- Trending Now:
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻറെ വെബ്സൈറ്റിലൂടെയോ (airindiaexpress.com) മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസിൻറെ 19-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഈ ഓഫർ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ ലഭ്യമാണ്.
യുവാക്കളിലെ ജനാധിപത്യ ബോധത്തെ വളർത്താനും രാജ്യത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ പങ്കാളികളാക്കാനുമുള്ള തങ്ങളുടെ പ്രതിബന്ധതയുടെ ഭാഗമാണ് 19-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 'വോട്ട് അസ് യൂ ആർ' കാമ്പയിനെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഡോ.അങ്കുർ ഗാർഗ് പറഞ്ഞു. ഈ സംരംഭത്തിലൂടെ കന്നി വോട്ടർമാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകുന്നതിൽ അവരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ചെന്നൈ, ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, മംഗലാപുരം, ഹൈദരാബാദ്, ഗോവ, തിരുച്ചിറപ്പള്ളി, മധുര, പൂനെ, സൂറത്ത്, വാരണാസി, വിജയവാഡ, വിശാഖപട്ടണം, അമൃത്സർ, അയോധ്യ, ബാഗ്ഡോഗ്ര, ഭുവനേശ്വർ, ഗുവാഹത്തി, ഗ്വാളിയോർ, ഇംഫാൽ, ഇൻഡോർ, ജയ്പൂർ, ലഖ്നൗ, റാഞ്ചി, ശ്രീനഗർ എന്നിങ്ങനെ 31 കേന്ദ്രങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഗൾഫിലെ 13 നഗരങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് പുതുതായി അവതരിപ്പിച്ച ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങളും ഗൊർമേർ ഭക്ഷണവും മുൻഗണന സേവനങ്ങളും ലഭിക്കുന്ന എക്സ്പ്രസ് ബിസ് എന്നീ നാല് നിരക്കുകളിലും കന്നി വോട്ടർമാർക്കുള്ള ഈ ഓഫർ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.