Sections

എളുപ്പത്തില്‍ കൈകാര്യം ചെയ്തു കൊണ്ട് ലാഭം നേടാന്‍ സാധിക്കുന്ന കാര്‍ഷിക സംരംഭത്തെ പരിചയപ്പെടാം

Friday, Jan 07, 2022
Reported By Admin

ആകര്‍ഷകമായും ശാസ്ത്രീയമായും കൃഷി ചെയ്താല്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റുന്നതാണ്


കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശാസ്ത്രീയ കൃഷിരീതിയിലേക്ക് തിരിഞ്ഞിട്ട് കാലമേറെയായി. അതില്‍ പ്രധാനപ്പെട്ട കൃഷിരീതിയാണ് അക്വാപോണിക്‌സ് എന്നത്. പച്ചക്കറിയും മീനും സ്വന്തം വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിനെയാണ് അക്വാപോണിക്‌സ് എന്ന് പറയുന്നത്. ഹൈഡ്രോപോണിക്‌സും അക്വാകള്‍ച്ചറും കൂടിയതാണ് അക്വാപോണിക്‌സ്. ഹൈഡ്രോപോണിക്‌സ് എന്നാല്‍ വര്‍ക്കിംഗ് വാട്ടര്‍ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്്. അതായത് ഹൈഡ്രോപോണിക്‌സില്‍ വെള്ളം നമുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്‍കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍, മണ്ണിലല്ല വെള്ളത്തിലാണ് വളരുന്നത്.

അക്വാകള്‍ച്ചര്‍ ഭക്ഷ്യയോഗ്യമായ മീനിനെ കൃഷിചെയ്യുന്ന രീതിയാണ്. ഹൈഡ്രോപോണിക്‌സിലേയും അക്വാ കള്‍ച്ചറിലേയും തത്വങ്ങളെ ക്രോഡീകരിച്ചുള്ള കൃഷിരീതിയാണ് അക്വാപോണിക്‌സ്. അക്വാപോണിക്‌സ് കൃഷിയില്‍ മീനും ചെടിയും ഒരുമിച്ചാണ് കൃഷിചെയ്യുന്നത്. ഈ കൃഷിരീതിയില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനംമൂലം മീനിന്റെ കാഷ്ടം നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായി നല്‍കുന്നു. ചെടികള്‍ വെള്ളം ശുദ്ധീകരിച്ച് മീനിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും.

ഒരേസമയം മീനും പച്ചക്കറിയും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ് ഈ കൃഷിരീതിയെന്ന് മുകളല്‍ സൂചിപ്പിച്ചിരുന്നു. ചെടികള്‍ക്ക് വെള്ളവും വളവും സ്വയമേവ പ്രവര്‍ത്തനഫലമായി നല്‍കാന്‍ കഴിയുക, സാധാരണ മണ്ണില്‍ കൃഷിചെയ്യുമ്പോള്‍ നിലം ഒരുക്കുക, കളകള്‍ പറിക്കല്‍, ചെടികള്‍ക്ക് വെള്ളവും വളവും നല്‍കല്‍, ഇടയിളക്കല്‍, കാഠിന്യമുള്ള മറ്റു ജോലികള്‍ എന്നിവ അക്വാപോണിക്‌സില്‍ ഒഴിവാക്കാനാവും.

മണ്ണില്‍ വളരുന്ന ചെടികളേക്കാള്‍ വേഗത്തില്‍ അക്വാപോണിക്‌സിലെ ചെടികള്‍ വളരുന്നു. വെള്ളം പരിചംക്രമണം ചെയ്യുന്നതിനാല്‍ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ ജലസേചനത്തിനുവേണ്ടിവരുന്ന വെള്ളത്തിന്റെ 5-10% മാത്രമേ അക്വാപോണിക്‌സില്‍ വേണ്ടിവരുന്നുള്ളൂ. അക്വാപോണിക്‌സ് മണ്ണിതര മാധ്യമങ്ങളില്‍ കൃഷിചെയ്യുന്നതിനാല്‍ നല്ല മണ്ണിന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ കൃഷിരീതിയാണിത്. അക്വാപോണിക്‌സ് മണ്ണിതര മാധ്യമങ്ങളില്‍ കൃഷിചെയ്യുന്നതിനാല്‍ നല്ല മണ്ണിന്റേയും ജലത്തിന്റേയും ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ കൃഷിരീതിയാണിത്.

അക്വാപോണിക്‌സ് കൃഷിയില്‍ കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ജൈവരീതിയില്‍ / തികച്ചും സുരക്ഷിതമായ രീതിയില്‍ ഉല്‍പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിസ്റ്റം ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ അദ്ധ്വാന കുറവായതിനാല്‍ 14 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കോ 75 വയസ്സ് കഴിഞ്ഞ വയോധികനോ വീല്‍ചെയര്‍ ഉപയോഗിക്കുന്ന വികലാംഗനായ ഒരാള്‍ക്കോ വേണമെങ്കിലും അക്വാപോണിക്‌സ് കൃഷി കൈകാര്യം ചെയ്യാന്‍ കഴിയും.

