- Trending Now:
കൊച്ചി: അവസാന നിമിഷം തീരുമാനമാകുന്ന യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്നും യാത്രക്കാർക്ക് പരിരക്ഷ നൽകുന്നതിനായി ഫെയർ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രാതീയതി അടുത്ത വരുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകുന്നതാണ് ഈ സേവനം.
യാത്രാ തീയതിക്ക് എത്ര നേരത്തേ വേണമെങ്കിലും അപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോക്ക് ചെയ്ത് വെയ്ക്കാനുള്ള സൗകര്യമാണ് ഇതു വഴി യാത്രക്കാർക്ക് ലഭിക്കുന്നത്. ഈ നിരക്ക് അടുത്ത 7 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരും. ലോക്ക് ചെയ്യുന്നതിനായി ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന് 500 രൂപയും മാത്രമാണ് നൽകേണ്ടത്. ഏഴു ദിവസം വരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലോക്ക് ചെയ്യാനും അതേ നിരക്കിൽ യാത്ര ചെയ്യാനും അവസരമൊരുക്കുന്നതാണ് ഫെയർ ലോക്ക് സംവിധാനം. കോഡ് ഷെയർ ബുക്കിംഗുകൾ ഒഴികെയുള്ള എല്ലാ ടിക്കറ്റ് നിരക്കുകൾക്കും www.airindiaexpress.com എന്ന എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ലഭ്യമാണ്.
ടിക്കറ്റ് നിരക്ക് വർധനവിൻറെ ആശങ്കയില്ലാതെ യാത്രകൾ ചിട്ടപ്പെടുത്താൻ ഫെയർ ലോക്ക് സേവനം യാത്രക്കാരെ പ്രാപ്തരാക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. എയർലൈൻ എന്ന നിലയിൽ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സമീപനത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ഫെയർ ലോക്ക് സേവനത്തിലൂടെ ഞങ്ങളുടെ യാത്രികർക്ക് വിമാന നിരക്ക് കൂടുന്നതിന് മുമ്പുള്ള നിരക്കിൽ തന്നെ അവരുടെ യാത്രകൾ സാധ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസിൻറെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ബുക്ക് ചെയ്യുന്ന ലോയൽറ്റി അംഗങ്ങൾക്ക് 8 ശതമാനം വരെ ന്യൂകോയിൻസിന് പുറമേ പ്രത്യേക കിഴിവും ഡീലുകളും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമെ വിദ്യാർത്ഥികൾ, മുതിർന്ന പൗരർ, ചെറുകിട- ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും ലഭിക്കും. ചെക്ക്-ഇൻ- ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായി സാധാരണയേക്കാളും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്ന എക്സ്പ്രസ് ലൈറ്റ് നിരക്കുകളും അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.