Sections

കൂടുതൽ സ്ഥലങ്ങളിലേക്ക് അനായാസം പറക്കാം: എയർ ഇന്ത്യ എക്സ്പ്രസ് സ്കൂട്ടുമായി ചേർന്ന് വെർച്വൽ ഇൻറർലൈൻ ആരംഭിച്ചു

Wednesday, Aug 07, 2024
Reported By Admin
AIR INDIA EXPRESSLAUNCHES VIRTUAL INTERLINE PLATFORM WITH SCOOT AS FIRST PARTNER

കൊച്ചി: വിമാന യാത്രക്കാർക്ക് കൂടുതൽ സർവീസുകളും ബുക്കിംഗ് സൗകര്യങ്ങളും നൽകുന്ന രാജ്യത്തെ ആദ്യ വെർച്വൽ ഇൻറർലൈൻ - എഐഎക്സ് കണക്ട് അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സിംഗപ്പൂർ ആസ്ഥാനമായുള്ള സ്കൂട്ട് എയർലൈനുമായി ചേർന്നാണ് വെർച്വൽ ഇൻറർലൈൻ സംവിധാനം ഒരുക്കുന്നത്. ഇതോടെ രണ്ട് വ്യത്യസ്ഥ വിമാന കമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഫ്ളൈറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് airindiexpress.com വെബ്സൈറ്റിൽ നിന്നും അനായാസം ബുക്ക് ചെയ്യാം. യാത്രയുടെ ഒരു ഘട്ടം എയർ ഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയർലൈനായ സ്കൂട്ട് എയർലൈൻ പ്രവർത്തിപ്പിക്കുന്ന കണക്റ്റിംഗ് ഫ്ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും. വെർച്വൽ ഇൻറർലൈൻ സൗകര്യം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്.

പ്രമുഖ ട്രാവൽ സൊല്യൂഷൻസ് ടെക്നോളജി കമ്പനിയായ ഡോഹോപ്പുമായി സഹകരിച്ചാണ് വെർച്വൽ ഇൻറർലൈനായ എഐഎക്സ് കണക്ട് വികസിപ്പിച്ചിട്ടുള്ളത്. സ്കൂട്ട് എയർലൈനുമായുള്ള ഈ സഹകരണത്തോടെ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങി 60 ഓളം സ്ഥലങ്ങളിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. 32 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 380 വിമാന സർവീസുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് ശൃംഖലയെ ഈ പുതിയ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാലി, ഹോ ചി മിൻ സിറ്റി, ഹോങ്കോംഗ്, ഇഞ്ചിയോൺ, മെൽബൺ, പെനാങ്, ഫൂക്കറ്റ്, സിഡ്നി എന്നിവിടങ്ങളിലേക്കോ ദോഹ, ദുബായ്, കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ വഴി സിംഗപ്പൂരിലേക്കോ ഇനി മുതൽ അനായാസം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസിൻറെ വിപുലീകരണത്തിൻറെ ഭാഗമായി വിവിധ അന്താരാഷ്ട്ര എയർലൈനുകളുമായി ചേർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇതിലൂടെ സാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ വെർച്വൽ ഇൻറർലൈൻ വഴി യാത്രാവിവരങ്ങൾ ബുക്ക് ചെയ്യാനും ട്രാൻസിറ്റ് എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ ചെയ്യാനും സാധിക്കും. ഫ്ലൈറ്റ് താമസിച്ചാലോ റദ്ദാക്കിയാലോ തെറ്റായ കണക്ഷൻ ഫ്ളൈറ്റുകളിൽ നിന്ന് യാത്രക്കാർക്ക് സംരക്ഷണം നൽകാനും വെർച്വൽ ഇൻറർലൈൻ വഴി സാധിക്കും.

ആഭ്യന്തര- അന്താരാഷ്ട്ര വിപണികളിലുടനീളം എയർ ഇന്ത്യ എക്സ്പ്രസിൻറെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കിഴക്ക്- പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും പുതിയ ലക്ഷ്യസ്ഥാനങ്ങൾ തുറക്കുന്നതിനുമായി വെർച്വൽ ഇൻറർലൈൻ പങ്കാളിത്തത്തെ പ്രയോജനപ്പെടുത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കൂർ ഗാർഗ് പറഞ്ഞു. ഈ വെർച്വൽ ഇൻറർലൈനിലെ ആദ്യ എയർലൈൻ പങ്കാളിയായി സ്കൂട്ടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ എയർലൈനുകളെ ഇതിലേക്ക് ചേർക്കാനാണ് ഞങ്ങളുടെ ആഗ്രഹം. ഈയൊരു പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റാനും വിമാന ശ്യംഖല വിപുലീകരിക്കാനും സാധിക്കുമെന്നും അന്തർദ്ദേശീയ യാത്രക്കാരെ ആകർഷിച്ചു ഇന്ത്യയിൽ കൂടുതൽ ടൂറിസം കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ പ്ലാറ്റ്ഫോമിലൂടെ എയർ ഇന്ത്യ എക്സ്പ്രസിൻറെ ആദ്യ ഇൻറർലൈൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് സ്കൂട്ട് എയർലൈൻസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ കാൽവിൻ ചാൻ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ഇന്ത്യൻ യാത്രക്കാർക്ക് സിംഗപ്പൂരിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കൂടുതൽ ഫ്ളൈറ്റ് സൗകര്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.