Sections

വാഹനം അപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം

Tuesday, Oct 05, 2021
Reported By Aswathi Nurichan
vehicle accident

അപകടം സംഭവിച്ചയാളുടെ പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കപ്പെട്ടുക


മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് നിരത്തില്‍ ഇറങ്ങിയാല്‍ ഒരുപാട് വാഹനങ്ങള്‍ തിങ്ങി നിറയുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെ വാഹന അപകടങ്ങളുടെ എണ്ണവും കൂടുതലാണ്. വാഹനാപകടങ്ങള്‍ക്ക് കാരണം പലതുണ്ടെങ്കിലും, അപകടം സംഭവിക്കുന്നയാളുടെ കുടുംബത്തിന് അത് ഒരു തീരാ നഷ്ടമായി തന്നെ മാറുകയാണ് പതിവ്. എന്നാല്‍ വാഹനാപകടം നടന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമം നിലവിലുണ്ട്. ഇത്തരത്തില്‍ വാഹനം അപകടം പെടുകയാണ് എങ്കില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രബ്യൂണല്‍ അഥവാ എം എസ് ടി എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരു അപകടം നടന്നതിനുശേഷം നഷ്ടപരിഹാരം ലഭിക്കുന്നതിനായി പരാതി കൊടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. 2019ലെ മോട്ടോര്‍ വാഹന വകുപ്പ് നിയമഭേദഗതിയില്‍ ആണ് ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവന്നിട്ടുള്ളത്. അതായത് ഒരു അപകടം നടന്ന് ആറുമാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തിനായുള്ള കാര്യങ്ങള്‍ ചെയ്തിരിക്കണം. എം എസ് ടി യില്‍ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെ സമീപിച്ച് പരാതി തയ്യാറാക്കി അതോടൊപ്പം ആശുപത്രിയില്‍ നിന്നും പോലീസില്‍ നിന്നും ലഭിക്കുന്ന രേഖകളുടെ പകര്‍പ്പ് കൂടി അറ്റാച്ച് ചെയ്താണ് കേസ് ഫയല്‍ ചെയ്യേണ്ടത്.


 

പരാതി നല്‍കുന്നതിനായി ആവശ്യമായ രേഖകള്‍ ഏതെല്ലാമാണ്?

അപകടത്തില്‍ പരിക്ക് മാത്രം സംഭവിക്കുകയാണെങ്കില്‍ പോലീസില്‍ നിന്നും ലഭിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് അതായത് എഫ് ഐ ആര്‍, ചാര്‍ജ് ഷീറ്റ്, AMVI റിപ്പോര്‍ട്ട്, ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ചികിത്സ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് അതോടൊപ്പം വരുമാനം തെളിയിക്കുന്ന രേഖ, എന്നിവയെല്ലാമാണ് പ്രധാന രേഖകള്‍ ആയി സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അപകടത്തില്‍ മരണം സംഭവിച്ചിട്ടുണ്ട് എങ്കില്‍ മരണപ്പെട്ട വ്യക്തിയുടെ പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ദേഹപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയും രേഖയായി നല്‍കേണ്ടതുണ്ട്.

പരാതി ലഭിച്ചു കഴിഞ്ഞാല്‍ കോടതി അതിന്റെ ഒരു പകര്‍പ്പ് എതിര്‍കക്ഷികള്‍ക്ക് അയക്കുന്നതാണ്. അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍, ഉടമ, വാഹനം ഇന്‍ഷൂര്‍ ചെയ്തിരിക്കുന്ന കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. ഇത്തരത്തില്‍ എതിര്‍കക്ഷികള്‍ കോടതിയില്‍ നല്‍കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍, അപേക്ഷ നല്‍കിയ ആള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെടുകയാണ് എങ്കില്‍ അതിന് ആവശ്യമായ വിധി കോടതി പ്രഖ്യാപിക്കും.

ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നികത്തുന്നത് എങ്കില്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേറ്ററുടെ സഹായത്താല്‍ ആവശ്യമായ രേഖകള്‍ സമാഹരിച്ച് ഇന്‍ഷൂറന്‍സ് പോളിസി ഉണ്ട് എന്ന് ഉറപ്പു വരുത്തി ഡ്രൈവിംഗ് ലൈസന്‍സ് വാഹനത്തിന്റെ മറ്റു രേഖകള്‍ എന്നിവകൂടി പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനെ ഏല്‍പ്പിക്കും. ഇത്തരത്തില്‍ നിയോഗിക്കുന്ന അഭിഭാഷകരാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി കേസ് തീരുന്നതുവരെ കോടതിയില്‍ പ്രവര്‍ത്തിക്കുക.

