- Trending Now:
അന്താരാഷ്ട്ര ടെക് ഭീമന്മാരുടെ തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ എത്തുന്നത് ഇതാദ്യമല്ല
നിരവധി മേഖലകളില്‍ കഴിവു തെളിയിച്ചവരാണ് ഇന്ത്യക്കാര്‍. അതിനാല്‍ തന്നെ ലോക ശ്രദ്ധ നേടുന്ന സ്ഥാപനങ്ങളുടെ തലപ്പത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം ഉണ്ടാകും. അത് ട്വിറ്ററും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇനി ഇന്ത്യക്കാരന്‍ പരാഗ് അഗര്‍വാളാണ് ട്വിറ്ററിനെ നയിക്കുന്നത്. ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതലയേറ്റിരിക്കുകയാണ് ഈ ഇന്ത്യന്‍ വംശജന്‍.
ട്വിറ്ററിന്റെ സഹസ്ഥാപകനും നിലവിലെ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ് ബോംബെ ഐ.ഐ.ടിയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ പരാഗിന് ട്വിറ്റര്‍ മേധാവിയാവാന്‍ വഴിയൊരുങ്ങിയത്. നിലവില്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറാണ് പരാഗ്.
''ഞാന്‍ ട്വിറ്റര്‍ വിടാന്‍ തീരുമാനിച്ചു. കാരണം അതിന്റെ സ്ഥാപകരില്‍ നിന്നും മുന്നോട്ട് പോകാന്‍ കമ്പനി തയാറാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ട്വിറ്ററിന്റെ സി.ഇ.ഒ എന്ന നിലയില്‍ പരാഗില്‍ എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായുള്ള അദ്ദേഹത്തിന്റെ ജോലിയില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. ഇനി നയിക്കേണ്ട സമയമാണ്,'' ജാക്ക് ഡോര്‍സെ ട്വിറ്ററില്‍ പങ്കുവെച്ച തന്റെ രാജിക്കത്തില്‍ പറഞ്ഞു.
''ജാക്ക് ഡോര്‍സെയ്ക്കും മുഴുവന്‍ ടീമിനും നന്ദിയറിയിക്കുന്നു. ഭാവിയെക്കുറിച്ചോര്‍ത്ത് വളരെ ആവേശത്തിലാണ്. പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി,'' സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 45കാരനായ പരാഗ് കുറിച്ചു.
ബോംബെ ഐ.ഐ.ടിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പരാഗ് പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
ട്വിറ്ററില്‍ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിലും യാഹൂവിലും പരാഗ് ജോലി ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ടെക് ഭീമന്മാരുടെ തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ എത്തുന്നത് ഇതാദ്യമല്ല. നിലവില്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയ സത്യ നാദെല്ലയും ഗൂഗിള്‍ സി.ഇ.ഒ ആയ സുന്ദര്‍ പിച്ചെയും ഇന്ത്യന്‍ വംശജരാണ്. തന്റെ പ്രവര്‍ത്തന മികവ് കൊണ്ട് ഇന്ത്യയുടെ അഭിമാനം കൊടുമുടിയില്‍ എത്തിച്ചവരാണ് ഇരുവരും. പരാഗ് അഗര്‍വാളും അതേ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.