Sections

സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കും: മന്ത്രി പി പ്രസാദ്

Saturday, May 13, 2023
Reported By Admin
ASSOCHAM

അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (അസോചം) സംഘടിപ്പിക്കുന്ന ദ്വിദിന മില്ലെറ്റ് ഉത്സവം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു


കൊച്ചി: കർഷകരെ സഹായിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (അസോചം) സംഘടിപ്പിക്കുന്ന ദ്വിദിന മില്ലെറ്റ് ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് വിദഗ്ധ പരിശീലനത്തിനൊപ്പം മില്ലറ്റുകളുടെ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തരിശു നിലങ്ങളെ മില്ലറ്റ് കൃഷിക്കായി ഉപയോഗപ്പെടുത്താമെന്നും വിഷരഹിത മില്ലറ്റ് ഉൽപാദനത്തിന് കർഷകർ തയ്യാറാകണമെന്നും, കൃഷി വകുപ്പിന്റെ കേരളഗ്രോ പദ്ധതിയിലൂടെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ, കേന്ദ്ര-സംസ്ഥാന ഭക്ഷ്യ സംസ്കരണ മന്ത്രാലയങ്ങൾ, നബാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് മില്ലറ്റ് ഉൽസവം സംഘടിപ്പിക്കുന്നത്. ഗ്രാൻഡ് തോൺടൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ്സ് റിസേർച്ച് (ഐഐഎംആർ), ന്യൂട്രിഹബ് എന്നിവയാണ് വിജ്ഞാന പങ്കാളികൾ. സമ്മേളനത്തിന്റെ ഭാഗമായുള്ള എക്സിബിഷനിൽ മില്ലെറ്റ് ഉത്പാദക സംഘടനകളുടെ സ്റ്റാളുകൾ, മില്ലെറ്റ് ഉപയോഗിച്ചുള്ള പാചക ഡെമോ എന്നിവയും നടക്കുന്നുണ്ട്. ഇതിന് പുറമേ വിൽപനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് അവസാനിക്കുന്ന മേളയിൽ രാവിലെ 11 മുതൽ വൈകീട്ട് 6 വരെ പൊതുജനങ്ങൾക്ക് പ്രദർശനത്തിലേക്ക് സൗജന്യ പ്രവേശനമുണ്ടാകും.

അസോചം കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന മില്ലറ്റ് മേളയോടനുബന്ധിച്ച് ബുക്ക്ലെറ്റ് പ്രകാശനം അസോചം അസിസ്റ്റന്റ് സെക്രട്ടറി പൂജ അൽവാലിയ, നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ ജി, കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് സ് അണ്ടർ സെക്രട്ടറി ശ്രീമതി ഘോഷ്, അസോചം കേരള ചെയർമാൻ രാജാ സേതുനാഥ്, റെറ ചെയർമാൻ പി.എച്ച്. കുര്യൻ, സിഎസ്ഐആർ എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, ഗ്രാൻഡ് തോൺടൺ ഭാരത് പാർട്ണർ പ്രൊഫ. വി. പത്മാനന്ദ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു (ഇടത്തു നിന്നും വലത്തോട്ട്)

അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക്, കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് സ് അണ്ടർ സെക്രട്ടറി ശ്രീമതി ഘോഷ്, , സിഎസ്ഐആർ എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ ജി, ഗ്രാൻഡ് തോൺടൺ ഭാരത് പാർട്ണർ പ്രൊഫ. വി. പത്മാനന്ദ്, അസോചം കേരള ചെയർമാൻ രാജാ സേതുനാഥ്, റെറ ചെയർമാൻ പി.എച്ച്. കുര്യൻ, അസോചം അസിസ്റ്റന്റ് സെക്രട്ടറി പൂജ അൽവാലിയ, അസോചം റീജിയണൽ ഡയറക്ടർ ഉമ നായർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു. സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെ ആവശ്യമായ വ്യാവസായിക അന്തരീക്ഷം ഒരുക്കുന്നതിനെക്കുറിച്ചും, കൃഷി വ്യാപിപ്പിക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഇവയുടെ ഉപഭോഗം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായുന്നതിനെക്കുറിച്ചുള്ള പാനൽ ചർച്ചയും നടന്നു.

വിവിധ സംസ്ഥാനങ്ങളിലെ മില്ലെറ്റ് കൃഷി രീതികൾ, കർഷക കൂട്ടായ്മകളിലൂടെ മില്ലെറ്റുകളുടെ മൂല്യശൃംഖല ശക്തിപ്പെടുത്തൽ, മൂല്യവർധനവിലൂടെ ആവശ്യകത വർധിപ്പിക്കുക, ഈ രംഗത്തെ സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ തുടങ്ങിയ വിഷയങ്ങൾ രണ്ടാം ദിവസം ചർച്ചയാകും. സമാപനചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ഹൈബി ഈഡൻ എംപി, തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ തുടങ്ങിയവർ പങ്കെടുക്കും.

അസോചം കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന മില്ലറ്റ് മേളയോടനുബന്ധിച്ചസ്റ്റാളുകൾ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.