പ്രധാനമായും രണ്ട് രീതികളിലാണ് കേസ് ഒത്തുതീര്‍പ്പാക്കപെടുന്നത്

ആദ്യത്തെ രീതി അപകടത്തെ സംബന്ധിച്ച എല്ലാവിധ രേഖകളും, മറ്റ് വസ്തുതകളും കൃത്യമായി പരിശോധിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയുണ്ട് എന്ന് ഉറപ്പു വരുത്തി ഒരു നിശ്ചിത തീയതിക്കുള്ളില്‍ അദാലത്ത് വഴി കേസ് ഒത്തുതീര്‍പ്പാക്കപെടും . ഇവിടെ സംഭവിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനിയുമായി അധികാരപ്പെട്ട വരും, കമ്പനി നിയോഗിച്ച അഭിഭാഷകന്‍, പരാതി നല്‍കിയ ആള്‍, പരാതി നല്‍കിയ ആള്‍ക്കുവേണ്ടി നിയോഗിച്ച അഭിഭാഷകന്‍ എന്നിവര്‍ കോടതി നിയോഗിച്ചിട്ടുള്ള മീഡിയേറ്ററുടെ മുന്നില്‍ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും അതുവഴി ഒരു നിശ്ചിത നഷ്ടപരിഹാരത്തുക തീരുമാനിക്കപ്പെട്ടു കയ്യും ആണ് ചെയ്യുക.

എന്നാല്‍ കേസ് സംബന്ധിച്ചോ, സാധ്യതകള്‍ സംബന്ധിച്ചോ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ കോടതി ആവശ്യമായ തെളിവെടുപ്പുകള്‍ നടത്തുകയോ, അല്ലാത്തപക്ഷം കേസ് തള്ളപ്പെടുകയോ ചെയ്യും. അപകടം സംഭവിച്ചയാള്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ ചിലവുകള്‍, നഷ്ടപരിഹാരത്തില്‍ ലഭിക്കുന്നതാണ്. എന്നാല്‍ ഇതിന് ആവശ്യമായ ബില്ലുകള്‍ കോടതി സമക്ഷം ഹാജരാക്കണം. കോടതി നഷ്ടപരിഹാരത്തുക വിധിച്ചു കഴിഞ്ഞാല്‍ നഷ്ടപരിഹാരത്തുക, പലിശ, കോടതി അനുവദിക്കുന്ന ചിലവ് എന്നിവ ഉള്‍പ്പെടെ 60 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി കെട്ടി വയ്ക്കുകയാണ് മുന്‍പ് ചെയ്തിരുന്നത് എങ്കില്‍, ഇപ്പോള്‍ അതിന് മാറ്റം വരുത്തി ഇന്‍ഷൂറന്‍സ് കമ്പനിയുടെ അക്കൗണ്ടില്‍നിന്ന്, നേരിട്ട് പരാതി നല്‍കിയ ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നഷ്ടപരിഹാരത്തുക നല്‍കുന്ന രീതിയിലാണ് ഉള്ളത്.

എങ്ങിനെയാണ് നഷ്ടപരിഹാരത്തുക കണക്കാക്കുന്നത്?

അപകടം സംഭവിച്ചയാളുടെ പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കപ്പെട്ടുക. ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റ്, ചികിത്സ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി എന്നിവയുടെ അടിസ്ഥാനത്തില്‍ അപകടപെട്ട ആളുടെ കണ്ടീഷന്‍ മനസ്സിലാക്കുകയും, അതോടൊപ്പം അപകടം സംഭവിച്ചയാളുടെ വരുമാന നഷ്ടം കണക്കാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍, ശമ്പള സര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.

 

അപകടത്തില്‍ ചെറിയ പരിക്കുകള്‍ ആണ് സംഭവിക്കുന്നത് എങ്കില്‍ താല്‍ക്കാലിക വരുമാനനഷ്ടം, ചികിത്സ ചിലവ് എന്നിവ പരിഗണിച്ചാണ് നഷ്ടം കണക്കാക്കുന്നത്. അപകടത്തില്‍ സ്ഥിര വൈകല്യം സംഭവിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ വരുമാനം,പ്രായം, വൈകല്യത്തിന്റെ ശതമാനം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്. എം എസ് സി വഴി നല്‍കുന്ന കോടതി വിധിയില്‍ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ പരാതിക്കാരനോ, ഇന്‍ഷുറന്‍സ് കമ്പനിക്കോ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. തുടര്‍ന്നും പരാതി നിലനില്‍ക്കുകയാണെങ്കില്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. എന്നാല്‍ ഒത്തുതീര്‍പ്പാക്കിയ കേസുകളില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുന്നതല്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.