Sections

ഓര്‍ക്കിഡുകളുടെ കാവല്‍ക്കാരന്‍; ആനന്ദത്തിനൊപ്പം ആദായവും-സാബുവിന്റെ വിജയഗാഥ

Saturday, Dec 11, 2021
Reported By Jeena S Jayan
Sabu

വിവിധതരം ഓര്‍ക്കിഡ് ചെടികളില്‍ വിരിയുന്ന അതിമനോഹരങ്ങളായ പുഷ്പങ്ങള്‍.ഒരു നിമിഷം കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് ഇന്ന് ആളുകള്‍ക്കിടയില്‍ വലിയ താല്‍പര്യമാണ്.ഓര്‍ക്കിഡ് വിപണിയിലും ഇതിന്റെ പ്രതിഫലനം നമുക്ക് കാണാം.പുഷ്പലോകത്തെ റാണിയായ ഓര്‍ക്കിഡ് ചെടിയെ പരിചരിച്ച് അവയ്ക്കായി ഒരു മായാലോകം തീര്‍ത്ത്‌ കാവല്‍ക്കാരനായി മാറിയ സാബു

 

ഭൂമിയില്‍ പൂക്കളുടെ ലോകം എത്ര വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ്, അല്ലേ? അടുത്തകാലത്തായി പുഷ്പലാങ്കരത്താല്‍ നിറഞ്ഞ വീടുകള്‍ മലയാളികള്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ഈ മേഖലയിലെ സംരഭകരുടെ വിജയം മനസിലാക്കി തരുന്നുണ്ട്.ഇന്ന് നഴ്‌സറി രംഗത്ത് ആവശ്യക്കാര്‍ ഏറെയുള്ള ഒന്നാണ് ഓര്‍ക്കിഡ്.നന്നായി പരിപാലിച്ചാല്‍ ഭംഗിയുള്ള പൂക്കള്‍ നല്‍കി നമ്മെ സന്തോഷിപ്പിക്കുന്ന ഓര്‍ക്കിഡ് ചെടികളുടെ ലോകത്ത് വിജഗാഥ തീര്‍ത്ത സാബു എന്ന കര്‍ഷകന്‍ പലര്‍ക്കും ഒരു അത്ഭുതമാണ്.വയലരികിൽ എന്ന തന്റെ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ പല നിറങ്ങളിലുള്ള ഓര്‍ക്കിഡ് ചെടികള്‍; ആരും കണ്ണെടുക്കാതെ നോക്കിപ്പോകുന്ന ഈ സൗന്ദര്യ ലോകം വയനാട് സ്വദേശിയായ സാബു കെട്ടിപ്പടുത്ത കഥ ഇങ്ങനെയാണ്..

വയനാട് ജില്ലയിലെ അമ്പലവയലില്‍ നിന്ന് കാരപ്പുഴ ഭാഗത്ത് ഒരു അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ യുവ കര്‍ഷകനായ സാബുവിന്റെ മായാ ലോകത്തേക്ക് എത്താം.സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സാബുവിന് ജോലിക്ക് ശേഷം ലഭിക്കുന്ന ഒഴിവുവേളകള്‍ മാത്രം കൊണ്ട് ഇത്രയും വലിയൊരു ഓര്‍ക്കിഡ് സാമ്രാജ്യം തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് തുറന്നു പറയും.

                                                               

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച അപൂര്‍വ്വ ഇനങ്ങള്‍ അടക്കം രണ്ടായിരത്തിലധികം ഇനത്തിലുള്ള ഓര്‍ക്കിഡ് ചെടികള്‍ സാബുവിന്റെ പക്കലുണ്ട്. അതില്‍ കാടനുണ്ട് നാടനുണ്ട് വിദേശികളുണ്ട്.100 രൂപ മുതല്‍ 2500 രൂപ വരെ വിലയുള്ള തൈകള്‍ ഇവിടുണ്ട്.ഇപ്പോഴത്തെ ട്രെന്‍ഡുകളായ ഫലേനോപ്‌സിസ്,കാറ്റ്‌ലിയ,ഡെന്റോബിയം തുടങ്ങിവയുടെ അപൂര്‍വ്വ ശേഖരം തന്നെയുണ്ട്.

