- Trending Now:
കൊച്ചി: നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭാവിയിലെ സഞ്ചാരികൾ ടൂറിസം മേഖലയെ സമീപിക്കാൻ പോകുന്നതെന്ന് കേരള ട്രാവൽ മാർട്ടിൽ നടത്തിയ 'ടൂറിസം വ്യവസായത്തിൽ എഐയുടെ ഉപയോഗം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തെ നേരിടാനും ഉപയോഗപ്പെടുത്താനും സംസ്ഥാനത്തെ ടൂറിസം മേഖല സ്വയം തയ്യാറെടുക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
പൂർണമായും ടെക്നോളജിയുടെ സഹായത്തോടെ ജീവിക്കുന്ന തലമുറയാണ് 20 വയസ്സിൽ താഴെ വളർന്നു വരുന്നതെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. ഇവരാണ് ഭാവിയിലെ സഞ്ചാരികൾ. വ്യക്തിഗതവും അനുഭവ വേദ്യവുമായ ടൂറിസം കേന്ദ്രങ്ങൾ, ഭാഷാ സഹായം, ഇൻറലിജൻറ് വെർച്വൽ അസിസ്റ്റൻറ് എന്നിവയെല്ലാമാണ് ടൂറിസത്തിലെ ഭാവി. ഏതാണ് വിശ്വാസയോഗ്യം ഏതാണ് അല്ലാത്തത് എന്നത് സംബന്ധിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടൂറിസ്റ്റുകൾ മുന്നോട്ടു പോകുന്നത്. സീസൺ പ്ലാനിംഗ്, ഇവൻറ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവർ പരീക്ഷിക്കുന്നു.
ചരിത്രസ്മാരകങ്ങൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ എന്നിവയെ കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തിക്കാൻ എആർ-വിആർ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ട്രെക്കിംഗ്, സമുദ്രാന്തര കാഴ്ചകൾ എന്നിവ പ്രായഭേദമന്യേ ഏവരിലേക്കും എത്തിക്കാനും പറ്റും. എഐ ഉപയോഗത്തിലൂടെ തട്ടിപ്പ് തടയുകയെന്നത് വെല്ലുവിളിയാണ്. ഇൻവൻററി, റവന്യു മാനേജ്മൻറ് എന്നിവയിലൂടെ വരുമാനനഷ്ടം കുറയ്ക്കാനും ടൂറിസം വ്യവസായത്തിനാകും. സ്മാർട്ട് ടൂറിസം ഡെസ്റ്റിനേഷനുകളുടെ എണ്ണം സംസ്ഥാനം ഗണ്യമായി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എഐ സാങ്കേതികവിദ്യ ടൂറിസം ഉപഭോക്താക്കൾ സ്വീകരിച്ചു കഴിഞ്ഞെന്ന് ഐബിഎം ജെൻ എഐ കൺസൽട്ടിംഗ് പാർട്ണർ ശമീന്ദ്ര ബസു പറഞ്ഞു. എഐയുടെ ഉപയോഗം മൂലം തൊഴിൽ നഷ്ടമുണ്ടാകില്ല. പകരം എഐ നൈപുണ്യമുള്ള ജീവനക്കാർക്ക് കൂടുതൽ അവസരമുണ്ടാകും. ഇന്ത്യയിലെ എഐ ഉപയോഗം ലോകശരാശരിയേക്കാൾ രണ്ട് മടങ്ങ് അധികമാണ്. എഐ ടൂൾസ് ഉപയോഗിക്കുന്നതിൽ ഇന്ത്യ ലോകത്ത് രണ്ടാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ടൂറിസം വ്യവസായത്തിൽ എഐയുടെ ഉപയോഗം' എന്ന വിഷയത്തിൽ കേരള ട്രാവൽ മാർട്ടിൽ നടന്ന സെമിനാറിൽ സംസ്ഥാന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു. സെമിനാർ കമ്മിറ്റി വൈസ് ചെയർപേഴ്സൺ നിർമ്മല ലില്ലി, മോഡറേറ്റർ അനീഷ് കുമാർ പി കെ, ഐബിഎം ജെൻ എഐ കൺസൽട്ടിംഗ് പാർട്ണർ ശമീന്ദ്ര ബസു, സെമിനാർ കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് എന്നിവർ സമീപം.
ഈ കുതിച്ചു ചാട്ടത്തിനൊപ്പം ടൂറിസം മേഖലയും വളരേണ്ടതുണ്ട്. കൃത്യമായ ഡാറ്റാ വിശകലനമാണ് ഇതിൽ പ്രധാനം. ടൂറിസ്റ്റുകളുടെ സഞ്ചാര സ്വാഭാവത്തിൽ വരുന്ന ഓരോ മാറ്റവും എഐ ഉപയോഗിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. അതിനായി വിശ്വാസയോഗ്യമായ ഡാറ്റ ലഭിക്കുന്നത് വെല്ലുവിളിയാണ്. ടൂറിസം വ്യവസായം തന്നെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ എഐ മോഡൽ വഴി ഉത്പാദനക്ഷമതയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്. ജീവനക്കാരുടെ പരിശീലന സമയം കുറയ്ക്കൽ, നൈപുണ്യ ശേഷി വർധിപ്പിക്കൽ, വിജ്ഞാനത്തെ കൂടുതൽ ജനകീയമാക്കൽ എന്നിവ നടപ്പാക്കേണ്ടതുണ്ട്.
ട്രാവൽ പ്ലാനേഴ്സ് സിഇഒ അനീഷ് കുമാർ പി കെ മോഡറേറ്ററായിരുന്നു. കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ്, വൈസ് ചെയർപേഴ്സൺ നിർമ്മല ലില്ലി തുടങ്ങിയവർ സംബന്ധിച്ചു. ട്രാവൽ മാർട്ട് ഞായറാഴ് സമാപിക്കും. സമാപനദിനത്തിൽ ഉച്ചതിരിഞ്ഞ് 1 മണി മുതൽ പൊതുജനങ്ങൾക്ക് സ്റ്റാളുകൾ സൗജന്യമായി സന്ദർശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.