- Trending Now:
കൊച്ചി: എയർ ഇന്ത്യയുടെ രണ്ടു സബ്സിഡിയറി എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിത ഉപഭോക്തൃ മുഖമായ എയർ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോം അവതരിപ്പിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ സന്ദർശകരുടെ കാര്യത്തിൽ വൻ വർധനവു രേഖപ്പെടുത്തി. പുതിയ വെബ്സൈറ്റിൽ സന്ദർശനങ്ങളുടെ കാര്യത്തിൽ 125 ശതമാനം വർധനവുണ്ടായി. ആദ്യ ദിനത്തിൽ തന്നെ അന്താരാഷ്ട്ര ഫ്ളൈറ്റ് വരുമാനത്തിൻറെ കാര്യത്തിൽ 25 ശതമാനത്തിലേറെയും ഈ സംവിധാനത്തിലൂടെ നേടി.
എയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാർ ബുക്കിങ്, റിസർവേഷൻ തുടങ്ങിയവയ്ക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോം എന്ന പുതിയ വെബ്സൈറ്റാണ് സന്ദർശിക്കുന്നത്. ഇരു എയർലൈനുകളുടേയും സംയോജനത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. എയർഏഷ്യ ഇന്ത്യയുടെ വെബ്സൈറ്റ് പ്ലാറ്റ്ഫോമിൽ ടാറ്റാ ഡിജിറ്റലിൻറെ പിന്തുണയോടെ ടാറ്റാ കൺസൾട്ടൻസി സർവീസസാണ് എയർ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോം വികസിപ്പിച്ചത്. മെച്ചപ്പെട്ട രീതിയിലെ ബുക്കിങ്, പിന്തുണ, സഞ്ചാര അനുഭവങ്ങൾ തുടങ്ങിയവയാണ് ഈ സംവിധാനത്തിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് ഉപഭോക്താക്കൾക്കു ലഭിക്കുന്നത്.
ഇരു എയർലൈനുകളുടേയും വാണിജ്യ സംവിധാനങ്ങൾ പൂർണമായി ഏകീകരിക്കുന്ന പൊതു റിസർവേഷൻ, ചെക്ക് ഇൻ സംവിധാനങ്ങളിലേക്കു കടക്കുന്നതിനു വഴിയൊരുക്കുന്നതാണ് പുതിയ വെബ്സൈറ്റിൻറെ അവതരണം. പൊതു റിസർവേഷൻ സംവിധാനം വിജയകരമായി അവതരിപ്പിച്ചതിനു ശേഷം എയർപോർട്ടുകളിലെ പൊതുവായ ചെക്ക് ഇൻ സംവിധാനത്തിലേക്കു കടക്കുന്നതിനാവും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര ടെർമിനലുകളിലും തുടർന്ന് വിദേശങ്ങളിലും ഇതു ഘട്ടം ഘട്ടമായി നടപ്പാക്കും.
എയർ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോമിലെ ബുക്കിങുകളിൽ ഏതാണ്ട് പകുതിയോളം അന്താരാഷ്ട്ര വിപണികളിൽ നിന്നാണ് വന്നത്. ദുബായ് ആണ് ഏറ്റവും കൂടുതൽ ട്രാഫിക് നൽകിയത്. അബുദാബി, ദോഹ, ഷാർജ, സിംഗപ്പൂർ തുടങ്ങിയവയായിരുന്നു പിന്നാലെ. ബെംഗലൂരു, ഡെൽഹി, മുംബൈ തുടങ്ങിയ മെട്രോ വിപണികളിൽ നിന്ന് ആഭ്യന്തര നെറ്റ് വർക്കുകളിലും ട്രാഫിക് ഉണ്ടായി.
