Sections

നിലവിലുള്ള വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ എന്തൊക്കെ ചെയ്യണം? 

Tuesday, Sep 07, 2021
Reported By Aswathi Nurichan
bank loan

വായ്പയുടെ ബാക്കി തുക ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുന്ന പ്രക്രിയയാണ് ലോണ്‍ ട്രാന്‍സ്ഫര്‍. വായ്പ പേയ്‌മെന്റിന്റെ ഭാരം കുറയ്ക്കുക എന്നതാണ് ലോണ്‍ ഇഎംഐ കൈമാറ്റത്തിന്റെ ലക്ഷ്യം

 

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വലിയ പലിശയ്ക്ക് വായ്പയെടുത്ത് കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത നിരവധി പേര്‍ നമ്മുക്ക്് ചുറ്റുമുണ്ട്. പെട്ടെന്ന ഉള്ള ആവശ്യം നിറവേറ്റായിരിക്കും അവര്‍ വലിയ പലിശ വകവെയ്ക്കാതെ ഇത്തരം വായ്പകള്‍ എടുത്തിട്ടുണ്ടാവുക. എന്നാല്‍ ഒരു ബാങ്കില്‍ നിന്ന് എടുത്ത വായ്പ പലിശ കുറവുള്ള മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിനുള്ള സൗകര്യത്തെ കുറച്ച് അറിയാമോ? നിലവിലുള്ള വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളാണ് ഉള്ളത്, എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാം.

വായ്പയുടെ ബാക്കി തുക ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുന്ന പ്രക്രിയയാണ് ലോണ്‍ ട്രാന്‍സ്ഫര്‍. വായ്പ പേയ്‌മെന്റിന്റെ ഭാരം കുറയ്ക്കുക എന്നതാണ് ലോണ്‍ ഇഎംഐ കൈമാറ്റത്തിന്റെ ലക്ഷ്യം. വായ്പാ കൈമാറ്റ പ്രക്രിയയ്ക്ക് വായ്പാക്കാരനില്‍ നിന്ന് പുതിയ ഈട് ആവശ്യമില്ല. നിലവിലെ മോര്‍ട്ടിഗേജ് അസ്റ്റ് ഉണ്ടെങ്കില്‍ അത് പുതിയ ബാങ്കിലേക്ക് മാറ്റാവുന്നതാണ്. 

നിലവിലെ നിങ്ങളുടെ 5 ലക്ഷം രൂപയുടെ വ്യക്തകത വായ്പയുടെ പലിശ നിരക്ക് 15 ശതമാനമാണെങ്കില്‍ ഇനി അടയ്ക്കാന്‍ ബാക്കിയുള്ള കാലയളവില്‍ 9.80 ശതമാനം പലിശ നിരക്കിലുള്ള ഒരു പുതിയ ബാങ്കിലേക്ക് നിങ്ങള്‍ ഇത് കൈമാറുകയാണെങ്കില്‍ പലിശ ഇനത്തില്‍ പണം ലാഭിക്കാം. നല്ലൊരു തുക ലാഭിക്കുന്നതിനൊപ്പം മാസ അടവ് തുക കുറയുകയും ചെയ്യും.

ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള ബാങ്കുമായി ഒരു അനുനയ നീക്കം നടത്താം. ബാങ്കുമായി വിശ്വസ്തമായ ബന്ധമുണ്ടെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും വായ്പാ തിരിച്ചടവ് ശേഷിയും നോക്കി പലിശ കുറയ്ക്കുന്നതിനുള്ള നിങ്ങളുടെ അഭ്യര്‍ത്ഥ ബാങ്ക് പരിഗണിച്ചേക്കാം. രണ്ടാമതായി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ബാലന്‍സ് ട്രാന്‍സ്ഫറിന് യോഗ്യമാണോ അല്ലയോ എന്നതിന്റെ സൂചന നല്‍കുന്നു. കൃത്യ സമയത്ത് ക്രെഡിറ്റ് തിരിച്ചടയ്ക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ക്രെഡിറ്റ് റേറ്റിങിനെ തടസപ്പെടുത്തും. പുതിയ ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തുന്നതിനാല്‍ ബാലന്‍സ് ട്രാന്‍സ്ഫറിനെ അത് ബാധിക്കും.

ബാലന്‍സ് ട്രാന്‍സ്ഫര്‍ പ്രക്രിയയില്‍ പ്രോസസ്സിംഗ് ഫീസ്, അപേക്ഷാ ഫീസ്, അഡിമിനിസ്‌ട്രേഷന്‍ ചാര്‍ജ്, ഇന്‍സ്്‌പെക്ടര്‍ ഫീസ് എന്നിവ ഉള്‍പ്പെടുന്നു. ഏറ്റവും പ്രധാനമായി ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലൂടെ എല്ലാ ചാര്‍ജുകളും കൂട്ടി നോക്കി നിലവിലുള്ള ബാങ്കില്‍ തന്നെ അടയ്ക്കുന്നതിനേക്കാള്‍ ലാഭം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പ്രക്രിയ തുടരുക. ആവശ്യമെങ്കില്‍ ഒരു എക്‌സ്‌പേര്‍ട്ടിന്റെ സഹായം തേടേണ്ടതാണ്.

ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഏതു ബാങ്കിലേക്കാണോ മാറ്റേണ്ടത് ആ ബാങ്കുമായി നേരിട്ടോ ഓണ്‍ലൈനിലൂടെയോ ബന്ധപ്പെടുക. വെബ്‌സൈറ്റ് വഴിയാണ് പരിശോധിക്കുന്നതെങ്കില്‍ പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും സഹിതം എല്ലാ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക. സ്‌കീമില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ മാത്രം ബാലന്‍സ് കൈമാറ്റത്തിന് അപേക്ഷിക്കാം.

നിങ്ങളുടെ പേര്, ഈടു നല്‍കിയിരിക്കുന്ന വസ്തുവിന്റെ വിവരങ്ങള്‍, നിലവിലുള്ള വായ്പയുടെ കാലാവധി, ബാങ്കിന്റെ പേര് എന്നിവ ഉള്‍പ്പെടെ ആവശ്യമായ ഫീല്‍ഡുകള്‍ പൂരിപ്പിച്ച് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ ലോണ്‍ ഓഫര്‍ കാണാന്‍ കഴിയും. ആവശ്യമായ എല്ലാ ഫീസുകളും അടച്ച് നിങ്ങളുടെ രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് ശേഷം അംഗീകാരത്തിനായി കാത്തിരിക്കാം

പല ബാങ്കുകളിലും പലവിധ നടപടി ക്രമങ്ങളാണ്. ചില ബാങ്കുകളില്‍ ഭവന വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്ന നടപടി ക്രമത്തില്‍ വ്യത്യാസമുണ്ട്. മാത്രമല്ല വായ്പയെടുത്ത് 18 മാസത്തെ കൃത്യമായ അടവിന് ശേഷമാണ് പല ബാങ്കുകളും ലോണ്‍ ട്രാന്‍സ്ഫര്‍ അനുവദിക്കുന്നത്. അതാത് ബാങ്കിന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് നടപടി ക്രമങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കുക. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.