Sections

വീഡിയോ കോളിലൂടെ പെന്‍ഷന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം

Tuesday, Nov 02, 2021
Reported By Admin
pension

ബാങ്ക് വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനം ആരംഭിച്ചു

 

പെന്‍ഷന്‍കാര്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യവുമായി എസ്ബിഐ. പെന്‍ഷന്‍ ലഭിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയമാണിപ്പോള്‍. പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ ഓരോ വര്‍ഷവും നവംബര്‍ 30 ന് മുമ്പായി പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് പെന്‍ഷന്‍കാര്‍ക്ക് ഇത്തരത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യം എസ്ബിഐ ഒരുക്കിയത്. ഇതിനായി ബാങ്ക് വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനം ആരംഭിച്ചു. ഈ പുതിയ സൗകര്യത്തിലൂടെ എസ്ബിഐയില്‍ പെന്‍ഷന്‍ അക്കൗണ്ടുള്ളവര്‍ക്ക് വീട്ടിലിരുന്ന് വിഡിയോ കോള്‍ വിളിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ നടപടികള്‍ പേപ്പര്‍രഹിതവും സൗജന്യവുമായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

എസ്ബിഐയുടെ വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഉപയോഗിക്കാം

1. www.pensionseva.sbiഎന്ന പെന്‍ഷന്‍ സേവ വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ക്ക് വേണ്ടി Video LC എന്നതില്‍ ക്ലിക് ചെയ്യുക

3. നിങ്ങളുടെ എസ്ബിഐ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ നല്‍കുക.

4. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ റജിസ്ട്രേഡ് മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒടിപി ( വണ്‍ടൈം പാസ്സ് വേഡ് ) നല്‍കി Submit എന്നതില്‍ ക്ലിക് ചെയ്യുക

5. വ്യവസ്ഥകളും നിബന്ധനകളും(Terms & conditions) സമ്മതിച്ചതിന് (Accept)ശേഷം 'start Journey' എന്നതില്‍ ക്ലിക് ചെയ്യുക

6. ഒറിജിനല്‍ പാന്‍ കാര്‍ഡ് കൈയ്യില്‍ കരുതിയിട്ട് I am ready എന്നതില്‍ ക്ലിക് ചെയ്യുക

7. വിഡിയോ കോള്‍ തുടങ്ങുന്നതിന് നിങ്ങള്‍ അനുവാദം നല്‍കണം.

8. എസ്ബിഐ ജീവനക്കാരനുമായി വീഡിയോകോള്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ സ്‌ക്രീനില്‍ കാണുന്ന 4 അക്ക വെരിഫിക്കേഷന്‍ കോഡ് നിങ്ങളോട് വായിക്കാന്‍ ആവശ്യപ്പെടും.

9. അതിന് ശേഷം നിങ്ങളുടെ പാന്‍കാര്‍ഡ് കാണിക്കണം. വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടികളില്‍ ഒരിടത്തും ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടില്ല എന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. പാന്‍ കാര്‍ഡ് മാത്രം കൈവശം സൂക്ഷിക്കുക.

10. ബാങ്ക് ജീവനക്കാരന്‍ നിങ്ങളുടെ ഫോട്ടോ എടുത്തു കഴിയുന്നതോടെ വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ത്തിയാകും.

 

വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുകയാണെങ്കില്‍ എസ്എംഎസ് വഴി അത് നിങ്ങളെ അറിയിക്കും. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതായി വരും. നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം വീഡിയോ കോളിന് വേണ്ടി മുന്‍കൂട്ടി നിശ്ചയിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.