സംയോജനത്തിൻറെ ഭാഗമായി ബ്രാൻഡ് കമ്യൂണിക്കേഷനും സപ്പോർട്ടും ട്വിറ്റർ, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ പൊതുവായ സാമൂഹ്യ മാധ്യമ ഹാൻഡിലുകളിലേക്കു മാറി. എല്ലാ ഇന്ത്യൻ എയർലൈനുകളിലും വച്ച് ഏറ്റവും ഉയർന്ന സോഷ്യൽ റെപ്യൂട്ടേഷൻ സ്കോർ ലഭിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിൻറെ സംയോജിത സാമൂഹ്യ മാധ്യമ ഹാൻഡിലുകൾക്കാണെന്ന് ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെൻറ് ടൂളുകൾ സൂചിപ്പിക്കുന്നു. ആധുനീക നിർമിത ബുദ്ധി അധിഷ്ഠിത സംവേദനങ്ങളും വിവിധ ഭാഷാ ചാറ്റ്ബോട്ടായ ടിയയും മുഴുവൻ സമയവും തടസങ്ങളില്ലാത്ത ഉപഭോക്തൃ പിന്തുണയാണ് പൊതു വാട്ട്സാപ് നമ്പർ, ഫെയ്സ്ബുക്ക് മെസഞ്ചർ, പൊതു വെബ്സൈറ്റ് എന്നിവയിലൂടെ നൽകിക്കൊണ്ടിരിക്കുന്നത്.
ഇതേ സംവിധാനത്തിൽ തന്നെയുള്ള ട്രാവൽ ഏജൻറ് പോർട്ടൽ വഴി കോർപറേറ്റ്, റീട്ടെയിൽ ട്രാവൽ ഏജൻറുമാർക്ക് സവിശേഷമായ സൗകര്യങ്ങളും നൽകുന്നു. ഓട്ടോമേറ്റഡ് ഫണ്ട് അപ് ലോഡ് സൗകര്യം, മാനുഷിക ഇടപെടൽ ഒഴിവാക്കൽ തുടങ്ങിയവയും ഇതിലുണ്ട്. പൂർണമായും ഓട്ടോമേറ്റഡ് ആയ ഈ സംവിധാനം നിരക്കുകൾ കണ്ടെത്തുന്നതു മുതൽ ചർച്ചകൾ നടത്തുന്നതു വരെ സാധ്യമാക്കി ട്രാവൽ ഏജൻറുമാർക്ക് വ്യക്തിഗത, ഗ്രൂപ് ബുക്കിങുകൾ ലളിതമായി കൈകാര്യം ചെയ്യാൻ അവസരമൊരുക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രസിൻറേയും എയർഏഷ്യ ഇന്ത്യയുടേയും സംയോജനത്തിൻറെ ആദ്യഘട്ടം റെക്കോർഡ് സമയത്തിനുള്ളിൽ മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. ആധുനീക സാങ്കേതികവിദ്യയിലേക്കു തങ്ങൾ വിജയകരമായി കടന്നു കഴിഞ്ഞു. പുതിയ വെബ്സൈറ്റിനു തുടക്കത്തിലേ ലഭിച്ച പ്രതികരണം തങ്ങൾക്ക് ഏറെ ആവേശം പകരുന്നു. എയർഇന്ത്യ നെറ്റ് വർക്ക് കൂടുതൽ ശക്തമാക്കാനുളള തങ്ങളുടെ ലക്ഷ്യത്തിന് സംയോജിത ഉപഭോക്തൃ അനുഭവങ്ങൾ ഏറെ സഹായകമാണ്. സവിശേഷമായ കൂടുതൽ സൗകര്യങ്ങളും സംയോജിത സേവനങ്ങളും വഴി കൂടുതൽ ഉയർന്ന തലത്തിലുള്ള അനുഭവങ്ങൾ നൽകാനും ഉപഭോക്താക്കളുടെ മനസിലെ തങ്ങളുടെ സ്ഥാനം ഉയർത്താനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർഏഷ്യ ഇന്ത്യ രാജ്യത്തെ 19 കേന്ദ്രങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യൻ പട്ടണങ്ങളിൽ നിന്ന് 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുമാണ് ഇപ്പോൾ പറക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.