രോഗകീടബാധ താരതമ്യേന കുറവായിരിക്കും. സാധാരണ അക്വാകള്‍ച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിരീതിയില്‍ 30 മുതല്‍ 100 ഇരട്ടിവരെ മീനിനെ കൃഷി ചെയ്യാനാകും. ഒരു വീട്ടില്‍ ആവശ്യത്തിനായുള്ള ചെറിയ യൂണിറ്റുകള്‍ വ്യാവസായിക ആവശ്യത്തിനായുള്ള വലിയ യൂണിറ്റുകള്‍ വരെ കുറ്റമറ്റതായി (വേണ്ട സംവിധാനങ്ങള്‍ ഒരുക്കി) പ്രവര്‍ത്തിക്കുംവിധം ഒരുക്കാം. പുറത്തും ഗ്രീന്‍ഹൗസുകളിലും ഇന്‍ഡോറുളിലും ഇത്തരം കൃഷി ചെയ്യാനാകും. ഈ കൃഷിരീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടം സൃഷ്ടിക്കാത്തതും സുസ്ഥിരമായി കൊണ്ടുപോകാവുന്നതുമാണ്.

അക്വാപോണിക്‌സ് സിസ്റ്റത്തില്‍ പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. അക്വാകള്‍ച്ചര്‍ ഭാഗമാണ് ഒന്നാമത്തേത്. ഇതില്‍ മീനും മറ്റു അക്വാട്ടിക് ജീവികളും വളരുന്നു. ഹൈഡ്രോപോണിക്‌സ് ഭാഗമാണ് രണ്ടാമത്തേത്. ഇവിടെയാണ് ചെടികള്‍ വളരുന്നത്. വളരെയധികം മീനിനെ കുളത്തില്‍, ടാങ്കില്‍ ഒരുമിച്ച് വളര്‍ത്തുന്നതിനാല്‍ മീനിന്റെ കാഷ്ഠത്തിന്റെ സാന്ദ്രത കൂടുതലുള്ള വെള്ളം മീനിനും മറ്റു ജലജീവികള്‍ക്കും ഹാനികരമാണ്.

ഈ ടാങ്ക് / കുളത്തിലാണ് മീനിനെ വളര്‍ത്തുന്നത്. ഇവിടെവച്ചുതന്നെയാണ് നാം മീനിന് ആവശ്യമായ തീറ്റ കൊടുക്കുന്നത്. ഈ ടാങ്കിനു മുകളില്‍ ഒരു വലയോ കവറോ കൊടുത്താല്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടഞ്ഞ് ആര്‍ഗയുടെ കൂടുതലായുള്ള വളര്‍ച്ചക്ക് കാരണമാകുന്നത് തടയുന്നു. ഇതിനു പുറമെ ചപ്പുചവര്‍ വീണ് സിസ്റ്റം ബ്ലോക്കാവുന്നതും, കുട്ടികളും, പക്ഷികളും വീഴുന്നതും തടയുന്നു. മീനുകള്‍ പുറത്തേക്ക് ചാടി പോകാതിരിക്കുന്നു. മറ്റ് ജീവികള്‍ മീനിനെ പിടിക്കുന്നത് തടയാനാകുന്നു. മീനിന് സുരക്ഷിത ബോധം ഉണ്ടാവുന്നതുകൊണ്ട് താരതമ്യേന വേഗത്തില്‍ വളരുന്നു.

ടാങ്ക്/കുളം പണിയുന്നതിന് ഫൈബറിന്റേയോ പ്ലാസ്റ്റിക്കിന്റേയോ ടാങ്കുകളോ ജീയോമെബ്രൈന്‍ ഷീറ്റ് ഉപയോഗിച്ചോ ആവശ്യത്തിന് വലുപ്പത്തില്‍ ടാങ്ക് പണിയാം. ഒരു കാരണവശാലും സിങ്ക്/കോപ്പര്‍ അടങ്ങിയ ലോഹങ്ങള്‍ കൊണ്ടുള്ള ടാങ്ക് ഉപയോഗിക്കരുത്. അവ ചില മത്സ്യങ്ങള്‍ക്ക് ഹാനികരമാണ്.

ആകര്‍ഷകമായും ശാസ്ത്രീയമായും കൃഷി ചെയ്താല്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റുന്നതാണ് അക്വാപോണിക്‌സ്. സാങ്കേതികമായി ശ്രദ്ധിക്കുക കൂടി ചെയ്താല്‍ മികച്ച വിളവും ലഭിക്കുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കുവരെയും ഭിന്നശേഷിക്കാര്‍ക്കുപോലും എളുപ്പം കൃഷിചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.