- Trending Now:
തൃശ്ശൂർ: 'സമൂഹങ്ങൾ നയിക്കട്ടെ' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ എയ്ഡ്സ് ദിനാചരണം. കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവാണ് കഴിഞ്ഞകാലങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2005-2023 കാലയളവിൽ 1585 രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഓരോ വർഷവും ചികിത്സ തേടുന്നവരുടെയും മരണനിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. അതിഥിത്തൊഴിലാളികൾ കൂടുതലുള്ള മേഖലയിൽ എയ്ഡ്സ് രോഗം കൂടുതലാണെന്നും മേഖലയിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു.
തൃശൂർ ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ നിന്നും രോഗികളുടെ എണ്ണത്തിൽ 50 ശതമാനത്തിൽ ഏറെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ കഴിഞ്ഞവർഷം 1,35,671 പേരെ സ്ക്രീനിങ്ങിന് വിധേയരാക്കിയതിൽ 157 പേർക്കാണ് രോഗം കണ്ടെത്തിയത്. ഈ വർഷം 1,34,238 സ്ക്രീനിംഗ് പേരിൽ നടത്തിയതിൽ ഇതുവരെ 78 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ 63 പേരാണ് എച്ച്ഐവി ബാധിതരായി മരിച്ചത്. ഈ വർഷം ഇതുവരെ 37 പേരും. ചികിത്സതേടാത്തവരുടെ മരണം നിരക്കിൽ വർദ്ധനവുണ്ട്.
ആരോഗ്യവകുപ്പിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ എയ്ഡ്സ് ദിനാചരണ പരിപാടികളാണ് ജില്ലയിൽ ഉടനീളം നടക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാർ റെഡ് റിബൺ ക്ലബ്ബ് അംഗങ്ങൾ എന്നിവർ അണിനിരക്കുന്ന വിളംബരറാലിയോട്കൂടി ജില്ലാതല പരിപാടികൾക്ക് തുടക്കം കുറിക്കും. വിമല കോളേജ് മുതൽ കേരള പോലീസ് അക്കാദമി വരെയാണ് വിളംബര റാലി. വിയ്യൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. ബൈജു ഫ്ളാഗ് ഓഫ് നിർവഹിക്കും. തൃശ്ശൂർ വിമല കോളേജിൽ സംഘടിപ്പിക്കുന്ന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയാകും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന വിശിഷ്ടാതിഥിയാകും. എച്ച്.ഐ.വി. ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
തൃശൂർ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്ഐവി പോസിറ്റീവ് ആയവർക്കായി ജ്യോതിസ്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ മൂന്നു തവണ രക്തപരിശോധന നടത്തിയാണ് എച്ച്ഐവി സ്ഥിരീകരിക്കുന്നത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഉഷസ്സ് കേന്ദ്രത്തിലേക്ക് അയ്ക്കും. ഇവിടെ ഒ.പി, ഐ.പി വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമാണ്. തുടർ സേവനങ്ങൾക്കായി കെയർ ആന്റ് സപ്പോർട്ട് കേന്ദ്രങ്ങളുമുണ്ട്. ലൈംഗികജന്യ രോഗചികിത്സയ്ക്ക് പുലരി കേന്ദ്രങ്ങളുടെയും സേവനം ലഭ്യമാണ്. എച്ച്ഐവി വരാൻ കൂടുതൽ സാധ്യതയുള്ളവരെ സ്ക്രീനിങ് ടെസ്റ്റ് നടത്താനായി നാലു ടി.ഐ പ്രോജക്ടുകളും ബോധവൽക്കരണത്തിനായി ഐ.ഇ.സി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.