Sections

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സിയാല്‍ മോഡല്‍; കൃഷി മന്ത്രി

Tuesday, Sep 27, 2022
Reported By admin
agriculture

കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്ന 'കൃഷിദര്‍ശന്‍' പരിപാടി അടുത്ത മാസം


കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സിയാല്‍ മോഡലില്‍ കാബ്‌കോ (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി) എന്ന കമ്പനി രൂപീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച'മൂല്യവര്‍ധിത കര്‍ഷക മിഷന്‍' സജ്ജമായെന്നും അത് നടപ്പില്‍ വരുത്തുന്നതിനായി ഒരു മാസത്തിനകം കാബ്‌കോ കമ്പനി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ലഭ്യമാകുന്ന നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നഴ്സറി ആക്ട് അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയെയും കൃഷിവകുപ്പിനെയും കര്‍ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്ന 'കൃഷിദര്‍ശന്‍' പരിപാടി അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കേരളത്തില്‍ നിന്നുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കൃഷി വകുപ്പും നോര്‍ക്കയും കൈകോര്‍ക്കുന്നു. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി മിഷന്റെ (മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ അഥവാ VAAM) കീഴില്‍ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും.

പ്രാദേശിക ഉത്പന്നങ്ങള്‍ക്കും വിഭവങ്ങള്‍ക്കും ആഗോള തലത്തില്‍ ഒരു ബ്രാന്‍ഡ് നെയിം നല്‍കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തെ കിഴക്കന്‍ ഏഷ്യയുടെ 'ഫ്രൂട്ട് പ്ലേറ്റ്- ഫലപാത്രം' ആക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി.
ലോകത്തോടൊപ്പം വളരാന്‍ കേരളത്തെ പ്രാപ്തമാക്കിയ മുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. കേരളത്തിന്റെ ആദ്യ ധന- കൃഷി മന്ത്രി ആയപ്പോള്‍ തന്നെ കാര്‍ഷിക കേരളം എങ്ങനെ രൂപപ്പെടുത്തണമെന്ന ധാരണ അച്യുതമേനോനു ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.