Sections

ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് വമ്പന്മാര്‍ വീഴുന്നു; എവര്‍ഗ്രാന്‍ഡേയ്ക്ക് പിന്നാലെ കൈസയും

Wednesday, Nov 10, 2021
Reported By admin
kaisa

എവര്‍ഗ്രാന്‍ഡെയുടെ പ്രതിസന്ധിയ്ക്ക് പിന്നാലെ കൈസയും കടക്കെണിയില്‍

 


ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ എവര്‍ഗ്രാന്‍ഡെയുടെ പ്രതിസന്ധിയ്ക്ക് പിന്നാലെ മറ്റാരു പ്രമുഖ കമ്പനിയും കടക്കെണിയില്‍. ചൈനയുടെ സ്‌നോബോള്‍ പ്രോപ്പര്‍ട്ടി സ്ഥാപനമായ കൈസ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡാണ് പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്.ഈ കഴിഞ്ഞ ആഴ്ച കൈസ ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ 15ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വെല്‍ത്ത് മാനേജ്‌മെന്റ് ഉല്‍പ്പന്നങ്ങളുടെ പേയ്‌മെന്റുകള്‍ നഷ്ടമായതിനെത്തുടര്‍ന്ന് ലിക്വിഡിറ്റി പ്രശ്‌നങ്ങളും നേരിടേണ്ടി വന്നതായി ചൈനീസ് സര്‍ക്കാര്‍ പത്രമായ സെക്യൂരിറ്റീസ് ടൈംസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 'തീര്‍ച്ചപ്പെടുത്താത്ത' പേയ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടി ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ഡെവലപ്പര്‍മാരുടെ ഓഹരികളുടെ വ്യാപാരം വെള്ളിയാഴ്ച ഹോങ്കോങ്ങില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, വ്യാപാരം നിര്‍ത്തിയതിനും ഏജന്‍സികള്‍ അടുത്തിടെ ക്രെഡിറ്റ് റേറ്റിംഗുകള്‍ താഴ്ത്തിയതിനും പിന്നില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കൈസ വിസമ്മതിച്ചു. ഇത് വിപണിയില്‍ നിന്ന് പണം കടമെടുക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി സിഎന്‍എന്‍ വ്യക്തമാക്കുന്നു. കൈസ 'സജീവമായി ഫണ്ട് ശേഖരിക്കുകയും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തുവെന്ന് സെക്യൂരിറ്റി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ എവര്‍ഗ്രാന്‍ഡെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ഊഹാപോഹങ്ങള്‍ തുടരുകയാണ്. ചൈനയിലെ ഏറ്റവും വലിയതും നിലവില്‍ ഏറ്റവും കടബാധ്യതയുള്ളതുമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ പ്രമുഖരാണ് എവര്‍ഗ്രാന്‍ഡെ. കമ്പനിയുടെ പ്രതിസന്ധിയെക്കുറിച്ച് നിക്ഷേപകര്‍  ആശങ്കയിലാണ്.

അതേസമയം കമ്പനി പുതിയ ബാധ്യതകള്‍ വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 26 വരെ, ഓഗസ്റ്റില്‍ പ്രഖ്യാപിച്ചതുപോലെ നിരവധി പ്രോജക്ടുകളുടെ നിര്‍മ്മാണം സ്ഥാപനം പുനരാരംഭിച്ചു. വിപണിയില്‍ ആത്മവിശ്വാസം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ അവകാശവാദങ്ങള്‍ക്കിടയില്‍ കുറച്ച് കെട്ടിടങ്ങള്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായും അവര്‍ ചൂണ്ടിക്കാട്ടി.

ആഗോള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എവര്‍ ഗ്രാന്‍ഡെ.കമ്പനിക്ക് 300 ബില്യണ്‍ ഡോളറിന്റെ ബാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് എവര്‍ഗ്രാന്‍ഡേയ്ക്ക് നേരിടേണ്ടി വരുന്നത്.ലോകത്ത് ഏറ്റവും മൂല്യമേറിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത് എന്നതിനാല്‍ തന്നെ, അതി സമ്പന്നരില്‍ പ്രമുഖനായ ഇലോണ്‍ മുസ്‌കടക്കം നിരവധി പേര്‍ക്ക് ഇപ്പോള്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എവര്‍ഗ്രാന്‍ഡെ.  തങ്ങള്‍ക്ക് വായ്പ നല്‍കിയ ബാങ്കുകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.ഹുയി കാ യാന്‍ 1996ല്‍ ദക്ഷിണ ചൈനയിലെ ഗ്വാങ്ഷൗവില്‍ ഹെങ്ഡ ഗ്രൂപ് എന്ന പേരില്‍ സ്ഥാപിച്ച കമ്പനിയാണ് പില്‍ക്കാലത്ത് എവര്‍ ഗ്രാന്‍ഡെ എന്ന പേരില്‍ പ്രശസ്തമായത്.നിലവില്‍ ചൈനയിലൂടനീളം 280ല്‍ അധികം നഗരങ്ങളില്‍ 1300ല്‍ അധികം പ്രൊജക്ടുകള്‍ കമ്പനിയുടെ പേരിലുണ്ട്.

റിയല്‍ എസ്റ്റേറ്റിനു പുറമെ വെല്‍ത്ത് മാനേജ്മെന്റ്,ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം,ഫുഡ് ആന്റ് ഡ്രിങ്ക് മാനുഫാക്ചറിംഗ്,തുടങ്ങിയ പല ബിസിനസുകളിലും എവര്‍ഗ്രാന്‍ഡെ കൈവെച്ചിട്ടുണ്ട്.ഫോബ്സ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കമ്പനി സ്ഥാപകനായ ഹുയിക്ക് 10.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

300 ബില്യണ്‍ ഡോളറിലേറെ കടം എടുത്തുകൊണ്ടാണ് എവര്‍ഗ്രാന്ഡെ ചൈനയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുന്നത് ഇപ്പോള്‍ കടത്തിന്റെ പലിശ അടക്കാന്‍ കമ്പനി പാടുപെടുകയാണ്.ഈ വര്‍ഷം എവര്‍ഗ്രാന്‍ഡെയുടെ ഓഹരി വില 85 ശതമാനം കുറവ് രേഖപ്പെടുത്തി.കമ്പനിയുടെ ബോണ്ടുകളും ആഗോള ക്രെഡിറ്റിംഗ് റേറ്റിംഗ് ഏജന്‍സികള്‍ തരംതാഴ്ത്തുകയുണ്ടായി.

ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് ശേഷം ചൈന ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ കടക്കെണിയില്‍ വലയുകയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.