Sections

സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാനായി അക്സൽ 650 ദശലക്ഷം ഡോളർ സമാഹരിച്ചു

Tuesday, Jan 07, 2025
Reported By Admin
Accel Raises $650 Million to Boost Startups in India and Southeast Asia

കൊച്ചി: ഇന്ത്യയിലേയും തെക്കു കിഴക്കൻ ഏഷ്യയിലേയും സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാനായി മുൻനിര ആഗോള വെഞ്ചർ ക്യാപിറ്റൽ സ്ഥാപനമായ അക്സൽ 650 ദശലക്ഷം ഡോളർ സമാഹരിച്ചു. നിർമിത ബുദ്ധി, കൺസ്യൂമർ, ഫിൻടെക്, നിർമാണം തുടങ്ങിയ മേഖലകളിലാവും ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മെൻറർഷിപ്, നെറ്റ്വർക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നൽകുന്ന അക്സൽ ആഗോള തലത്തിൽ 40 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ 16 വർഷം മുമ്പാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 2024ലെ 2,700 ഡോളറിൽ നിന്ന് 60 ശതമാനം വർധിച്ച് 2029-ഓടെ 4,300 ഡോളറാകുമെന്ന കണക്കു കൂട്ടലിൽ ഉപഭോക്തൃ മേഖലയിലെ നിക്ഷേപങ്ങൾക്ക് വൻ സാധ്യതകളാണുള്ളത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപങ്ങളും വൻ നേട്ടമുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഐടി മേഖലയിലെ ഇന്ത്യയുടെ വിപുലമായ ശേഷി, ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങളിൽ സേവനം നൽകുന്ന സ്റ്റാർട്ടപ്പുകൾ, ഫിൻടെക് വെൽത്ത് മാനേജുമെൻറ്, ആഗോള തലത്തിലും ആഭ്യന്തരവുമായുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന നിർമാണ രംഗം എന്നിവ അടക്കമുള്ള മേഖലകളിലും വൻ സാധ്യതകളുണ്ട് എന്നാണ് കണക്കു കൂട്ടുന്നത്. ഇവയെല്ലാം അക്സലിൻറെ നിക്ഷേപ നീക്കങ്ങൾക്കു പിൻബലമേകുന്നു.

വ്യവസായ രംഗത്തെ മാറ്റി മറിക്കുന്നതും അതിവേഗം ഉയർന്നു കൊണ്ടിരിക്കുന്ന വിപണിയുടെ ആവശ്യങ്ങളെ നിറവേറ്റുന്നതുമായ നിർമിത ബുദ്ധി, കൺസ്യൂമർ, ഫിൻടെക്, മാനുഫാക്ടറിങ് മേഖലകളിലാണ് ഈ പുതിയ ഫണ്ടിലൂടെ തങ്ങൾ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് അക്സൽ പാർട്ട്ണർ പ്രയാങ്ക് സ്വരൂപ് പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കു പിന്നിൽ സ്റ്റാർട്ടപ്പുകൾക്കുള്ള പങ്ക് കൂടുതൽ വർധിക്കുകയാണെന്ന് അക്സൽ പാർട്ട്ണർ ശേഖർ കിരണി ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.