- Trending Now:
സ്റ്റാര്‍ട്ടപ്പിനെ പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നത്
വിജയിച്ച സംരംഭകരെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ബിസിനസില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടും പരാജയപ്പെടുന്നവരെയും നാം കാണാറുണ്ട്. അവരില്‍ നിന്നാണ് നമുക്ക് കൂടുതല്‍ പഠിക്കാന്‍ ഉള്ളത്. പണം സമ്പാദിക്കണമെന്നും ഒരു പദവി ഉണ്ടാക്കണമെന്നും അവര്‍ അതിയായി ആഗ്രഹിച്ചിട്ടുണ്ടാകാം. അതുകൊണ്ട് തന്നെയാണ് അവര്‍ വീണ്ടും വീണ്ടും ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. ആ പരാജയങ്ങളില്‍ നിന്ന് അറിവ് നേടി വിജയം കീഴടക്കാം എന്നാണവര്‍ മനസിലാക്കേണ്ടത്. ഇനി നിങ്ങള്‍ ഒരു സംരംഭം ആരംഭിക്കുന്നതിന് മുമ്പ് ഇവ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഒരു സംരംഭകന്‍ അവരുടെ യാത്രയില്‍ നേരിടുന്ന പ്രധാന അഞ്ച് വെല്ലുവിളികള്‍ എന്താണെന്നും അവ എങ്ങനെ മറിക്കടക്കാമെന്നും നമുക്ക് നോക്കാം.
1. സ്വയം സംശയം
സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പുറത്തുനിന്നുള്ളതല്ല, അതൊരു ആഭ്യന്തര പോരാട്ടമാണ്. നിരന്തരമായ 'സ്വയം സംശയം' നിങ്ങള്‍ക്ക് നേരെ നിലവിളിച്ചുകൊണ്ടേയിരിക്കുകയും വിജയിക്കാനുള്ള കഴിവ് നിങ്ങളില്‍ ഉണ്ടോ എന്ന ചിന്ത നിങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ആ ചിന്തകളെ അനിയന്ത്രിതമായി വിട്ടാല്‍, 'സ്വയം സംശയം' നിങ്ങളെ ഇല്ലാതാക്കുകയും നിങ്ങളെ നിഷേധാത്മകവും വിഷാദവുമുള്ള വ്യക്തിയാക്കുകയും ചെയ്യും. അത്തരമൊരു വ്യക്തിക്ക് വിജയകരമായ ഒരു സംരംഭകനാകാന്‍ കഴിയില്ല.
ദിവസവും ഒരു മണിക്കൂറെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട പുതിയ എന്തെങ്കിലും പഠിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. പുസ്തകങ്ങള്‍ വായിക്കുക, ഓഡിയോ ബുക്കുകള്‍ കേള്‍ക്കുക, വിജയകരമായ സംരംഭകരുടെ ട്വീറ്റുകള്‍ പിന്തുടരുക. 'സ്വയം സംശയം' ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളെ പോലെ സംരംഭം ചെയ്യുന്നവരെ കാണുകയും അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും എന്ന വിശ്വാസം നേടിയെടുക്കുകയും ചെയ്യുക എന്നതാണ്.
2. സങ്കീര്‍ണ്ണത
ഒരു ബിസിനസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണത കൈകാര്യം ചെയ്യുക എന്നതാണ് സംരംഭകരുടെ മറ്റൊരു വലിയ വെല്ലുവിളി. ഒരു സംരംഭത്തില്‍ സംരംഭകന്‍ ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ടാകാം. ചില സങ്കീര്‍ണമായ ഘട്ടങ്ങളെ മറികടക്കാന്‍ ചിലപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടേക്കാം. നിങ്ങള്‍ ചെയ്യേണ്ട ജോലി കുറച്ച് കുറച്ച് ഭാഗങ്ങളായി ചെയ്തുതീര്‍ക്കുക എന്നതാണ് അതിനുള്ള മാര്‍ഗം.