പൂക്കളോടുള്ള താല്‍പര്യം പതിയെ വര്‍ദ്ധിച്ചപ്പോള്‍ അവയില്‍ ചെറുപ്പത്തിലെ ഇഷ്ടപ്പെട്ടിരുന്ന, കൂടുതല്‍ സുന്ദരിയായ ഓര്‍ക്കിഡിനെ തെരഞ്ഞെടുത്ത് സാബു തന്റെ ഇഷ്ടം നിലനിര്‍ത്തി.2017ലാണ് കാര്‍ഷിക അടിസ്ഥാനത്തില്‍ സാബു ഓര്‍ക്കിഡ് കൃഷിചെയ്യാന്‍ തുടങ്ങുന്നത്.പല മേഖലകളില്‍ നിന്നും ചെടികള്‍ ശേഖരിച്ചുകൊണ്ടേയിരുന്നു.എന്നാല്‍ ചെടിയുടെ ലഭ്യതയും വിലക്കൂടുതലും വിലങ്ങുതടിയായി മാറിയെങ്കിലും ഒട്ടുമിക്ക എല്ലാ തരത്തിലുള്ള ഓര്‍ക്കിഡ് ചെടികളും ഒരുപരിധിവരെ തന്റെ പൂന്തോട്ടത്തില്‍ എത്തിക്കാന്‍ സാബു ശ്രദ്ധിച്ചു.പതിവെയ്ക്കല്‍ രീതിയില്‍ മുകുളങ്ങള്‍ വഴിയാണ് പ്രജനനം.ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിക്കാറുണ്ട്.

                                                       

പരീക്ഷണത്തിലൂടെ തൈകള്‍ 

ഇവിടുത്തെ ചെടികള്‍ കാണാനും വാങ്ങാനും നിരവധി ആളുകള്‍ വന്നുപോകാറുണ്ട്.ഓര്‍ക്കിഡ് വിഭാഗത്തിലെ ചെടികള്‍ക്ക് സ്വയം വിത്തുല്‍പ്പാദന ശേഷിയില്ല, അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ വിത്തുണ്ടായി കാണാറുണ്ടത്രെ.ആദ്യകാലങ്ങളില്‍ ചെടിയുടെ ലഭ്യത ഡിമാന്റിന് അനുസരിച്ച് ഇല്ലാത്തതിനാല്‍ വലിയ പ്രതിസന്ധി സാബു നേരിട്ടിരുന്നു.പുറംരാജ്യങ്ങളില്‍ നിന്ന് ചെടികള്‍ എത്തിക്കാന്‍ വലിയ തുകയും ചെലവുണ്ട്.ഈ അവസ്ഥയില്‍ ആണ് പുതിയ പരീക്ഷണത്തിലേക്ക് ഈ വയനാട്ടുകാരന്‍ കടന്നത്.ഡെന്‍ഡ്രോബിയം,ഫലേനോപ്‌സിസ് എന്നീ രണ്ട് ചെടികളിലും പ്രത്യേക രീതിയില്‍ പരാഗണം ചെയ്ത് അതിന്റെ വിത്തുല്‍പാദിപ്പിക്കുന്നതില്‍ സാബു വിജയിച്ചു.ഇതുവഴി ഒരു വിത്തില്‍ നി്ന്ന് നൂറുകണക്കിന് ചെടികള്‍ ഉത്പാദിപ്പിക്കാന്‍ പറ്റുമെന്ന ഗുണം ഉണ്ടായി.പുതിയ രീതിയിലും നിറത്തിലുമുള്ള ചെടികള്‍ ഇതിലൂടെ ഉത്പാദിപ്പിക്കാന്‍ സാധിച്ചു.പരാഗണത്തിനായി ചെടികളുടെയും പൂക്കളുടെയും പ്രായം,പരാഗണം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ അണുവിമുക്തമാക്കല്‍,ചെടി വളരുന്ന പരിസ്ഥിതി,പരാഗണത്തിന് തെരഞ്ഞെടുക്കുന്ന സമയം എന്നിവയെല്ലാം ജാഗ്രതയോടെ തെരഞ്ഞെടുക്കുകയും ശ്രദ്ധയും നല്‍കണമെന്നതാണ് ഓര്‍ക്കിഡ് ചെടികളുടെ പ്രത്യേകത.

