്യ ചെയർമാൻ കൂടിയായ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ടച്ച് പോയിന്റ് സാങ്കേതികവിദ്യകളും അത്യാധുനിക ഡാറ്റ, നിർമിത ബുദ്ധി സൗകര്യങ്ങളും വികസിപ്പിച്ച് എയർ ഇന്ത്യയെ ആധുനിക- ലോകോത്തര നിലവാരത്തിലുള്ള എയർലൈൻ ആക്കുന്നതിൽ ഈ കേന്ദ്രം ശ്രദ്ധ പതിപ്പിക്കും.

ഇന്നത്തെ സാഹചര്യത്തിൽ നിർമിത ബുദ്ധിയുടെ പിൻബലത്തോടെയുള്ള മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം എയർ ഇന്ത്യയുടെ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവങ്ങൾ നൽകുന്ന ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന് പറഞ്ഞു. യാത്രക്കാർക്ക് സ്വയം ഉപയോഗിക്കാവുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളെ വികസിപ്പിച്ചെടുക്കാൻ കഴിയണമെന്നും എയർ ഇന്ത്യയിലെ യാത്രക്കാരുടെ ആവശ്യങ്ങൾ മുൻകൂട്ടി പ്രതീക്ഷിക്കാനും അവ നിറവേറ്റാനും കഴിയുന്നവയായിരിക്കണം ഡിജിറ്റൽ അസിസ്റ്റന്റുകളെന്നും അദ്ദേഹം പറഞ്ഞു.

എയർ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ കാംപ്ബെൽ വിൽസൺ, ചീഫ് ഡിജിറ്റൽ ആന്റ് ടെക്നോളജി ഓഫിസർ ഡോ. സത്യ രാമസ്വാമി, ഗവർണൻസ് റെഗുലേറ്ററി കോംപ്ലിയൻസ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് മേധാവി പി ബാലാജി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി ഇൻഫോപാർക്ക് ഫെയ്സ് രണ്ടിലെ കാസ്പിയൻ ടെക്പാർക്ക്സിലാണ് എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഒൻപത് നിലകളിലായി വർക്ക് സ്റ്റേഷനുകൾ, മീറ്റിങ് റൂമുകൾ, കൊളാബറേഷൻ സ്പെയ്സുകൾ, ചർച്ചാ കാബിനുകൾ തുടങ്ങിയവയാണുള്ളത്. ബോധി ട്രീ എന്ന പേരിലാണ് ഡിസൈൻ കൊളാബറേഷൻ മേഖല. തിരുവിതാംകൂർ, വേണാട്, കൊച്ചി, വള്ളുവനാട്, ഏറനാട്, കോഴിക്കോട്, അറക്കൽ, കോട്ടയം, ചിറക്കൽ എന്നിങ്ങനെ കേരളത്തിലെ വിവിധ പഴയ രാജവംശങ്ങളുടെ പേരുകളാണ് വിവിധ നിലകൾക്ക് നൽകിയിട്ടുള്ളത്.

എയർ ഇന്ത്യ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, ആഗോള എയർലൈൻ വ്യവസായ മേഖലയിലെ ആദ്യ ജെൻ എഐ ചാറ്റ്ബോട്ടായ എയർ ഇന്ത്യയുടെ ജനറേറ്റീവ് എഐ ചാറ്റായ എഐ.ജി., ഇൻഫ്ളൈറ്റ് വിനോദ സംവിധാനങ്ങൾ, നോട്ടിഫിക്കേഷനുകൾ തുടങ്ങി നിരവധി ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഡിജിറ്റൽ ഇന്നൊവേഷൻ കേന്ദ്രങ്ങൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നൂതന സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ സഹായിക്കുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംപ്ബെൽ വിൽസൺ പറഞ്ഞു. ഡിജിറ്റൽ ടച്ച് പോയിന്റുകളിലൂടെയും നിർമിത ബുദ്ധി പോലുള്ള സംവിധാനങ്ങളിലൂടെയും എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ തങ്ങളുടെ അതിഥികളുടെ അനുഭവങ്ങൾ വരും കാലങ്ങളിൽ കൂടുതൽ മികച്ചതാക്കുമെന്ന് എയർ ഇന്ത്യ ചീഫ് ഡിജിറ്റൽ ആന്റ് ടെക്നോളജി ഓഫിസർ ഡോ. സത്യ രാമസ്വാമി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.