Sections

സ്റ്റാര്‍ട്ടപ്പ് അത്ര ഈസിയല്ല; ആശയം കണ്ടെത്താന്‍ വഴികള്‍ ?

Wednesday, Sep 01, 2021
Reported By admin
startup

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആവശ്യമായ ആശയം എങ്ങനെയാണ് കണ്ടെത്താന്‍ സാധിക്കുന്നത്‌ ?
 

 

ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൊക്കെ എവിടെ തിരിഞ്ഞാലും പുതിയ പുതിയ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലെ പല സ്റ്റാര്‍ട്ടപ്പുകളിലേക്ക് നടത്തുന്ന വലിയ നിക്ഷേപങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളെ കേള്‍ക്കാനുള്ളു.ഇതൊക്കെ കേട്ട് എന്നാലൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിക്കളയാം എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.പക്ഷെ അങ്ങനെ പെട്ടെന്ന് വാരിക്കൂട്ടി തുടങ്ങാന്‍ പറ്റിയ മേഖലയല്ല സ്റ്റാര്‍ട്ടപ്പുകളുടേത്.നിങ്ങള്‍ ആത്മാര്‍ത്ഥമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മികച്ച ആശയം കണ്ടെത്താന്‍ ചില വഴികളൊക്കെ ഉണ്ട്.എന്താണെന്ന് നോക്കിയാലോ ?

നമ്മുടെ കേരളത്തില്‍ കൂണ്‍ മുളച്ചതു പോലെ സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം ചെയ്യുകയാണ് അതുകൊണ്ട് തന്നെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് വലിയ ഡിമാന്റുണ്ടെന്നതാണ് സത്യം.കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മറ്റ് മേഖലകളിലെ പ്രൊഫഷണലുകളും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.വിപണിയിലേക്ക് പുതുതായൊരു ഉത്പന്നമോ സേവനമോ വികസിപ്പിക്കുന്നതില്‍ ഒരു സ്റ്റാര്‍ട്ടപ്പിന്റ ആശയത്തിന് വലിയ പ്രാധാന്യമുണ്ട്.അതായത് ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തിന്റെ അടിത്തറ ആശയം തന്നെയാണ്.

സ്വന്തമായി സ്റ്റാര്‍ട്ടപ്പിന് വേണ്ട ആശയം കണ്ടെത്താന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഇന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ആശയങ്ങള്‍ നല്‍കി സഹായിക്കുന്നുമുണ്ട്.കൂടാതെ പേറ്റന്റുകള്‍ നേടിയ സാങ്കേതിക വിദ്യകള്‍ പണം നല്‍കി അവര്‍ക്ക് വാങ്ങാനും സാധിക്കും.ഇത്തരം ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിനായി ഉപയോഗിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആശയം വളര്‍ത്തിയെടുക്കാം

മികച്ചതെന്ന് ഉറപ്പിക്കാവുന്ന ഒരു ബിസിനസ് ഐഡിയ സ്വന്തമായി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.അതായത് ആശയവികസനം സംരംഭകന്റെ ഉള്ളില്‍ തന്നെയാണ് ഉണ്ടാകേണ്ടത്.ശേഷം അതിന്റെ ബ്ലൂപ്രിന്റ് അഥവ പ്രോട്ടോടൈപ്പ് വികസിപ്പിക്കണം.ഇതിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ തന്റെ ആശയത്തിന്റെ ടെക്‌നിക്കല്‍ പ്രവര്‍ത്തനക്ഷമതയെ കുറിച്ചും,വാണിജ്യ സാധ്യതയെ കുറിച്ചും വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്.ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ മാര്‍ക്കറ്റിലെ സ്വീകാര്യത,ലക്ഷ്യമിടുന്ന ടാര്‍ജറ്റ് ഗ്രൂപ്പ്,ഉത്പന്നം വാങ്ങാനുള്ള അവരുടെ ശേഷി എന്നീ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം മാത്രമെ ഉത്പന്നത്തിന്റെ/ സാങ്കേതിക വിദ്യയുടെ വികസനത്തിലേക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കടക്കാന്‍ പാടുള്ളു.

സാങ്കേതിക ആശ്രയം

കേരളത്തില്‍ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നൂതന ഉത്പന്നങ്ങളുടെ സാങ്കേതിക വിദ്യകള്‍ നല്‍കുന്നുണ്ട്.സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഇന്‍കുബേറ്റര്‍ സൗകര്യത്തില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ടെസ്റ്റ് മാര്‍ക്കറ്റിംഗ് നടത്താനുള്ള അവസരം വരെ ഒരുക്കി നല്‍കുന്നുണ്ട്.കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി,കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്,തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി,കാസര്‍ഗോഡുള്ള സിപിസിആര്‍ഐ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം സാങ്കേതികവിദ്യകള്‍ വാങ്ങാവുന്നതാണ്.

പ്രിസം സ്‌കീം

ചെറുകിട ഇടത്തരം വ്യവസായങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും ഇന്നൊവേഷന്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് പ്രിസം സ്‌കീം.ഐടി ഇതര മേഖലകളില്‍ ഈ പദ്ധതി പ്രകാരം ഒരു ആശയം പ്രായോഗിക തലത്തിലെത്തിക്കുന്നത് വരെ 72 ലക്ഷം രൂപയുടെ പിന്തുണ ലഭിക്കും.നിലവിലുള്ള കമ്പനിക്ക് പുതിയ പ്രൊഡക്ട് വികസിപ്പിക്കുന്നതിനും ഈയൊരു ഫണ്ട് ലഭിക്കുന്നതാണ്.പ്രിസം സ്‌കീം അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ആശയത്തിന് ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷം രൂപയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനായി 20 ലക്ഷം രൂപയും സ്വന്തമായി കമ്പനി തുടങ്ങി വിപണനം നടത്തുകയാണെങ്കില്‍ അതിനായി 50 ലക്ഷം രൂപയും ലഭിക്കുന്നു.

ആര്‍ഐഎം

തിരുവനന്തപുരത്ത് ശാസ്ത്രഭവന്‍ സംഘടിപ്പിക്കുന്ന ആര്‍ഐഎം അഥവ റൂറല്‍ ഇന്നൊവേഷന്‍ മീറ്റില്‍ പങ്കെടുക്കുന്നതിലൂടെ നിരവധി പുതിയ ആശയങ്ങളെ കുറിച്ച് അറിവ് ലഭിക്കും.താല്‍പര്യമുള്ള സംരംഭകര്‍ക്ക് ശാസ്ത്രഭവനില്‍ നിന്ന് തന്നെ ആശയത്തിന്റെ വിശദാംശങ്ങള്‍ നേടാം.ആര്‍ഐഎമ്മിലെ ഇന്നൊവേറ്റേഴ്‌സില്‍ നിന്നും ആശയം വിലയ്ക്ക് വാങ്ങിയോ അല്ലെങ്കില്‍ അവരെ കൂടി പങ്കാളികളാക്കിയോ സംരംഭം തുടങ്ങാന്‍ സാധിക്കും.

ഇത്തരത്തില്‍ ചില വഴികളാണ് ഒരു സ്റ്റാര്‍ട്ടപ്പ് ആശയം കണ്ടെത്താനായി നിലവില്‍ മലയാളികള്‍ക്ക് മുന്നിലുള്ളത്.എപ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആശയം എത്രമാത്രം ആകര്‍ഷിക്കുന്നതാണ് എന്നതിനെ ആശ്രയിച്ചിരിക്കും സ്റ്റാര്‍ട്ടപ്പിന്റെ വിജയവും വിദേശ നിക്ഷേപ സാധ്യതയുമൊക്കെ.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.