Sections

ഒന്നാംനിര കയറ്റുമതി രാജ്യമെന്ന ഖ്യാതി നേടാനൊരുങ്ങുന്നു, എയ്‌റോ ഇന്ത്യ 2023ന് ഗംഭീര തുടക്കം

Tuesday, Feb 14, 2023
Reported By admin
india

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്റോ ഇന്ത്യ 2023ൽ 98 രാജ്യങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും


പ്രതിരോധ രംഗത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമെന്ന പേരിൽ നിന്നും, ഒന്നാംനിര കയറ്റുമതി രാജ്യമെന്ന ഖ്യാതി നേടാനൊരുങ്ങി ഇന്ത്യ. മെയ്ക് ഇൻ ഇന്ത്യയുടെ പെരുമയിൽ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 2022-23ൽ 12,500 കോടി രൂപ കവിഞ്ഞു. 2024-25ൽ ഇത് 40,000 കോടിയിലെത്തിക്കുമെന്ന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപ കരാർ മേക്ക് ഇൻ ഇന്ത്യയിലും പ്രതീക്ഷിക്കുന്നു. പ്രതിരോധമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 251 ധാരണാപത്രങ്ങൾ ഏയ്റോ 2023 പ്രദർശനത്തിൽ ഒപ്പുവയ്ക്കും.

ഏഷ്യയിലെ വലിയ പ്രദർശനം

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്റോ ഇന്ത്യ 2023ൽ 98 രാജ്യങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 29 രാജ്യങ്ങളിലെ എയർഫോഴ്സ് മേധാവികൾ, ഇന്ത്യയിലെയും, വിദേശത്തെയും 73 കമ്പനികളുടെ സിഇഒമാർ, ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 809 സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കുന്നു. പ്രതിരോധമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 251 ധാരണാപത്രങ്ങൾ ഏയ്റോ 2023 പ്രദർശനത്തിൽ ഒപ്പുവയ്ക്കും. ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനികളുടെ സിഇഒമാരുടെ വട്ടമേശ സമ്മേളനം തിങ്കളാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 'മേയ്ക്ക് ഇൻ ഇന്ത്യ'' കാമ്പയിന് കൂടുതൽ കരുത്തേകാനും ഇന്ത്യയെ പ്രതിരോധ ഉത്പാദന കേന്ദ്രമാക്കാനും ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ.

ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്ക്

സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഉത്പന്നങ്ങളുടെ അവതരണം, സംയുക്ത സംരംഭങ്ങൾ തുടങ്ങിയവയിലാണ് നിക്ഷേപങ്ങൾ. ഈ മേഖലയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായി വളരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ നിക്ഷേപകരും പങ്കാളികളാകണം. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ എയ്റോ ഇന്ത്യ 2023 പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. തിങ്കളാഴ്ചയാണ് ബംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ ഏയ്റോ 2023ന് തുടക്കമായത്.

ഒമ്പതു വർഷം മുമ്പ് പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്ന ഇന്ത്യ, ഇന്ന് 75 രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് വളർന്നു. വ്യവസായങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രതിരോധം ഉൾപ്പെടെ മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കർണാടകത്തിലെ തുംകൂറിലും ഗുജറാത്തിലെ സൂറത്തിലും ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണകേന്ദ്രങ്ങളാണ്. വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, തേജസ് യുദ്ധ വിമാനങ്ങൾ ,എൽ സി എച്ച് ഹെലികോപ്ടർ എന്നിവ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചുകഴിഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഗവർണർ തവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധ സഹമന്ത്രി അജിത് ഭട്ട് എന്നിവരും പങ്കെടുത്തു. വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.