Sections

ഒരേ വിമാനത്തിൽ 4 നിരക്കിൽ പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കുന്നു

Saturday, Mar 16, 2024
Reported By Admin
Air India Express

പുതിയ വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സൗകര്യവുമായി എയർ ഇന്ത്യ എക്സ്പ്രസ്


കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളിൽ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ് എന്നിവയ്ക്ക് പുറമേ എക്സ്പ്രസ് ബിസ് എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങൾ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയർലൈൻ പുതുതായി അവതരിപ്പിച്ചു. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള രീതിയിൽ പറക്കാനുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസിൻറെ പുതിയ വിമാനങ്ങളിലാണ് എക്സ്പ്രസ് ബിസ് എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ലെഗ്റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിംഗും എക്സ്പ്രസ് എഹഡ് മുൻഗണനാ സേവനങ്ങളും സൗജന്യ ഗൊർമേർ ഭക്ഷണവും എക്സ്പ്രസ് ബിസിൻറെ ഭാഗമായി യാത്രക്കാർക്ക് ലഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസിൻറെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തുല്യമായ എക്സ്പ്രസ് ബിസ് സേവനം ലഭ്യമാണ്. 58 ഇഞ്ച് അകലമുള്ള സീറ്റുകളായതിനാൽ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം ലഭിക്കും. വിമാനങ്ങളുടെ നിര വിപുലീകരിക്കുന്നതിൻറെ ഭാഗമായി നാല് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്.

എക്സ്പ്രസ് ബിസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ആഭ്യന്തര യാത്രകളിൽ 25 കിലോയും അന്താരാഷ്ട്ര യാത്രയിൽ 40 കിലോയുടേയും വർധിപ്പിച്ച ബാഗേജ് അവലൻസും ലഭിക്കും. എയർലൈൻ വെബ്സൈറ്റായ airindiaexpress.com-ലൂടെയോ എയർ ഇന്ത്യ എക്സ്പ്രസിൻറെ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇന്ത്യയിലെ 70ലധികം റൂട്ടുകളിൽ ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിൻറെ ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസുകളിലാണ് നിലവിൽ ബിസിനസ് ക്ലാസ് സീറ്റുകളുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.