                                                    

ചെടികളില്‍ നിന്ന് തൈകള്‍ മുളപ്പിച്ചെടുക്കാന്‍ ഹാര്‍ഡനിങ് സെന്ററും സാബു ഒരുക്കിയിട്ടുണ്ട്.മുളച്ചുവളരാന്‍ അനുകൂല സാഹചര്യം ഒരുക്കി മനുഷ്യ സാന്നിധ്യം പരമാവധി കുറച്ച് ഓട്ടോമാറ്റിക്കായി നനയും മറ്റും ക്രമീകരിച്ചിട്ടുണ്ട്.ടിഷ്യു കൊണ്ട് വന്ന് മുളപ്പിക്കുന്ന ഈ ഹാര്‍ഡനിങ് കേന്ദ്രത്തില്‍ ഒരേ സമയം 1000 തൈകള്‍ വരെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.സ്വന്തമായി വളര്‍ത്തിയെടുത്ത ഓര്‍ക്കിഡ് ചെടിക്ക് മകളുടെ പേരായ ബെനിറ്റ എന്നാണ് സാബു നല്‍കിയിരിക്കുന്നത്.

                                                         

വയനാടന്‍ കാടുകളില്‍ നിന്നും

വയനാട് ജില്ലയില്‍ ഓര്‍ക്കിഡുകള്‍ക്ക് വളരാന്‍ അനുയോജ്യായ കാലാവസ്ഥയാണുള്ളതെന്ന് സാബു പറയുന്നു.ഓര്‍ക്കിഡുകളില്‍ തന്നെ 76 ഇനങ്ങള്‍ വയനാട്ടിലുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അമ്പല വയല്‍,ചീങ്ങേരി ഭാഗങ്ങളില്‍ നിന്നായി 10 ഓളം ഇനത്തിലുള്ള വൈല്‍ഡ് ഓര്‍ക്കിഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.വന മേഖലകളില്‍ പോലും വളരുന്ന ഇത്തരത്തിലുള്ള നല്ലൊരു വിഭാഗം ഓര്‍ക്കിഡുകളുടെ ശേഖരവും സാബുവിന്റെ പക്കലുണ്ട്.

വയനാടന്‍ കാടുകളില്‍ കാണുന്ന ഗ്യാസ്‌ട്രോകിലസ്,ഫോക്‌സ്ബ്രഷ്,ഫോക്‌സ്ടയില്‍,ഒബെറോണിയ പോലുള്ള 15 ഇനങ്ങള്‍ സാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പോളിഹൗസിലുണ്ട്.വൈല്‍ഡ് ക്രൗണ്‍ എന്ന് പേരിട്ട് ഒരു മരത്തിലാണ് ഈ വനസുന്ദരിമാരെ സാബു ക്രമീകരിച്ചിരിക്കുന്നത്.60 ശതമാനവും തണലാണ് ഓര്‍ക്കിഡ് ചെടികള്‍ക്ക് ആവശ്യം.സോളാര്‍ പ്ലാന്റ് സ്ഥാപിച്ച പോളി ഹൗസിന്റെ നിര്‍മ്മാണം ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ മുതല്‍ മുടക്കിലാണ് ഈ ഓര്‍ക്കിഡ് ഗാര്‍ഡന്‍ ഒരുക്കിയത്.

