- Trending Now:
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് നിർവഹിച്ചു. ഈ മാസം ആദ്യം എയർ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സർവീസ് ആരംഭിച്ച ഹിൻഡൻ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സർവീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡൽഹി, ഹിൻഡൻ എന്നീ രണ്ട് വിമാനത്താവളങ്ങളിൽ നിന്നും സർവീസ് നടത്തുന്ന ഏക വിമാന കമ്പനി എയർ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയിൽ 445ലധികം വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബാംഗ്ലൂർ. 100-ാമത് വിമാനത്തിൽ കർണാടകയുടെ പരമ്പരാഗത ചുവർചിത്ര കലയായ ചിത്താര ടെയിൽ ആർട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
100-ാമത്തെ വിമാനത്തിന്റെ വരവ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വളർച്ചയുടേയും മാറ്റത്തിന്റേറെയും സുപ്രധാന നാഴികകല്ലാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. സ്വകാര്യവത്ക്കരണം പൂർത്തിയായി മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ മറ്റൊരു ലോ കോസ്റ്റ് എയർലൈനുമായുള്ള ലയനം, ആഭ്യന്തര, ഗൾഫ്, തെക്ക് കിഴക്കൻ മേഖലകളിലെ കൂടുതൽ വിമാന സർവീസുകൾ, കൂടുതൽ ഇന്ധന ക്ഷമതയുള്ളതും ആധുനികവുമായ വിമാനങ്ങൾ വാങ്ങുന്നത് ഉൾപ്പടെയുള്ളവ നടപ്പാക്കാനായി. രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള തങ്ങളുടെ ശക്തമായ സാന്നിധ്യം ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022 ജനുവരിയിൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതൽ അതിവേഗ വളർച്ചയും നവീകരണവുമാണ് എയർ ഇന്ത്യ എക്സ്പ്രസിലുണ്ടായത്. 26 ബോയിംഗ് 737എൻജി, 28 എ320 വിമാനങ്ങളിൽ നിന്നും ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയർന്നു. അതിവേഗ വിപുലീകരണത്തിന്റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂർ, ഹിൻഡൺ, ജമ്മു, പാട്ന, ഫുക്കറ്റ്, പോർട്ട് ബ്ലെയർ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
ആധുനിക വിമാനങ്ങൾക്കും കൂടുതൽ സർവീസുകൾക്കും ഉപരിയായി ഗോർമേർ ഭക്ഷണം, എക്സ്പ്രസ് ബിസ് സീറ്റുകൾ, താമസം-യാത്രാ പാക്കേജുകൾക്കായി എക്സ്പ്രസ് ഹോളിഡേയ്സ് തുടങ്ങി 'ഫ്ളൈ അസ് യു ആർ' എന്ന ആശയത്തിലൂന്നിയുള്ള സേവനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് ലഭ്യമാക്കുന്നത്. ക്യാബിൻ ലഗേജ് മാത്രമുള്ള യാത്രക്കാർക്ക് എക്സ്പ്രസ് ലൈറ്റ് ഉൾപ്പടെ നാല് വ്യത്യസ്ത നിരക്കുകളും എയർ ഇന്ത്യ എക്സ്പ്രസിലുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ പുതിയ വിമാനത്തിലും കസവ്, അജ്റക്, ബന്ധാനി, ബനാറസി, ജാപി, ജംദാനി, കലംകാരി, കാഞ്ചീവരം, കോലം, വാർളി തുടങ്ങി ഇന്ത്യയിലെ വിവിധ കലാ പൈതൃകം ഉൾക്കൊള്ളിച്ചുള്ള ടെയിൽ ആർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 100-ാമത് വിമാനത്തിലെ ചിത്താര കലാരൂപം സമൃദ്ധിയേയും ആഘോഷങ്ങളേയുമാണ് പ്രതിനിധീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.