- Trending Now:
കൊച്ചി: പുതിയ ബ്രാൻഡ് ഐഡൻറിറ്റിയുടെ ഭാഗമായി സങ്കീർണ്ണമായ കലംകാരി ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പുതിയ ടെയിൽ ആർട്ടോടുകൂടിയ എയർ ഇന്ത്യ എക്സ്പ്രസിൻറെ ബോയിംഗ് 737-8 വിമാനം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്തു. ഹൈദരാബാദിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ മേളയായ വിങ്സ് ഇന്ത്യ 2024 ൻറെ ഭാഗമായിട്ടായിരുന്നു പുതിയ ടെയിൽ പാറ്റേണോടു കൂടിയ ബോയിംഗ് 737-8 വിമാനത്തിൻറെ അനാവരണം സംഘടിപ്പിച്ചത്.
വിങ്സ് ഇന്ത്യ ഏവിയേഷൻ മേളയിൽ എയർ ഇന്ത്യ എക്സ്പ്രസിൻറെ നെറ്റ് വർക്ക്, ഇന്നൊവേഷൻ മേഖലകളിലെ വളർച്ച പ്രദർശിപ്പിച്ചിരുന്നു. മേളയുടെ ഭാഗമായി ഫ്ളയിംഗ് ഡിസ്പ്ലെ അവതരിപ്പിച്ച ഏക കൊമേഴ്സ്യൽ എയർലൈനും എയർഇന്ത്യ എക്സ്പ്രസാണ്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബ്രാൻഡ് ലോഞ്ചിൽ, 'പാറ്റേൺസ് ഓഫ് ഇന്ത്യ' എന്ന തീമിൽ പുതിയ വിമാനങ്ങളുടെ വേരിയബിൾ ടെയിൽ ഫിൻ ഡിസൈനിൻറെ സമകാലിക പതിപ്പ് എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിരുന്നു. പുരാണ കഥാപാത്രങ്ങൾ, ഇതിഹാസ രംഗങ്ങൾ, സസ്യ-ജന്തുജാലങ്ങൾ എന്നിവയുൾപ്പെടെ സങ്കീർണ്ണവും വിശദവുമായ രൂപങ്ങളാണ് കലംകാരി ശൈലിയിൽ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഫ്രീഹാൻഡ് ഡ്രോയിംഗിലോ ബ്ലോക്ക് പ്രിൻറിംഗിലോ ഉള്ള മികച്ച രൂപരേഖകളും വിശദാംശങ്ങളും കലംകാരി പാറ്റേണുകളിൽ ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസിൻറെ ഒൻപതാമത് ബോയിംഗ് 737-8 വിമാനമാണ് പുതിയ കലംകാരി ടെയിൽ പാറ്റേണോടുകൂടി എത്തുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ 41 ബോയിംഗ് 737-8 വിമാനങ്ങൾ കൂടി തങ്ങളുടെ നിരയിലേക്ക് ചേർക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ അതുല്യമായ ഊഷ്മളതയും സാംസ്കാരിക സമ്പന്നതയും ഉപയോഗിച്ച് ഏറ്റവും മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ശ്രമിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. രാജ്യത്തിൻറെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടെയിൽ ആർട്ടിലൂടെ ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് കലംകാരി പ്രമേയമാക്കിയ പുതിയ ബോയിംഗ് 737-8 വിമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.