Sections

വായ്പാ തിരിച്ചടക്കാൻ വീണ്ടും വായ്പയെടുക്കാനൊരുങ്ങി അദാനി

Saturday, Feb 11, 2023
Reported By admin
adani

സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. അതിന് പിന്നാലെ


ഓഹരി ഈട് നൽകി കൂടുതൽ തുക വായ്പ എടുത്ത് അദാനി ഗ്രൂപ്പ്. അദാനി ഗ്രീൻ എനർജി, അദാനി പോർട്‌സ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളുടെ ഓഹരികൾ ഈടായി നൽകിയാണ് വായ്പ എടുത്തത്. അദാനി എൻറെർപ്രൈസസിൻറെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ പേരിലെടുത്ത വായ്പാ തിരിച്ചടവിന് വിവിധ ബാങ്കുകൾക്ക് പണം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നൽകിയ വിവരങ്ങളിലാണ് ഇടപാടിനെക്കുറിച്ച് അറിയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എസ്ബിഐ ക്യാപ് ട്രെസ്റ്റീസ്. 

അദാനി പോർട്‌സ് 7500000 ഓഹരികളാണ് ഈട് നൽകിയത്. ആകെ ഓഹരിയുടെ .35 ശതമാനം വരുമിത്. നേരത്തെ തന്നെ 0.65 ശതമാനം ഓഹരികൾ എസ്ബിഐ കാപ് ട്രസ്റ്റീയിൽ ഈട് നൽകിയിരുന്നു. ഇതോടെ ആകെ ഒരു ശതമാനം അദാനി പോർട്‌സ് ഓഹരികൾ എസ്ബിഐ ക്യാപ് ട്രസ്റ്റീയിൽ ഈട് നൽകി. സമാനമായ നിലയിൽ അദാനി ട്രാൻസ്മിഷന്റെ 13 ലക്ഷം ഓഹരികളും അദാനി ഗ്രീൻ എനർജിയുടെ 60 ലക്ഷം ഓഹരികളും ഈട് നൽകിയിട്ടുണ്ട്. 

ജനുവരി 24 ന് ഹിന്റൻബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പിന് ഓർക്കാപ്പുറത്ത് കിട്ടിയ അടിയാണ്. ഇനിയും അതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ ഗ്രൂപ്പ് കമ്പനികളുടെ ബാധ്യത തീർക്കാൻ അദാനി ശ്രമിച്ചിരുന്നു. സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. അതിന് പിന്നാലെ അമേരിക്കയിൽ ഹിന്റൻബെർഗ് റിസർച്ചിനെതിരെ കേസ് വാദിക്കാൻ വാച്‌ടെൽ എന്ന കോർപറേറ്റ് അഭിഭാഷക കമ്പനിയെ സമീപിച്ചിട്ടുമുണ്ട്. ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെ, അദാനിയുടെയും വമ്പൻ പദ്ധതികളുടെയും ഭാവി എന്താകുമെന്ന് വരും നാളുകളിൽ അറിയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.