Sections

1400 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കൃഷി മന്ത്രി

Monday, Oct 10, 2022
Reported By admin
agriculture

ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന ടാഗ് ലൈനില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും


കര്‍ഷകക്ഷേമത്തിനായി ലോകബാങ്കിനൊപ്പം സഹകരിച്ച് 1400 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയിലാണ് കര്‍ഷകരുടെ വരുമാനവും പുരോഗതിയും ഉറപ്പാക്കാനുള്ള ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം മന്ത്രി നടത്തിയത്. പരമ്പരാഗതമായി കാര്‍ഷികമേഖലയില്‍ ഉള്‍പ്പെട്ടവര്‍ ഈ മേഖല വിട്ടുപോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഒപ്പം, കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നാല് പ്രഖ്യാപനങ്ങളും കൃഷി മന്ത്രി നടത്തി. കാര്‍ഷിക വിളകളുടെ സംഭരണം, സംസ്‌കരണം, വിതരണം, വിപണനം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള സംവിധാനവും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം, കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളും ഓരോ ഉല്‍പ്പന്നത്തില്‍ ഊന്നിയുള്ള കൃഷിയും, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഫാമുമാണ് അദ്ദേഹം പ്രഖ്യാപിച്ച നാല് പദ്ധതികള്‍.

കര്‍ഷകര്‍ക്ക് വരുമാനവും പുരോഗതിയും ഉറപ്പാക്കാന്‍ ആറ് മാസത്തിനകം കേരള അഗ്രോ ബിസിനസ് കമ്പനി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. കേരള അഗ്രോ ബിസിനസ് കമ്പനി അഥവാ കാപ്പോയിലൂടെ സംഭരണം, സംസ്‌കരണം, വിതരണം, വിപണനം എന്നിവ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കൃഷി ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ റഫ്രിജറേറ്ററില്‍ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങള്‍ സജ്ജീകരിക്കും. കൂടുതല്‍ സംസ്‌കരണ ശാലകളും സംഭരണ ശാലകളും കൊണ്ടുവരാനും ഈ പദ്ധതിയിലേക്ക് പണം നീക്കിവക്കും.

മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിക്കും. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനായി വാല്യൂ ആഡഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍ അഥവാ വാല്യൂ പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുമായി ആലോചിച്ച് ആവിഷ്‌കരിക്കും.

ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്ന ടാഗ് ലൈനില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു വാര്‍ഡിലെ കൃഷിയിടത്തില്‍ നിന്നുതന്നെ ഇതിനുള്ള പദ്ധതികള്‍ ആരംഭിക്കും. കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളും ഓരോ വേറിട്ട ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകരിച്ച് കൃഷി ചെയ്യുന്നതാണ് പദ്ധതി. ഇതിന് പുറമെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിയും മാറ്റും. വിളകളെ അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ സാമ്പത്തിക വര്‍ഷം 10,800 കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി ഫാമിനെ കുറിച്ചും കൃഷി മന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്. അഗ്രി ഫാം ആലുവയില്‍ നവംബറില്‍ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്നു. വിഷമില്ലാത്ത കൃഷി എന്ന ലക്ഷ്യത്തോടെ ജൈവകൃഷി മിഷന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലാണ്. കൂടുതല്‍ നാളികേര സംഭരണകേന്ദ്രങ്ങള്‍ തുറക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.