Sections

ഇന്ധന വിലയോടൊപ്പം കുതിച്ചുയര്‍ന്ന് പച്ചക്കറി വിലയും

Saturday, Oct 09, 2021
Reported By Admin
vegetables

വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു

 

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറിയുടെ വരവ് കുറഞ്ഞതും ഇന്ധന വില വര്‍ദ്ധനവുമാണ് വില ഉയരാന്‍ കാരണം. സവാളയ്ക്ക് പിന്നാലെ സംസ്ഥാനത്ത് തക്കാളിയുടെ വിലയും കുതിച്ചുയരുകയാണ്. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വര്‍ദ്ധിച്ചത്. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു. 

വരും ദിവസങ്ങളില്‍ വില കുതിയ്ക്കാനാണ് സാദ്ധ്യത. ഒരാഴ്ച മുമ്പ് 20 രൂപയായിരുന്ന സവാള വില മൊത്തവിപണിയില്‍ 38 കടന്നു. ചില്ലറ വിപണിയിലെത്തുമ്പോള്‍ 45നു മുകളിലാണ് വില. തക്കാളിക്ക് ഒരാഴ്ച കൊണ്ട് 16 രൂപ കൂടി 32 ആയി. കടകളിലെത്തുമ്പോള്‍ നാല്‍പ്പതു മുതല്‍ 60 രൂപ വരെയുണ്ട്.

മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം കൂടി. പയറിനും ബീന്‍സിനും ക്യാരറ്റിനുമെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയായി. പച്ചമുളകിനും വെള്ളരിക്കും മത്തങ്ങയ്ക്കുമൊക്കെയാണ് കാര്യമായി വില വര്‍ദ്ധിക്കാത്തത്. 

കര്‍ണാടകയിലെ കാര്‍ഷിക മേഖലയായ ചിക്കബല്ലാപ്പൂര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ അറുപത് ശതമാനമെങ്കിലും വിളവ് കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മലയാളികളെയാണ് ഇത് ഏറെ ബാധിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.