- Trending Now:
ലോകധനികരുടെ ലിസ്റ്റിലൂടെയുള്ള ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ തേരോട്ടം തുടരുന്നു. ലോകധനികരിൽ രണ്ടാം സ്ഥാനത്തേക്കാണ് അദ്ദേഹം കസേര വലിച്ചിട്ടിരിക്കാൻ പോവുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആമസോൺ സ്ഥാപകൻ സാക്ഷാൽ ജെഫ് ബെസോസിനെ അദാനി പിന്തള്ളാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചാ വിഷയം.
നിലവിൽ ലോകധനികരിൽ മൂന്നാം സ്ഥാനത്താണ് അദാനിയുടെ സ്ഥാനം. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ജെഫ് ബെസോസിനേക്കാൾ മൂന്ന് ബില്യൺ ഡോളറിന്റെ കുറവാണ് അദാനിക്കുള്ളത്. യുഎസിലെ പണപ്പെരുപ്പ നിരക്ക് പുറത്തു വന്നപ്പോൾ 9.84 ബില്യൺ യുഎസ് ഡോളറിലധികമാണ് (ഏകദേശം 80,000 കോടി രൂപ) ഒറ്റ ദിവസം കൊണ്ട് ജെഫ് ബെസോസിന്റെ ആസ്തിമൂല്യത്തിൽ കുറവ് വന്നത്. പ്രതീക്ഷിച്ചതിലധികമായ നിരക്കാണ് ബെസോസിന് തിരിച്ചടിയായത്. സെപ്തംബർ ഏഴാം തിയ്യതിയിലെ കണക്കുകൾ പ്രകാരം ഇരുവരുടെയും ആസ്തിമൂല്യത്തിൽ ഏകദേശം 6 ബില്യൺ യുഎസ് ഡോളറിന്റെ വ്യത്യാസമാണുണ്ടായിരുന്നത്.
ലോകധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടെസ്ല സിഇഒ ഇലോൺ മസ്കിനും യുഎസ് പണപ്പെരുപ്പ കണക്കുകൾ തിരിച്ചടിയായി. ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് 8.4 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 70,000 കോടി രൂപ) അദ്ദേഹത്തിന് നഷ്ടമായത്.
അടുത്തിടെയാണ് ഫ്രഞ്ച് ബിസിനസുകാരനായ ബെർനാർഡ് ആർനോൾട്ടിനെ പിന്തള്ളി അദാനി ലോകധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഇലോൺ മസ്കിനും, ജെഫ് ബെസോസിനും നഷ്ടമുണ്ടായ അതേ ദിവസം അദാനിയുടെ സമ്പത്തിൽ 1.58 ബില്യൺ യുഎസ് ഡോളറിന്റെ വർധനയാണുണ്ടായത്. ഇതോടെ അദാനിയുടെ ആസ്തി 147 ബില്യൺ യുഎസ് ഡോളറായി മാറി.
നിലവിലെ ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം ഇലോൺ മസ്കിന്റെ ആസ്തിമൂല്യം 256 ബില്യൺ യുഎസ് ഡോളറാണ്. ജെഫ് ബെസോസിന്റെ ആസ്തിമൂല്യം 150 ബില്യണും, അദാനിയുടേത് 147 ബില്യണുമാണ്.ലോകധനികരുടെ പട്ടികയിൽ അതിവേഗമാണ് അദാനിയുടെ മുന്നേറ്റം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.