- Trending Now:
എറണാകുളം: ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പറവൂരിലെ ഏഴിക്കരയിൽ അഗ്രി ടൂറിസം പാർക്ക് ഒരുങ്ങുന്നു. പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിക്കൊപ്പം ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്രി ടൂറിസം പാർക്ക് യാഥാർത്ഥ്യമാകുന്നത്. കാർഷിക മേഖലയിലെ വിവിധ പദ്ധതികളുടെ വിജയത്തിന്റെ തുടർച്ചയായാണ് ബാങ്ക് അഗ്രി പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിനൊപ്പം കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി ഏഴിക്കരയിൽ ഒന്നര ഏക്കർ സ്ഥലം കണ്ടെത്തിയതായി പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി ഷാൻ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 10 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് അഗ്രിടൂറിസം പാർക്കിന്റെ പ്രധാന കേന്ദ്രം നിർമ്മിക്കുന്നത്.
പദ്ധതിയിൽ താല്പര്യമുള്ള കർഷകരുടെ കൃഷിയിടങ്ങൾ കൂടി ഉൾപ്പെടുത്തുന്നതോടെ ബാങ്കിന്റെ രൂപകൽപ്പനയിൽ മറ്റു കേന്ദ്രങ്ങൾ കൂടി സജ്ജമാകും. കൃഷിയിടങ്ങൾ സന്ദർശിക്കുന്നവർക്ക് അവിടെ താമസിച്ച്, പ്രാദേശിക കൃഷി രീതികളെക്കുറിച്ച് കണ്ടുപഠിക്കുന്നതിനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ഒരുങ്ങുന്നത്. താമസിക്കുന്നതിനായി ഹോംസ്റ്റേ, ടെന്റുകൾ തുടങ്ങിയവ സജ്ജീകരിക്കും.
അഡ്വഞ്ചർ ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി കയാക്കിംഗ്, ഫിഷിങ്, ലൈവ് കുക്കിങ് തുടങ്ങി മുഴുവൻ സമയ വിനോദ സംവിധാനങ്ങൾ ഏർപ്പെടുത്തും. സഞ്ചാരികൾക്ക് എത്തിച്ചേരുന്നതിനായി ഗതാഗത സംവിധാനവും ഒരുക്കും. കൃഷിയിടങ്ങൾ വിനോദത്തിനു കൂടി വഴി തുറക്കുന്നത്തോടെ കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനൊപ്പം നിരവധി തൊഴിൽ സാധ്യതകളാണ് ഏഴിക്കര നിവാസികളെ കാത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.