- Trending Now:
കൊച്ചി: ഇന്ത്യയിൽ നിന്നും ഗൾഫ് - സിംഗപ്പൂർ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവൻസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 7 കിലോ സൗജന്യ ഹാൻഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളിൽ നിന്നും ഗൾഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സർവീസുകളുമുണ്ട്.
ചെക്ക് - ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് സാധാരണയിലും കുറഞ്ഞ നിരക്കിൽ മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജോടു കൂടി എക്സ്പ്രസ് ലൈറ്റ് വിഭാഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ ലഗേജുള്ള എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ വരെയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോ വരെയും കുറഞ്ഞ നിരക്കിൽ ചെക്ക്- ഇൻ ബാഗേജ് ബുക്ക് ചെയ്യാം.
ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് 40 കിലോ ബാഗേജ് അലവൻസ് ലഭിക്കും. 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള റിക്ലൈനർ സീറ്റുകളാണ് ബിസ് ക്ലാസ്സിലുള്ളത്. ഗോർമേർ ഭക്ഷണവും എക്സ്പ്രസ് എഹെഡ് ചെക്ക്- ഇൻ, ബോർഡിങ് എന്നിവയിൽ മുൻഗണനയും ലഭിക്കും.
ചെക്ക് - ഇൻ ബാഗേജിന് പുറമെ രണ്ട് ബാഗുകളിലായി ഏഴു കിലോയിൽ അധികരിക്കാത്ത ഹാൻഡ് ബാഗേജും സൗജന്യമായി കൊണ്ടുപോകാം. മുൻപിലെ സീറ്റിന് അടിയിൽ ഇരിക്കുന്ന വിധം 40*30*10 സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള ലാപ്ടോപ് ബാഗ്, ഹാൻഡ് ബാഗ്, ബാക്ക് പാക്ക് തുടങ്ങിയവയും കൊണ്ടു പോകാം.
കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോ അധിക ചെക്ക് - ഇൻ ബാഗേജ് സൗജന്യമായി ലഭിക്കും. ഇതോടെ കുഞ്ഞിനും മുതിർന്ന ആൾക്കുമായി 7കിലോ ക്യാബിൻ ബാഗേജ് ഉൾപ്പെടെ 47 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം.
കൂടുതൽ ക്യാബിൻ ബാഗേജ് ആവശ്യമുള്ളവർക്കായി എക്സ്ട്രാ ക്യാരി ഓൺ സേവനങ്ങളും എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി മൂന്നു മുതൽ 5 കിലോ വരെ അധിക ക്യാബിൻ ബാഗേജ് കൊണ്ടുപോകാൻ സാധിക്കും. 56*36*23 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള സംഗീത ഉപകരണങ്ങൾ സൗജന്യമായി കൊണ്ടുപോകാം. ഇതിലും വലുതും എന്നാൽ 75 കിലോയിൽ താഴെയുള്ള സംഗീതോപകരണങ്ങൾ കൊണ്ടുപോകാൻ അധികമായി ഒരു സീറ്റ് ബുക്ക് ചെയ്യാനും അവസരമുണ്ട്. പ്രത്യേകം ബുക്ക് ചെയ്തും ഇവ കൊണ്ടു പോകാം.
കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം വർദ്ധനവോടെ പ്രതിദിനം 400 വിമാന സർവ്വീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. തായ്ലൻഡിലെ ബാങ്കോക്ക്, ഫുക്കറ്റ് ഉൾപ്പെടെ 50ലധികം ഇടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകളുള്ളത്. ഈ സാമ്പത്തിക വർഷം 100 വിമാനങ്ങൾ ആയി എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ലീറ്റ് വളരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.