നിങ്ങള്‍ ചെയ്യേണ്ടവയുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. അത് ഒരു നീണ്ട ലിസ്റ്റായിരിക്കും. ചെയ്യേണ്ട ജോലികള്‍ മുന്‍ഗണനാ ക്രമത്തില്‍ മനസിലാക്കുക. ചിലത് അവശ്യമുള്ളതും പ്രധാനപ്പെട്ടതുമാകാം, എന്നാല്‍ നിലവില്‍ അവ അവഗണിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരും. പ്രാരംഭ ഘട്ടത്തില്‍ ഇതുപോലുള്ള ചില ത്യാഗങ്ങളില്ലാതെ വിജയകരമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനാകില്ല.
3. മികച്ച ടീം
സംരംഭകത്വം ഒരു ജോലിയല്ല. എന്നാല്‍ തുടക്കത്തില്‍ കുറച്ച് വര്‍ഷങ്ങളോളം ഒന്നിലധികം മേലധികാരികള്‍ (നിങ്ങളുടെ ഉപഭോക്താക്കള്‍) ഉള്ള ഒരു ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ജോലിയായി ഇത് അനുഭവപ്പെടുന്നു. കൂടാതെ ജീവനക്കാരില്ലാത്ത ഒരു കപ്പലിന്റെ ഏക ക്യാപ്റ്റനായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. ചില ആളുകള്‍ ഇതില്‍ നിന്ന് വളരുന്നു, എന്നാല്‍ ചിലര്‍ ഈ ചക്രത്തില്‍ എന്നെന്നേക്കുമായി കുടുങ്ങുന്നു, കാരണം അവര്‍ക്ക് ഒരു മികച്ച ടീം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.
നിങ്ങളുടെ ബിസിനസിനെയും ഉപഭോക്താക്കളെയും നിങ്ങള്‍ ചെയ്യുന്നതുപോലെ തന്നെ പരിപാലിക്കുന്ന ഒരു ടീമാണ് മികച്ച ടീം. നിങ്ങള്‍ ഒരു മികച്ച ടീം കെട്ടിപ്പടുക്കുമ്പോള്‍ കാര്യങ്ങള്‍ സാവധാനം എളുപ്പമാകാന്‍ തുടങ്ങും. അങ്ങനെയെങ്കില്‍ ബിസിനസ്സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും നിസ്സാരമായ കാര്യങ്ങളും പരിഹരിക്കുന്നതിനുപകരം കമ്പനിയുടെ ദീര്‍ഘകാല കാഴ്ചപ്പാടിലും വളര്‍ച്ചയിലും നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
മിക്ക സംരംഭകര്‍ക്കും ഒരു മികച്ച ടീം കെട്ടിപ്പടുക്കാന്‍ കഴിയാത്തതിന്റെ കാരണം അവരുടെ ബിസിനസ്സിന്റെ ലക്ഷ്യം സ്വാതന്ത്ര്യവും സമ്പത്തും കെട്ടിപ്പടുക്കുക എന്നതു മാത്രമായതിനാലാണ്. അത്തരം മുന്‍ഗണനകളോടെ ഒരു മികച്ച ടീമിനെ നിങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരു മികച്ച ടീം കെട്ടിപ്പടുക്കാനും ബിസിനസ്സിനായി മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ബിസിനസ്സിന് ലോകത്ത് വലിയ സ്വാധീനം ചെലുത്താനുള്ള ഉയര്‍ന്ന ലക്ഷ്യവും കാഴ്ചപ്പാടും ഉണ്ടായിരിക്കണം. ഈ ഉദ്ദേശ്യത്തോടെയുള്ള ബിസിനസ്സുകള്‍ക്കാണ് എളുപ്പത്തില്‍ മികച്ച ടീമിനെ നിര്‍മ്മിക്കാന്‍ കഴിയുന്നത്.
4. അടുത്ത ബന്ധങ്ങള്‍
പല സംരംഭകരും അടുത്ത ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടാറുണ്ട്. നിങ്ങളുടെ പങ്കാളി അങ്ങേയറ്റം പിന്തുണയ്ക്കുകയും ഒരു സംരംഭകന്റെ മാനസികാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് നിങ്ങളെ വലിയ ബുദ്ധിമുട്ടിലേക്ക് നയിക്കും.
