Sections

ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാന്‍ മാസം വെറും 55 രൂപ മാറ്റിവയ്ക്കൂ

Friday, Aug 27, 2021
Reported By Aswathi Nurichan
pension

മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് 60 വയസിന് ശേഷം മാത്രമേ പിന്മാറാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അംഗമായി കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം പിന്മാറാന്‍ സാധിക്കുമെന്നതാണ് പി.എം-എസ്.വൈ.എമ്മിന്റെ ഗുണം.


മാസം വെറും 55 രൂപ മാറ്റിവയ്ക്കാന്‍ സാധിക്കുമോ? എങ്കില്‍ നിങ്ങളുടെ ഭാവി ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടാവും പി.എം-എസ്.വൈ.എം പദ്ധതി. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന (പി.എം-എസ്.വൈ.എം) പദ്ധതി ആരംഭിച്ചത്. മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് 60 വയസിന് ശേഷം മാത്രമേ പിന്മാറാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അംഗമായി കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം പിന്മാറാന്‍ സാധിക്കുമെന്നതാണ് പി.എം-എസ്.വൈ.എമ്മിന്റെ ഗുണം.

അസംഘടിത തൊഴില്‍ മേഖലയ്ക്കും ഇന്ത്യയിലെ പ്രായമായവര്‍ക്കും സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുന്ന ഒരു പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന. ഉപഭോക്താക്കള്‍ സ്വമേധയാ സംഭാവന നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണിത്. ഇന്ത്യയില്‍ 42 കോടി അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. 

പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉളളവരെയാണ് പദ്ധതിയില്‍ ചേര്‍ക്കുക. 18നും 40നും ഇടയില്‍ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെന്‍ഷന്‍ പദ്ധതികളായ എന്‍.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിര്‍ദ്ദേശമുണ്ട്. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെന്‍ഷനാണ് പദ്ധതി ഉറപ്പു നല്‍കുന്നത്. 

അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (CSC) വഴിയാണ് പദ്ധതിയില്‍ ചേരേണ്ടത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (ജന്‍ധന്‍ അക്കൗണ്ടായാലും മതി), ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍. രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം സിഎസ്സികളില്‍ ഈ സേവനം ലഭ്യമാണ്. സിഎസ്സികളില്‍ പദ്ധതി വിജയകരമായി രജിസ്റ്റര്‍ ശേഷം ഗുണഭോക്താവിന് ഒരു യൂണിക്ക് ഐഡി നമ്പര്‍ ലഭിക്കും.

18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സര്‍ക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വര്‍ദ്ധനവുണ്ടാകും. കൂടിയ മാസതവണ 200 രൂപയാണ്. പദ്ധതി പ്രകാരം വരിക്കാരന്‍ മരിക്കുമ്പോള്‍ ഭാര്യക്ക് പദ്ധതിയില്‍ തുടരാം.

ഒരു ഉപഭോക്താവ് സ്‌കീമില്‍ നിന്ന് 10 വര്‍ഷത്തില്‍ താഴെ കാലയളവിനുള്ളില്‍ പിന്മാറുകയാണെങ്കില്‍ ഗുണഭോക്താവിന്റെ വിഹിതം മാത്രമേ അയാള്‍ക്ക് തിരികെ ലഭിക്കൂ. കൂടാതെ, ഒരു വരിക്കാരന്‍ 60 വയസ്സ് തികയുന്നതിനുമുമ്പ് 10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം നിക്ഷേപം നടത്തിയ ശേഷം പിന്മാറുകയാണെങ്കില്‍ സംഭാവനയുടെ വിഹിതത്തിന് ലഭിച്ച പലിശ അല്ലെങ്കില്‍ സേവിംഗ്സ് ബാങ്ക് പലിശ നിരക്ക് ഏതാണ് ഉയര്‍ന്നത്, അതും ഗുണഭോക്താവിന് തിരികെ നല്‍കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.