                                                              

ഓര്‍ക്കിഡുകളെ സാധാരണ കാണുന്നത് പോലെ വളര്‍ത്തുന്നതിന് പകരം ചില്ലുകുപ്പികളിലും ചിരട്ടയിലും മുളയിലും ചകിരിത്തൊണ്ടിലും മണ്‍പാത്രത്തിലും വെള്ളത്തിലുമടക്കം വ്യത്യസ്ത രീതികളില്‍ ഇവിടെ പരിപാലിച്ചിരിക്കുന്നത് കാണാം.

അത്യപൂര്‍വ്വമായി ടെറേറിയം രീതിയില്‍ ഓര്‍ക്കിഡ് ചെടികളെ ഗ്ലാസിനുള്ളില്‍ വളര്‍ത്തി പൂക്കള്‍ വരെ ആക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.ചെറിയ ചെടിയെ പോലും ഗ്ലാസില്‍ വളര്‍ത്താം.ഇതില്‍ തന്നെ ഗ്ലാസില്‍ വെള്ളം നിറച്ച് ഹൈഡ്രോപോണിക്‌സ് രീതിയിലും കൃഷി ചെയ്യുന്നുണ്ട്.

ഓര്‍ക്കിഡുകള്‍ക്ക് മ്യൂസിക്ക് തെറാപ്പിയും

ഹോര്‍ട്ടികള്‍ച്ചര്‍,ഫ്‌ളോറസ്ട്രി,ഫാര്‍മസ്യൂട്ടിക്കല്‍,സുഗന്ധവ്യവസായ മേഖലകളില്‍ അടക്കം പലരംഗത്തും അനിവാര്യമായ സസ്യകുടുംബമാണ് ഓര്‍ക്കിഡുകളുടേത്.പല രാജ്യങ്ങളിലുംഇത് പ്രധാന വരുമാന മാര്‍ഗ്ഗവുമാണ്.ഓര്‍ക്കിഡുകളെ കുറിച്ച് വലിയ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന സാബു മനോഹരമായ ഈ സസ്യങ്ങളെ കുറിച്ച് ഇനിയും പഠിക്കാനുണ്ടെന്ന് പറയുന്നു.ചെടികള്‍ക്ക് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മ്യൂസിക്ക് തെറാപ്പി എന്നൊരു മാര്‍ഗ്ഗവും ഇവിടെ നമുക്ക് കാണാം.സൗണ്ട് സിസ്റ്റത്തിലൂടെ സംഗീതം കൊണ്ട് ചെടികളെ പരിചരിക്കുന്ന ആധുനിക വിദ്യയാണ് ഓര്‍ക്കിഡുകള്‍ക്കായി ഒരുക്കിയിരിക്കുന്നത് ചുരുക്കി പറഞ്ഞാല്‍ ഓര്‍ക്കിഡുകളുടെ ആരോഗ്യ സംരക്ഷകന്‍ എന്ന വിളിപ്പേരിന് എന്ത്‌കൊണ്ടും അര്‍ഹനാണ് സാബു എന്ന കര്‍ഷകന്‍.

                                                           

ശരിയായി പരിചരിച്ചാല്‍ വര്‍ഷങ്ങളോളം ഓര്‍ക്കിഡുകള്‍ ജീവിക്കും.കീടങ്ങളുടെയോ രോഗങ്ങളുടെയോ ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം.ചൂടിന്റെ കാഠിന്യം കൊണ്ടുള്ള പൊള്ളല്‍,ഇടയ്ക്കിടെയുള്ള ചീയല്‍ സാധാരണ കണ്ടുവരാറുണ്ട്.ഇത്തരത്തിലെന്തെങ്കിലും കണ്ടുതുടങ്ങുമ്പോഴേ മറ്റു ചെടികള്‍ക്കിടയില്‍ നിന്ന് മാറ്റി കീടനാശിനികള്‍ ഉപയോഗിച്ച് ചികിത്സ നല്‍കുന്നതാണ് നല്ലത്.

