- Trending Now:
നിക്ഷേപകരെ ശരിയായ തീരുമാനം കൈക്കൊള്ളുവാന്‍ സഹായിക്കുവാനാണിത്
നിക്ഷേപ രംഗം ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. മാറ്റത്തിനനുസരിച്ച് പുതിയ പുതിയ നിക്ഷേപ സാധ്യതകള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. നിലവില്‍ നിക്ഷേപ രംഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വളരെ എളുപ്പമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഈ കാലത്ത് നവമാധ്യമ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, ടെലഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയവ വിവരങ്ങളുടെ അതിവേഗത്തിലുള്ള പങ്കുവയ്ക്കലുകളില്‍ പ്രധാന പങ്ക് വഹിക്കുന്നു.
പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്ന ഈ പുതിയ ട്രേഡിംഗ് പരിസരത്ത് നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ധാരാളം ഓണ്‍ലൈന്‍ വിവര സ്രോതസ്സുകളെ ആശ്രയിക്കുവാന്‍ സാധിക്കും. അവയില്‍ വാര്‍ത്താ മാധ്യമങ്ങള്‍ മുതല്‍ നിക്ഷേപ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ചാനലുകളും സ്വതന്ത്ര നവ മാധ്യമ പ്ലാറ്റ്‌ഫോമുകളും ഉള്‍പ്പെടും.
നവമാധ്യമ ശ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിശകലനം ചെയ്യുന്ന സേവനങ്ങള്‍ മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും നല്‍കി വരുന്നുണ്ട്. നിക്ഷേപകരെ ശരിയായ തീരുമാനം കൈക്കൊള്ളുവാന്‍ സഹായിക്കുവാനാണിത്. നിക്ഷേപ രംഗത്ത് നവമാധ്യമങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം.
നവ മാധ്യമങ്ങള്‍
ഫേസ്ബുക്ക് നിക്ഷേപകര്‍ക്കിടയില്‍ വ്യക്തമായ സ്വാധീനം കാണിക്കുന്നു. പലരും ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ വിപണി പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. യൂട്യൂബ് വഴി ട്രെയിനിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, ആശയങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നടത്തുന്നത്. വ്യക്തികളും ബിസിനസുകളുമായുള്ള ഒരു നെറ്റുവര്‍ക്കാണ് ലിങ്ക്ഡ് ഇന്നിലൂടെ സാധ്യമാകുന്നത്. ട്വിറ്ററിലൂടെ ഏത് മേഖലയിലെയും വിദഗ്ധരോട് ബന്ധപ്പെടുവാന്‍ എളുപ്പത്തില്‍ സാധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നവമാധ്യമങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം വിവരങ്ങള്‍ പ്രചരിക്കുന്നതിന്റെ വേഗത വളരെയേറെ വര്‍ധിക്കുകയും നിക്ഷേപകന്റെ നിക്ഷേപ തീരുമാനങ്ങള്‍ അതുവഴി സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
നിക്ഷേപകരെ സ്വാധീനിക്കുന്നു
ഏകദേശം 30 ശതമാനത്തോളം പേര്‍ നിക്ഷേപത്തെ സംബന്ധിച്ച വിവരങ്ങള്‍ സ്വന്തമാക്കുന്നത് നവമാധ്യങ്ങളിലൂടെയാണെന്നും ഈയിടെ പുറത്തു വന്ന ഒരു പഠന റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നു. നിക്ഷേപത്തിലെ ഒരു പ്രധാന ഘടകമായി നവമാധ്യമങ്ങള്‍ മാറിയിരിക്കുന്നു എന്ന് വ്യക്തമാണ്. മീം ഇന്‍വസ്റ്റ്‌മെന്റ്, ക്രിപ്‌റ്റോകറന്‍സി ഭ്രമം തുടങ്ങിയ പുതിയ ട്രെന്റുകളെല്ലാം നിക്ഷേപകരുടെ നിക്ഷേപ സ്വഭാവത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാക്കി മാറ്റാന്‍ നവമാധ്യമങ്ങള്‍ക്ക് സാധിച്ചു.
കോട്ടങ്ങള്‍
എന്നാല്‍ നേട്ടങ്ങള്‍ക്കൊപ്പം തന്നെ നവമാധ്യമങ്ങള്‍ക്ക് ചില കോട്ടങ്ങള്‍ കൂടിയുണ്ട്. സ്വന്തം നേട്ടങ്ങള്‍ക്കായി ചിലരെങ്കിലും ഈ പ്ലാറ്റുഫോമുകളെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സാധ്യതകളുണ്ട്. സൂക്ഷ്മതയുള്ള ഒരു നിക്ഷേപകനെന്ന നിലയില്‍ വിവരങ്ങളുടെ സാധുത വിലയിരുത്തി മാത്രം സ്വീകരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങളുടെ സ്വന്തം റിസ്‌കില്‍ ഒരു അടിത്തറയുണ്ടാക്കി വേണം ഇത്തരം ആള്‍ക്കൂട്ട സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നത്.
കൃത്യമായി അന്വേഷിക്കുക
നവമാധ്യമങ്ങളിലൂടെ പ്രചരിച്ച് നിങ്ങളുടെ കൈകളിലെത്തുന്ന വിവരങ്ങള്‍ ചിലപ്പോള്‍ അപൂര്‍ണമോ, തെറ്റിദ്ധാരണാ ജനകമോ ആകാം. ചില സാഹചര്യങ്ങളില്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ അംഗീകരിക്കാത്തവയുമായിരിക്കാം. മറ്റു നിക്ഷേപകര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതേ പടി പിന്തുടരാനുള്ള പ്രവണത ഇവിടെയുണ്ട്.
നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കുന്ന മാധ്യമം ഏതാണോ അതിന് പുറമേ നിക്ഷേപം നടത്തുന്നതിന് മുമ്പായി നിക്ഷേപ ഉത്പന്നങ്ങളുടെയും കമ്പനിയെക്കുറിച്ചുമുള്ള പൂര്‍ണമായ വിവരങ്ങള്‍ വ്യക്തമായി അന്വേഷിച്ചു മനസ്സിലാക്കിയിരിക്കണം. നവ മാധ്യമങ്ങള്‍ നിലവില്‍ എല്ലാ മേഖലയും കീഴടക്കിയിരിക്കുകയാണ്. മാറുന്ന ജീവിത ശൈലിക്കനുസരിച്ച് പുതിയ രീതിയിലേക്ക് മാറുമ്പോള്‍ ചതിക്കുഴിയിലേക്ക് വീഴാതെ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.