Sections

പ്രവാസി അക്കൗണ്ടുകള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയൊക്കെ

Friday, Nov 05, 2021
Reported By Admin
bank account

കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ശ്രദ്ധിച്ച് മാത്രം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക

 

കേരളത്തിലെ നട്ടെല്ലാണ് പ്രവാസികള്‍ എന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം നമ്മുടെ സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസാണ് പ്രവാസികള്‍. പ്രവാസികള്‍ക്കായി സര്‍ക്കാരും മറ്റു സ്ഥാപനങ്ങളും വിവിധ തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ബാങ്കുകളും പ്രവാസികള്‍ക്ക് മാത്രമായി അക്കൗണ്ട് നീക്കിവച്ചിട്ടുണ്ട്. എന്‍ആര്‍ഇ അക്കൗണ്ട്, എന്‍ആര്‍ഒ അക്കൗണ്ടും, എന്നി രണ്ടു പ്രധാന അക്കൗണ്ടുകളാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക്, ഇന്ത്യയിലുള്ളത്. വിദേശ കറന്‍സി നിക്ഷേപത്തിന് ആവശ്യം എന്‍ആര്‍ഇ അക്കൗണ്ട് ആണ്. 

അതേസമയം ഇന്ത്യയില്‍ നേടിയ വരുമാനം കൈകാര്യം ചെയ്യാന്‍ ഉള്‍പ്പെടെ എന്‍ആര്‍ഒ അക്കൗണ്ട് ഉപയോഗിക്കാം. വിദേശ കറന്‍സികള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാനും അക്കൗണ്ട് സഹായകരമാകും. 25,000 രൂപ കുറഞ്ഞ നിക്ഷേപത്തില്‍ ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എന്‍ആര്‍ഒ അക്കൗണ്ടുകള്‍ തുടങ്ങാം. അക്കൗണ്ടുകള്‍ക്ക് ഏറ്റവുമധികം പലിശ നല്‍കുന്ന സ്വകാര്യ ബാങ്കുകള്‍ അറിയാം.

യെസ് ബാങ്ക് 6.5 ശതമാനം പലിശ

എന്‍ആര്‍ഐ, എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനം വരെ പലിശ നല്‍കുന്ന ബാങ്കുകള്‍ ഉണ്ട്. ഇത്തരം അക്കൗണ്ടുകള്‍ക്കും ടിഡിഎസ്, നിരക്കുകളും പ്രത്യേക സര്‍ചാര്‍ജും ഉള്‍പ്പെടെ ബാധകമാകാറുണ്ട്. നിലവില്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്ക് ഏറ്റവുമധികം പലിശ നല്‍കുന്ന ബാങ്കുകളില്‍ ഒന്നാണ് യെസ് ബാങ്ക്. നിക്ഷേപകര്‍ക്ക് 6.5 ശതമാനം വരെ പലിശ ലഭിക്കും. ഏഴു മുതല്‍ 14 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലും പരമാവധി 10 വര്‍ഷവും നിക്ഷേപം നടത്താം. ഏറ്റവും കുറഞ്ഞ പലിശ 3.25 ശതമാനമാണ്. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് കാലാവധി അനുസരിച്ച് 5.75 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും.

ആര്‍ബിഎല്‍ ബാങ്ക് 6.3 ശതമാനം പലിശ

യെസ് ബാങ്ക് കഴിഞ്ഞാല്‍ ആര്‍ബിഎല്‍ ബാങ്കും പ്രവാസികള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് 6.3 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.3 ശതമാനം പലിശ ലഭിക്കും. ടാക്‌സ് സേവിങ്‌സ് നിക്ഷേപങ്ങള്‍ക്കും ഇതേ ഉയര്‍ന്ന നിരക്കിലെ പലിശയാണ് ബാങ്ക് നല്‍കുന്നത്. ഏഴു ദിവസം മുതല്‍ 14 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശയാണ് നല്‍കുന്നത്. അതേസമയം 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാണ് പലിശ നിരക്ക്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 6 ശമാനം പലിശ

രണ്ട് കോടി രൂപയില്‍ താഴെയുള്ള എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ആറ് ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2021 ജൂലൈ 23 മുതല്‍, ബാങ്ക് എന്‍ആര്‍ഐകള്‍ക്ക് അവരുടെ എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്ക് ഈ നിരക്കുകള്‍ നല്‍കുന്നുണ്ട്. ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുക. ഒരു വര്‍ഷം മുതലുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനം പലിശ ലഭിക്കും. അതേസമയം 61 മാസവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

കെവി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നല്‍കും ഉയര്‍ന്ന പലിശ

കരൂര്‍ വൈശ്യബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. കരൂര്‍ വൈശ്യ ബാങ്കില്‍ 5.60 ശതമാനം വരെയാണ് പലിശ നിരക്ക്. ഏഴ് ദിവസം മുതല്‍ 14 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷവും അതിന് മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്കാണ് 5.6 ശതമാനം പലിശ ലഭിക്കുക. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനം മുതലാണ് പലിശ. സൗത്ത് ഇന്ത്യന്‍ ബാങ്ക് അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനം പലിശയാണ് നല്‍കുന്നത്. ഒരാഴ്ച മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനംപലിശ ലഭിക്കും.

വളരെയധികം കഷ്ടപ്പെട്ടായിരിക്കും കൂടുതല്‍ പ്രവാസികളും ജീവിക്കുന്നത്. ജീവിതത്തിന്റെ ഏറിയ ഭാഗവും മറ്റൊരു രാജ്യത്തില്‍ ചിലവഴിക്കുന്ന അവര്‍ക്ക് കുടുംബത്തോടൊപ്പം ജീവിക്കാനുള്ള സാഹചര്യം പോലും ലഭിച്ചിട്ടുണ്ടാകില്ല. അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം  ശ്രദ്ധിച്ച് മാത്രം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക. ഏതെങ്കിലും ബാങ്കില്‍ പണം നിക്ഷേപം നടത്താതെ പ്രവാസികള്‍ക്ക് നല്‍കുന്ന പലിശ നിരക്കും മറ്റും മനസിലാക്കി കൊണ്ട് മാത്രം നിക്ഷേപം നടത്താന്‍ ശ്രമിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.