ഡെന്‍ഡ്രോബിയത്തില്‍ തുടങ്ങാം

ഓര്‍ക്കിഡ് കൃഷി വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ഓര്‍ക്കിഡ് ചെടികളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒക്കെ ഏറ്റവും അനുയോജ്യം ഡെന്‍ഡ്രോബിയം ഇനമാണ് എന്ന് സാബു പറയുന്നു.ഈ ഇനത്തില്‍ 150ല്‍ അധികം നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടികള്‍ സാബുവിന്റെ പക്കലുണ്ട്.പെട്ടെന്ന് നശിക്കില്ലെന്നതും പരിചരണം കുറച്ച് മതിയെന്നതും ഡെന്‍ഡ്രോബിയത്തിന്റെ പ്രത്യേകതകളാണ്.ചെടികള്‍ മൂന്ന് മാസം കൊണ്ട് പുഷ്പിക്കും പൂക്കള്‍ മൂന്ന് മാസം വരെ മാത്രമെ നിലനില്‍ക്കു.വാന്‍ഡ പോലുള്ള ഇനങ്ങളിലും പരിചരണം കുറച്ച് മതി.ഇവയുടെ വേരുകള്‍ വളര്‍ന്ന് അന്തരീക്ഷത്തില്‍ നിന്ന് തന്നെ പോഷകാംശവും ജലാംശവും സ്വീകരിക്കുന്നു.

                                                                

ജലം കുറച്ച് മതിയെന്നതും മുറികള്‍ക്കുള്ളില്‍ വളര്‍ത്താം എന്നതും ഓര്‍ക്കിഡ് ചെടികളുടെ പ്രത്യേകതയാണ്.ഓര്‍ക്കിഡുകളുടെ കാവല്‍ക്കാരെന്നും ഡോക്ടര്‍ എന്നും അറിയപ്പെടുന്ന സാബു ഈ രംഗത്തേക്ക് കടക്കുന്നവര്‍ക്ക് മികച്ച മാതൃകയാണ്.നഴ്‌സറി പരിപാലനത്തില്‍ പ്രവര്‍ത്തന പരിചയമുള്ള പിതാവ് ഉണ്ണുണ്ണിയുടെയും ഭാര്യ ജിന്‍സിയുടെയും സഹായം കൂടിയായതോടെ ഈ രംഗത്ത് വിജയം കൈവരിക്കാന്‍ സാബുവിന് കഴിഞ്ഞു.

 

പൂക്കളുടെ ഭംഗി,പരിചരണം ഇതൊക്കെയാണ് ഈ ചെടികളോടുള്ള ആകര്‍ഷണീയതയ്ക്ക് മുന്‍തൂക്കം കൂട്ടുന്നത്.ഇങ്ങനെ കൃത്യമായി പരിചരിച്ചാല്‍ ഭംഗിയുള്ള പുഷ്പങ്ങള്‍ ധാരാളം ചെടിയിലുണ്ടാകും.ക്ഷമയാണ് ഈ മേഖലയില്‍ ഏറ്റവും ആദ്യം വേണ്ടതെന്നാണ് സാബുവിന്റെ ഭാഷ്യം.സോഷ്യല്‍മീഡിയ വഴിയും നേരിട്ടും ഒക്കെ കേരളത്തിനകത്തും പുറത്തും സാബുവിന്റെ ഓര്‍ക്കിഡുകള്‍ സഞ്ചരിക്കുന്നു.ഒരു വിളിക്കപ്പുറത്ത് എല്ലാ സംശയങ്ങളും തീര്‍ത്തുതരാന്‍ സന്നദ്ധനായി സാബു ഉള്ളപ്പോള്‍ ധൈര്യത്തോടെ ഓര്‍ക്കിഡ് ചെടികള്‍ വാങ്ങിക്കൂട്ടുന്നവര്‍ ഒരുപാട്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു 9747349061


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.