Sections

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഇതാൻ മികച്ച മാർഗം : കൃഷി മന്ത്രി 

Tuesday, Mar 21, 2023
Reported By admin
farmer

കേരള അഗ്രി ബിസിനസ് കമ്പനിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും


മൂല്യവർദ്ധനവിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുമെന്നും അതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുവാൻ കഴിയുമെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. കർഷകരുടെ ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധനവ് നടത്തി വിപണനം നടത്തുന്നത് വഴി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സാധ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളടെയും കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതിക്ക് വേണ്ടിയുള്ള പാക്കേജിംഗ് എന്ന ഏകദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് മൂല്യ വർധിത മേഖലയിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നതിനായി വാല്യു ആഡഡ് അഗ്രിക്കൾച്ചർ മിഷൻ രൂപീകരിച്ചു. കർഷകരുടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഒരു കൃഷിഭവൻ ഒരു മൂല്യ വർധിത ഉൽപ്പന്നങ്ങൾ എന്ന തരത്തിൽ കേരളത്തിലെ കർഷകരുടെയും കൃഷികൂട്ടങ്ങളുടെയും ഉൽപ്പന്നങ്ങളെ ഓൺലൈൻ വിപണിയിൽ എത്തിക്കും. അതിനായി 'കേരൾ അഗ്രോ' ബ്രാൻഡ് തയ്യാറാക്കി.

ആദ്യപടിയായി കൃഷിവകുപ്പിന്റെ തന്നെ 65 ഉത്പന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കി. വൈഗ ബി ടു ബി മീറ്റ് നടത്തിയതിലൂടെ 39.76 കോടി രൂപയുടെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവച്ചു. ഇതിന്റെ തുടർച്ചയായി ബി 2 ബി മീറ്റുകൾ സംഘടിപ്പിക്കുമെന്നും ഈ വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ തുടർ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ലകളിലും വൈഗ റിസോഴ്സ് സെന്ററുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന വൈഗ 2023ൽ ഫെബ്രുവരി 27നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണപത്രം ഒപ്പുവച്ചത്. മാർച്ച് മാസത്തിൽ തന്നെ ആദ്യ പരിശീലന പരിപാടി സംഘടിപ്പിക്കുവാനായത് നേട്ടം ആണെന്നും കേരള സർക്കാർ കർഷകരുടെ വിവിധ വിഷയങ്ങളിൽ ഉടനടി നടപടികൾ പൂർത്തിയാക്കുവാൻ പരിശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സൊളാനിൽ വച്ചു നടക്കുന്ന കൂൺകൃഷി പരിശീലനത്തിൽ കർഷകരെ ഉൾപ്പെടുത്തുവാൻ കഴിഞ്ഞെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പരിശീലന പരിപാടികളിൽ കർഷകരെ പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വിപണി അധിഷ്ഠിത പാക്കേജിംഗ് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്നും കൃഷിവകുപ്പിന്റെ വിവിധ പരിപാടികളിൽ സഹകരിച്ചുകൊണ്ട് കർഷകർക്ക് പാക്കേജിംഗ് സാങ്കേതികവിദ്യയുടെ വിവിധ മേഖലകളിലെ അറിവുകൾ പകർന്നു നൽകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഹെഡും ജോയിന്റ് ഡയറക്ടറുമായ ഡോ. ബാബു റാവു ഗുഡൂരി പറഞ്ഞു. കാർഷികോത്പാദന സംഘടനകൾ, കൃഷിവകുപ്പിലെ വിവിധ ഫാമുകളിലെ ഉദ്യോഗസ്ഥർ, സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, നബാർഡിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു. സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ സ്വാഗതവും ഐ.ഐ.പി ഡെപ്യൂട്ടി ഡയറക്ടർ ആർ പൊൻകുമാർ നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.