- Trending Now:
ബിസിനസില്‍ നിന്നുള്ള ലാഭം ഉള്‍പ്പടെയുള്ള മൊത്തവരുമാനം ബാധകമായ അടിസ്ഥാന കിഴിവില്‍ കൂടുതല്‍ ആണെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥനാണ്
പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ നിരവധി പേര്‍ പ്രതിസന്ധിയില്‍ ആകാറുണ്ട്. ചെറുകിട സംരംഭകരാണെങ്കില്‍ അവരുടെ അറിവില്ലായ്മയായിരിക്കും അതിന് കാരണം. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട നിരവധിപ്പേര്‍ ഉപജീവനത്തിനായി ചെറുകിട സ്ഥാപനം ആരംഭിക്കാന്‍ തയാറെടുക്കാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആദായനികുതിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നറിയില്ല.
ഇതു വരെ ആദായനികുതി നല്‍കാനുള്ള വരുമാനമൊന്നും ഇല്ലാത്തതു കൊണ്ട് ഇവരിലേറെയും റിട്ടേണ്‍ കൊടുക്കാറില്ലായിരുന്നു എന്നതും കണക്കാക്കേണ്ടതാണ്. ആദായനികുതി സംബന്ധിച്ച് ആദ്യം ചെയ്യേണ്ടത് പാന്‍ ഇല്ല എങ്കില്‍ സ്വന്തം പേരില്‍ പാന്‍ എടുക്കുക എന്നതാണ്. ബിസിനസ് വരവുകള്‍ കൈപ്പറ്റുന്നതിനും ചിലവുകള്‍ നടത്തുന്നതിനുമായി പ്രത്യേക ബാങ്ക് കറന്റ് അക്കൗണ്ട് തുടങ്ങണം.
ബിസിനസില്‍ നിന്നുള്ള ലാഭം ഉള്‍പ്പടെയുള്ള മൊത്തവരുമാനം ബാധകമായ അടിസ്ഥാന കിഴിവില്‍ കൂടുതല്‍ ആണെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥനാണ്. 60 വയസ്സെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷവും, 80 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷവും മറ്റുള്ളവര്‍ക്ക് 2.5 ലക്ഷവും ആണ് അടിസ്ഥാന കിഴിവ്. ഒരു സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്മേല്‍ ആണ് നികുതിബാധ്യത കണക്കാക്കേണ്ടത്.
ലാഭം അറിയുന്നതിനായി ബിസിനസില്‍ വരവ് ചെലവ് കണക്കുകളും ബില്ലുകളും വൗച്ചറുകളും ഉള്‍പ്പെടുന്ന രേഖകളെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. കണക്കുകള്‍ എഴുതി സൂക്ഷിക്കുകയോ കംപ്യൂട്ടറില്‍ സൂക്ഷിക്കുകയോ ആവാം.ബിസിനസിലെ വരവുകളില്‍ നിന്ന് ചിലവുകള്‍ കുറയ്ക്കുമ്പോള്‍ കിട്ടുന്ന ലാഭം കണക്കുകളില്‍ നിന്ന് അറിയുവാന്‍ സാധിക്കണം. കണക്കുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വകുപ്പ് 44AD പ്രകാരം അനുമാന അടിസ്ഥാനത്തില്‍ ബിസിനസ് ലാഭം കണക്കാക്കാവുന്നതാണ്.
ഈ വകുപ്പ് പ്രകാരം ബാങ്കിലൂടെ കൈപ്പറ്റിയ ബിസിനസ് വിറ്റുവരവിന്റെ കുറഞ്ഞത് 6 ശതമാനവും ബാങ്കിലൂടെയല്ലാതെ പണമായി കൈപ്പറ്റിയ ബിസിനസ് വരവുകളുടെ കുറഞ്ഞത് 8 ശതമാനമെങ്കിലും ബിസിനസ് ലാഭമായി കണക്കാക്കണം. താങ്കളുടെ അനുമാനം അനുസരിച്ചു ബിസിനസ് ലാഭം വിറ്റുവരവിന്റെ മേല്‍പറഞ്ഞ ശതമാനങ്ങളെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ കൂടുതല്‍ ലാഭം ഉള്ളതായി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ കാണിക്കാം.
ഒരു സാമ്പത്തിക വര്‍ഷത്തെ ലാഭം കണക്കാക്കി ആ ലാഭവും, ബിസിനസ്സ് കൂടാതെ പലിശ, വാടക തുടങ്ങിയ ഇതര വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അതും ചേരുന്നതാണ് താങ്കളുടെ മൊത്ത വരുമാനം. ഒരു സാമ്പത്തിക വര്‍ഷത്തേക്ക് ഈ വരുമാനം കണക്കാക്കുമ്പോള്‍ ആദ്യം പറഞ്ഞത് പോലെ അടിസ്ഥാന കിഴിവില്‍ കൂടുതല്‍ ആണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ചെറുകിട സംരംഭകര്‍ പ്രാഥമികമായി എടുക്കേണ്ടത് ഡി ആന്റ് ഓ ലൈസന്‍സ് ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ ലൈസന്‍സ് ലഭിക്കുക. വാടക എഗ്രീമെന്റ്, ബില്‍ഡിംഗ് ടാക്‌സ് റസീപ്ന്റ്, ഡിആന്റ് ഓ അപേക്ഷാ ഫോം, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് (ആവശ്യമാണെങ്കില്‍) എന്നിവയാണ് ഇതിന് ആവശ്യമായുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.