Sections

ജ്വല്ലറി ബിസിനസ് ആരംഭിച്ച് ആദിത്യ ബിർള ഗ്രൂപ്പ്

Sunday, Jul 28, 2024
Reported By Admin
Aditya Birla Group expands consumer play with the launch of jewellery business

കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ജ്വല്ലറി റീട്ടെയിൽ ബിസിനസ് ആരംഭിക്കുന്നതായി ചെയർമാൻ കുമാർ മംഗലം ബിർല പ്രഖ്യാപിച്ചു. ഇന്ദ്രിയ ബ്രാൻഡിലുള്ള പുതുതലമുറാ ബിസിനസിനായി 5000 കോടി രൂപ വകയിരുത്തി. അടുത്ത 5 വർഷത്തിനുള്ളിൽ ദേശീയ തലത്തിലെ മൂന്നു മുൻനിര സ്ഥാപനങ്ങളിലൊന്നായി മാറുകയാണ് ലക്ഷ്യം. ഇന്ത്യയിലെ റീട്ടെയിൽ ജ്വല്ലറി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാവും ആദിത്യ ബിർള ഗ്രൂപ്പിൻറെ കടന്നു വരവോടെ ഉണ്ടാകുക.

ആഗോള തലത്തിലെ ഏറ്റവും സാധ്യതകളുള്ള ഉപഭോക്തൃ വിഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കൾ വളരുകയാണെന്ന് കുമാർ മംഗലം ബിർല പറഞ്ഞു. പെയിൻറ്, ജ്വല്ലറി എന്നീ മേഖലകളിലായി പുതിയ രണ്ടു ബ്രാൻഡുകൾ അവതരിപ്പിച്ചു കൊണ്ട് ഈ വർഷം തങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളുടെ മുന്നേറ്റത്തിനു പിന്തുണ നൽകി. അനൗപചാരിക മേഖലകളിൽ നിന്ന് ഔപചാരിക മേഖലകളിലേക്കുള്ള മൂല്യത്തോടെയുള്ള മാറ്റത്തിനു പിന്തുണ നൽകുന്നതാണ് ജ്വല്ലറി ബിസിനസിലേക്കുള്ള കടന്നു വരവ്. ശക്തവും വിശ്വസനീയവുമായ ബ്രാൻഡുകൾക്കായുള്ള ഉപഭോക്താക്കളുടെ താൽപര്യവും വർധിച്ചു വരികയാണ്. ഫാഷൻ റീട്ടെയിൽ, ലൈഫ് സ്റ്റൈൽ മേഖലകളിൽ 20 വർഷത്തിലേറെയായി മുന്നേറുന്ന ഗ്രൂപ്പിൻറെ സ്വാഭാവിക വികസനമാണ് ഇപ്പോഴത്തെ നീക്കം. റീട്ടെയിൽ, ഡിസൈൻ, ബ്രാൻഡ് മാനേജ്മെൻറ് എന്നിവയിലെ തങ്ങളുടെ മികച്ച അടിത്തറ വിജയത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി, ഇൻഡോർ, ജെയ്പൂർ എന്നിവിടങ്ങളിലായി ഒരേ സമയം നാലു സ്റ്റോറുകളാവും ഇന്ദ്രിയ ആരംഭിക്കുക. അടുത്ത 6 മാസത്തിനുള്ളിൽ 10ലേറെ നഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കും. ദേശീയ ബ്രാൻഡുകളുടെ ശരാശരി വലുപ്പത്തേക്കാൾ 30-35 ശതമാനം കൂടുതലായി 7000 ചതുരശ്ര അടിയിലേറെയുള്ള സ്റ്റോറുകളാവും വിപുലമായ സേവനങ്ങൾ ലഭ്യമാക്കുക. തുടക്കത്തിൽ 15000 ക്യൂറേറ്റഡ് ജ്വല്ലറികളാവും 5000ലേറെ എക്സ്ക്ലൂസീവ് ഡിസൈനുകളുമായി അവതരിപ്പിക്കുക. ഓരോ 45 ദിവസത്തിലും പുതിയ ശേഖരങ്ങൾ അവതരിപ്പിച്ച് ഇന്ത്യൻ ഫൈൻ ജ്വല്ലറി വിപണിയിൽ അതിവേഗ ചലനങ്ങൾ സൃഷ്ടിക്കും.

ജ്വല്ലറി മേഖലയിലെ ക്രിയാത്മകത, വലുപ്പം, സാങ്കേതികവിദ്യ, ഉപഭോക്തൃ അനുഭവങ്ങൾ എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഇന്ദ്രിയയിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് നോവൽ ജുവൽസ് ഡയറക്ടർ ദിലീപ് ഗൗർ പറഞ്ഞു. ഓരോ ആഭരണങ്ങളും പ്രത്യേകമായ ക്രിയാത്മകതയുടെ കഥകളാണു പറയുന്നത്. കാലാതീതമായ കരവിരുതും സമകാലീന ഡിസൈനുകളുടെ അവതരണവുമായിരിക്കും തങ്ങളുടെ ആഭരണങ്ങളിലുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു നിക്ഷേപം എന്നതിൽ നിന്നു മാറി തങ്ങളുടെ ഭാവാഷികാരം ആയി ജ്വല്ലറികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും പുതുതലമുറാ റീട്ടെയിൽ ജുവല്ലറി മേഖലയിൽ അതുല്യമായ അനുഭവങ്ങളാകും തങ്ങളുടെ ഡിജിറ്റൽ, ഫിസിക്കൽ ടച്ച് പോയിൻറുകളിലൂടെ ലഭ്യമാക്കുകയെന്നും നോവൽ ജുവൽസ് സിഇഒ സന്ദീപ് കോഹ്ലി പറഞ്ഞു.

ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരുകളുള്ള വിധത്തിൽ സംസ്കൃതത്തിൽ നിന്നാണ് ഇന്ദ്രിയ എന്ന ബ്രാൻഡ് നാമം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.