Sections

സൗദിയില്‍ പെണ്‍കരുത്ത് ശക്തമാകുന്നു; 2 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ വനിതകളുടേത്‌

Thursday, Sep 09, 2021
Reported By admin
Women Empowerment

വനിതാ ശാക്തീകരണ നടപടികളെ തുടര്‍ന്ന് വനിതകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

 

സ്ത്രീകള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും അനുവദിക്കാത്ത ഇസ്ലാം രാഷ്ട്രം എന്ന ലേബലില്‍ നിന്നും ഇന്ന് സൗദി വളരെ വളര്‍ന്നിരിക്കുന്നു.രാജ്യത്ത് വനിതാ ശാക്തീകരണ നടപടികളെ തുടര്‍ന്ന് വനിതകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നിലവില്‍ 1,74,000 വ്യാപാര സ്ഥാപനങ്ങളാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളത്.ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് റിപോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2016ല്‍ വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സ്ത്രീശാക്തീകരണ മേഖലയില്‍ നിരവധി സുപ്രധാന ചുവടുവെപ്പുകളും പരിഷ്‌കരണങ്ങളും സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ഇതിലൂടെ പ്രതിബന്ധങ്ങളേതുമില്ലാതെ ബിസിനസ് നടത്താന്‍ വനിതകള്‍ക്ക് അവസരമൊരുങ്ങി. ഡ്രൈവിംഗ് അനുമതിയും സ്ത്രീകള്‍ക്ക് ലഭിച്ചു. വ്യവസായ നഗരങ്ങളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 17,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ സിറ്റികളില്‍ നാലു ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ ബാങ്കുകളില്‍ വനിതകള്‍ക്ക് പതിനായിരം കോടി റിയാലിന്റെ നിക്ഷേപങ്ങളുണ്ട്. വനിതകള്‍ക്കു മുന്നില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ തുറന്നതോടെ സ്വദേശി വനിതികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

വനിതാ ശാക്തീകരണത്തിന് ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡുകളിലും വിവിധ ബിസിനസ് മേഖലകളെ പ്രതിനിധീകരിക്കുന്ന ദേശീയ കമ്മിറ്റികളിലും ബിസിനസ് കൗണ്‍സിലുകളിലും വനിതകള്‍ക്ക് അംഗത്വം ഉറപ്പാക്കല്‍, സാമ്പത്തിക മേഖലകളില്‍ സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കല്‍, വനിതാ ഏകോപന സമിതിക്ക് പിന്തുണ നല്‍കല്‍, വനിതാ വ്യവസായി സമ്മേളനം സംഘടിപ്പിക്കല്‍, സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ വനിതാ സാന്നിധ്യം ഉറപ്പു വരുത്തുന്നതിന് പിന്തുണ നല്‍കല്‍ തുടങ്ങി സ്ത്രീശാക്തീകരണത്തിന് വ്യത്യസ്ത തലങ്ങളില്‍ ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നു. സൗദിയിലെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡുകളില്‍ മൂന്നു വനിതാ അംഗങ്ങളാണ് നിലവിലുള്ളത്. വിവിധ ബിസിനസ് മേഖലകളെ പ്രതിനിധീകരിക്കുന്ന ദേശീയ കമ്മിറ്റികളുടെ പ്രസിഡന്റുമാരില്‍ 11 ശതമാനവും വനിതകളാണ്.

രാജ്യത്ത് ചില്ലറ,മൊത്ത വ്യാപാര മേഖലയിലെ തൊഴിലാളികളില്‍ 76.2 ശതമാനവും വിദേശികളാണെന്ന് കുറച്ചുനാള്‍ മുന്‍പ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.ഈ മേഖലയിലാകെ 18.7 ലക്ഷത്തോളം ജീവനക്കാരാണുള്ളത് ഇതില്‍ 14.2 ലക്ഷം പേര്‍ വിദേശികളാണ് 4,46,094 പേര്‍ സ്വദേശികളും.

ചില്ലറ,മൊത്ത വ്യാപാര മേഖലയിലെ വനിത ജീവനക്കാരില്‍ 88.8 ശതമാനവും സ്വദേശികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ഈ മേഖലയില്‍ ആകെ 2,04,284 പേര്‍ വിദേശികളാണ് സ്വദേശികളായ വനിത ജീവനക്കാര്‍ ആകട്ടെ 18131 ആണ്.വ്യാപാര മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി ഷോപ്പിംഗ് മാളുകള്‍,കോഫി ഷോപ്പുകള്‍,റസ്റ്റോറന്റുകള്‍ എന്നീ ഇടങ്ങളില്‍ സൗദി വല്‍ക്കരണം നടപ്പിലാക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.