Sections

ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റും

Friday, Jan 13, 2023
Reported By admin
agriculture

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തും


പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുമെന്നും വരും വർഷങ്ങളിൽ കാർഷിക രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് കൃഷിദർശൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർഷക സമ്പർക്ക പരിപാടിയാണ് കൃഷിദർശൻ. കൃഷി വകുപ്പ് മന്ത്രിയും ഉന്നത കൃഷി ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തും. സംസ്ഥാനത്തെ മൂന്നാമത്തെ കൃഷിദർശൻ പരിപാടി ഈ മാസം 24 മുതൽ 28 വരെ നെടുമങ്ങാട് ബ്ലോക്കിൽ നടക്കും.

24ന് രാവിലെ കല്ലിങ്കൽ ഗ്രൗണ്ടിൽ 50 സ്റ്റാളുകൾ അടങ്ങുന്ന കാർഷിക എക്സിബിഷനോടെയാണ് പരിപാടി ആരംഭിക്കുക. 25 ന് ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, അഗ്രികൾച്ചറൽ മാർക്കറ്റിങ് സഹകരണ സംഘങ്ങൾ എന്നിവരുമായി കൃഷി മന്ത്രി പി. പ്രസാദ്, ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ എന്നിവർ ചർച്ച നടത്തും. 28 ന് കർഷക അദാലത്ത്, കാർഷിക കലാജാഥ, കൃഷിക്കൂട്ട സംഗമം, പൊതുയോഗം, അവാർഡ് ദാനം, 'വിഷൻ 2026 നെടുമങ്ങാടി'ന്റെ അവതരണം എന്നിവയുമുണ്ടാകും.

മഞ്ഞൾ,കുരുമുളക് തുടങ്ങിയവയുടെ കൃഷി വ്യാപിപ്പിക്കുക, അവ സംസ്കരിച്ച് മാർക്കറ്റിൽ എത്തിക്കുക, പഴം, പച്ചക്കറികൾ ബ്രാൻഡ് ചെയ്ത് വിതരണം ചെയ്യുക, കോട്ടുക്കോണം മാവ് എല്ലാ വീടുകളിലും നട്ടുപിടിപ്പിക്കുക, ഞാലിപ്പൂവൻ വാഴ, ഗൗളീ ഗാത്രം തെങ്ങ് എന്നിവ വ്യാപകമായി വെച്ച് പിടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലാണ് സ്വാഗതസംഘം ഓഫീസ് തുറന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.