സംരംഭകരുടെ മനസ്സില്‍ എപ്പോഴും ആശയങ്ങള്‍, ചെയ്യേണ്ട കാര്യങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, ആവേശം എന്നിവയായിരിക്കും. നിങ്ങള്‍ വിവാഹിതനോ വിവാഹിതയോ ആണെങ്കില്‍, നിങ്ങളുടെ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പങ്കാളി മനസ്സിലാക്കുന്നില്ലെങ്കില്‍, സംരംഭകത്വം കൂടുതല്‍ ബുദ്ധിമുട്ടേറിയതായിരിക്കും. സംരംഭകര്‍ക്ക് തൊഴില്‍-ജീവിത ബാലന്‍സ് എന്നൊന്നില്ല, കാരണം ജോലി തന്നെയാണ് അവരുടെ ജീവിതം. അതിനാല്‍ അങ്ങേയറ്റം പിന്തുണ നല്‍കുന്ന ആളെ കണ്ടെത്താന്‍ ശ്രമിക്കുക.
5. പണമൊഴുക്കും ധനകാര്യവും
ആരംഭിക്കുമ്പോള്‍ ബിസിനസ്സ് ഒരു വളര്‍ത്തുമൃഗത്തെ പോലെയാണ്. അനിയന്ത്രിതമായി വിട്ടാല്‍, അതിനെ മെരുക്കാന്‍ പ്രയാസമുള്ള കാര്യമായി മാറും. പല ഭാഗങ്ങള്‍ ചേര്‍ന്നാണ് ഒരു ഔട്ട്പുട്ട് ഉണ്ടാകുന്നത്്. ബിസിനസിലെ വരുമാനവും ലാഭവുമാണ് ഔട്ട്പുട്ട്. എല്ലാ ബിസിനസ്സിനും ഇന്‍പുട്ട് ആവശ്യമാണ്. മൂലധനം, മനുഷ്യശക്തി, ഫോക്കസ്, സര്‍ഗ്ഗാത്മകത, ടീം വര്‍ക്ക് എന്നിവ ചേര്‍ന്നതാണ് ഇന്‍പുട്ട്.
പല സംരംഭകരും വളരെ പ്രാരംഭ ഘട്ടത്തില്‍ ബിസിനസ്സിനായി വളരെയധികം മുതല്‍മുടക്കുന്നു, തുടര്‍ന്ന് ബിസിനസ്സ് പരാജയത്തിലേക്ക് കൂപ്പുകുത്തുന്നു. ഒരു ബിസിനസ്സിന്റെ പ്രാരംഭ ഘട്ടത്തില്‍ മൂലധനം, പണമൊഴുക്ക്, മനുഷ്യശക്തി എന്നിവ കൈകാര്യം ചെയ്യാന്‍ വളരെയധികം ധൈര്യമായ തീരുമാനങ്ങളും, മികച്ച കഴിവും ആവശ്യമാണ്. അത് പഠിപ്പിക്കാന്‍ കഴിയാത്ത ഒരു കഴിവാണ്. അനുഭവത്തിലൂടെ മാത്രമേ അത് പഠിക്കാനാവൂ.
സ്ഥാപകന്‍ സ്റ്റാര്‍ട്ടപ്പിനെ പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നത്. ദീര്‍ഘകാലത്തേക്ക് ഇന്‍പുട്ടിനേക്കാള്‍ ഔട്ട്പുട്ട് കുറവായിരിക്കുമ്പോള്‍, ബിസിനസ്സ് നശിച്ചു പോകും. ഇവിടെയാണ് സംരംഭകര്‍ ബാഹ്യ മൂലധനത്തിനായി നോക്കുന്നത്. എന്നാല്‍ തെറ്റായ സമയത്ത് മൂലധനം ഒരു കുഞ്ഞിന് അമിതമായി ഭക്ഷണം നല്‍കുന്നത് പോലെയാണ്.
മൂലധനം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. നിങ്ങള്‍ക്ക് വേണ്ടത് ഫിറ്റ് ബിസിനസ്സാണ്, പൊണ്ണത്തടിയുള്ള ബിസിനസല്ല. ബിസിനസിന് സുസ്ഥിരമായ നിലനില്‍പ്പ് ഉണ്ടാക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ക്ഷമയും അനുഭവപരിചയവും കൃത്യതയും ഇല്ലാതെ പണമൊഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.