Sections

ട്രെന്‍ഡിഗായി ബൈ നൗ പേ ലേറ്റര്‍...ലാഭമോ? നഷ്ടമോ ?

Sunday, Sep 11, 2022
Reported By admin
buy now pay later

എല്ലാ മാസവും ബില്‍ അടയ്‌ക്കേണ്ടതില്ല എന്നതിനെ ചില ഉപഭോക്താക്കള്‍ സൗകര്യമായി കാണുന്നു


ഇന്ന് ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍). ഉടന്‍ തന്നെ പോക്കറ്റില്‍ നിന്ന് പണം ചിലവഴിക്കാതെ പേയ്‌മെന്റ് നടത്താന്‍ ഉപഭോക്താവിനെ സഹായിക്കുന്ന പേയ്‌മെന്റ് ഓപ്ഷനാണ് ഇത്. ഉപഭോക്താവിന് വേണ്ടി മറ്റൊരു കമ്പനി പണമടയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി കസ്റ്റമര്‍ ആ കമ്പനിയുമായി സൈന്‍ അപ് ചെയ്യേണ്ടതാണ്. അതിനു ശേഷം കസ്റ്റമര്‍ തുക ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്പനിയിലേക്ക് തിരിച്ചടയ്‌ക്കേണ്ടതാണ്. ചിലരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഓപ്ഷനാണ്. എന്നാല്‍ മറ്റു ചില ആളുകള്‍ ചിന്തിക്കുന്നത് ഈ ഓപ്ഷനും ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ്. രണ്ടും കടം കുമിഞ്ഞു കൂടാന്‍ കാരണണാകുമെന്നാണ് വാദം.

എല്ലാ മാസവും ബില്‍ അടയ്‌ക്കേണ്ടതില്ല എന്നതിനെ ചില ഉപഭോക്താക്കള്‍ സൗകര്യമായി കാണുന്നു. മൂന്നു മാസത്തിനു ശേഷം മാത്രം ബില്ലുകള്‍ അടച്ചാല്‍ മതി എന്നത് ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ സൗകര്യപ്രദമായി കാണുന്നു. ആമസോണ്‍, മേക് മൈ ട്രിപ് പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കുമെന്നതും നേട്ടമാണ്. തിരിച്ചടവ് ലളിതമാണെന്നതും, ചിലവ് ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നതും നേട്ടങ്ങളാണ്.

എന്നാല്‍ ഇതിന് വിപരീതമായ അഭിപ്രായമുള്ള ഉപഭോക്താക്കളുമുണ്ട്. പെട്ടെന്നുള്ള സന്തോഷത്തിനു വേണ്ടി ഭാവിയുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്ന കാര്യമാണ് ബഎന്‍പിഎല്‍ എന്നു കരുതുന്നവരുണ്ട്. നിങ്ങള്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ആ ഉല്പന്നം വാങ്ങാനുള്ള വഴിയില്ല, പക്ഷെ ഭാവിയില്‍ ഉണ്ടാവും എന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ അതിനും ഗ്യാരണ്ടിയൊന്നുമില്ല. അതിനാല്‍ ഇത് ഒരു തരം കടക്കെണിയാണ്. അവിടെ ഒന്നു പിഴച്ചാല്‍ നിങ്ങളെ കാര്‍ന്നു തിന്നാനായി ഭീമമായ പലിശ കാത്തു നില്‍ക്കുന്നുണ്ട്. എന്നാല്‍ ബിഎന്‍പിഎല്ലിന്റെ ഗുണം നേടിയെടുക്കാന്‍ സാമ്പത്തികമായി അച്ചടക്കമുള്ളവര്‍ക്ക് സാധിക്കും. നിര്‍ഭാഗ്യവശാല്‍ അത്തരത്തില്‍ അച്ചടക്കമുള്ളവര്‍ സമൂഹത്തില്‍ ഇന്നത്തെക്കാലത്ത് വളരെ കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം.

കോവിഡ് കാലത്താണ് ബൈ നൗ പേ ലേറ്റര്‍ എന്ന ബിസിനസ് മോഡലിന് വലിയ സ്വീകാര്യത ലഭിച്ചത്. വലിയ ചിലവുകളെ പലിശയില്ലാത്ത ചെറിയ ഇഎംഐ കളായി മാറ്റാന്‍ ഉപഭോക്താക്കള്‍ ഉത്സാഹം കാണിച്ചു. ലളിതമായി ബിഎന്‍പിഎല്‍ ലോണ്‍ അനുവദിച്ചു കിട്ടും എന്നതും ഈ സൗകര്യം ജനപ്രിയമാവാന്‍ കാരണമായി. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുകയും, പണം കൈവശം വരുന്നതനുസരിച്ച് തിരിച്ചടയ്ക്കുകയും ചെയ്യാന്‍ നിരവധി ആളുകള്‍ താല്പര്യപ്പെടുന്നു. പ്രൊഡക്ടുകള്‍ ഡെഡ് സ്റ്റോക്ക് ആവാതെ വിറ്റഴിക്കാന്‍ കമ്പനികളേയും ഈ സിസ്റ്റം സഹായിക്കുന്നു.

കമ്പനികളെ സംബന്ധിച്ച് റിസ്‌ക് അസസ്‌മെന്റ് വളരെ വേഗത്തില്‍ നടത്തുക എന്നത് വെല്ലുവിളിയാണ്. കാരണം പോയിന്റ് ഓഫ് സെയില്‍ എന്ന വാങ്ങല്‍ തീരുമാനം ഉപഭോക്താവ് എടുത്തിരിക്കുന്ന നിര്‍ണായക സമയമാണത്. എന്നാല്‍ ഫോം ഫില്‍ ചെയ്യുക പോലെയുള്ള നടപടിക്രമങ്ങളിലൂടെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാനും കമ്പനികള്‍ ശ്രദ്ധിക്കുന്നു. റിസ്‌ക് മോഡലിങ് ആണ് ഇവിടെ പ്രധാനം.

ഉപഭോക്താക്കളെ സംബന്ധിച്ച് ബിഎന്‍പിഎല്‍, ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഭാവിയിലെ വരുമാന സാധ്യത, തിരിച്ചടവ് ശേഷി എന്നിവ വിലയിരുത്തുക. ഒരു എമര്‍ജന്‍സി ഫണ്ട് ആദ്യം മാറ്റി വെക്കുന്നതും ഗുണം ചെയ്യും. ആരോഗ്യകരമായ ഒരു ക്രെഡിറ്റ് സ്‌കോര്‍ ബില്‍ഡ് ചെയ്‌തെടുക്കാനും ഇത് സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.