Sections

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഈ ചെറുകിട സംരംഭം ആരംഭിക്കാം

Saturday, Nov 13, 2021
Reported By Admin
spoon

വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംരംഭകര്‍ക്ക് ലഭിക്കും


കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒരു ചെറുകിട ബിസിനസ് ആരംഭിച്ചാലോ? ഈ ബിസിനസ് തുടങ്ങുന്നതിനായി നിങ്ങള്‍ക്ക് മൂലധനമായി ആവശ്യമുള്ളത് വളരെ ചെറിയൊരു തുക മാത്രമാണ്. മാത്രമല്ല ഈ ചെറുകിട സംരംഭം ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായവും ലഭിക്കും. അത്തരത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ഒരു ബിസിനസ് പരിചയപ്പെടാം. 

എല്ലാ വീടുകളിലും അനിവാര്യമായ ഒന്നാണ് സ്പൂണുകളും ചെറിയ കത്തികളും സമാന ഉത്പ്പന്നങ്ങളുമെന്ന് അറിയാമല്ലോ. അതുകൂടാതെ വിവിധ ആഘോഷ പാര്‍ടികളിലും, വിവാഹ വേളകളിലും, ഉല്ലാസ യാത്രകളിലും, ഭക്ഷണ ശാലകളിലും, മറ്റ് കടകളിലുമൊക്കെ ഇവ ആവശ്യമാണെന്ന് കാണാം. അതിനാല്‍ തന്നെ എപ്പോഴും ഡിമാന്റ് നിലനില്‍ക്കുന്ന ഉത്പ്പന്നങ്ങളാണിവ. അതുകൊണ്ട് തന്നെ ലോഹ സ്പൂണ്‍, ചെറിയ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മാണ സംരംഭം എളുപ്പത്തില്‍ ആരംഭിക്കാം. 

സര്‍ക്കാറിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം ഓരോ മാസവും 1.10 ലക്ഷം രൂപയുടെ വില്‍പ്പന്ന ഈ ഉത്പ്പന്നങ്ങളില്‍ നിന്നുണ്ടാകും. നിര്‍മാണച്ചിലവ് ഓരോ മാസവും 91,800 രൂപയായിരിക്കും. ഇത്തരത്തില്‍ ഓരോ മാസവും സംരംഭകന് 18,000 രൂപയ്ക്ക് മുകളില്‍ ലാഭം സ്വന്തമാക്കാം. വായ്പാ തിരിച്ചടവും ഇന്‍സെന്റീവ് കോസ്റ്റും കിഴിച്ച് സംരംഭകന്റെ കൈയ്യിലെത്തുന്ന അറ്റാദായം 14,400 രൂപയിലേറെയായിരിക്കും. ഇതിനായി നിങ്ങളുടെ പക്കല്‍ 1.14 ലക്ഷം രൂപ മാത്രം ഉണ്ടായിരുന്നാല്‍ മതി. ബാക്കി ചിലവുകളില്‍ സര്‍ക്കാര്‍ സഹായം തേടാം. 1.26 ലക്ഷം രൂപയുടെ ടേം ലോണും 90,000 രൂപയുടെ വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംരംഭകര്‍ക്ക് ലഭിക്കും.

ഈ സംരംഭം തുടങ്ങുന്നതിനായി നിങ്ങളുടെ പക്കല്‍ ആവശ്യമുള്ളത് 1.14 ലക്ഷം രൂപയാണ്. തുക കണ്ടെത്തുന്നതിനായി നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര സ്‌കീം പ്രകാരം വായ്പയും എടുക്കുവാന്‍ സാധിക്കും. ഈ മുതല്‍ മുടക്കില്‍ ഏറ്റവും ചുരുങ്ങിയത് 15000 രൂപയെങ്കിലും എല്ലാ മാസവും സംരംഭത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

നിങ്ങള്‍ക്ക് വായ്പാ സഹായത്തോടെ സ്പൂണുകളും ചെറിയ കത്തികളും നിര്‍മിക്കുന്ന സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രധാന്‍ മന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ ധന സഹായം ലഭിക്കുന്നിനായി അപേക്ഷിക്കാം. ഏത് ബാങ്കിലും നിങ്ങള്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിങ്ങളുടെ പേര്, വിലാസം, ബിസിനസ് വിലാസം, വിദ്യാഭ്യാസം, നിലവിലെ വരുമാനം, വായ്പാ തുക തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി കാണിച്ചുകൊണ്ട് ബാങ്കില്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാം.

വെല്‍ഡിംഗ് സെറ്റ്, ബഫിംഗ് മോട്ടോര്‍, ഡ്രില്ലിംഗ് മെഷീന്‍, ബെഞ്ച് ഗ്രിന്‍ഡര്‍, ഹാന്‍ഡ് ഡ്രില്ലിംഗ്, ഹാന്‍ഡ് ഗ്രിന്‍ഡര്‍, ബെഞ്ച്, പാനല്‍ ബോര്‍ഡ് തുടങ്ങിയ എല്ലാ മെഷിനറികള്‍ക്കുമായി ആകെ ആവശ്യമായ തുക 1.8 ലക്ഷം രൂപയാണ്. അസംസ്‌കൃത വസ്തുക്കള്‍ക്കായി ആവശ്യമായത് 1.20 ലക്ഷം രൂപയാണ്. 2 മാസത്തേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ തുകയാണിത്. ഈ തുകയുടെ അസംസ്‌കൃത വസ്തുക്കളില്‍ നിന്നും 40,000 സ്പൂണുകളും, 20,000 ഹാന്‍ഡ് ടൂളുകളും, 20,000 കാര്‍ഷിക പണിയായുധങ്ങളും ഓരോ മാസത്തിലും നിര്‍മിക്കാം. ജീവനക്കാരുടെ വേതനം മറ്റിനങ്ങളില്‍ ഒരു മാസം ചിലവ് വരുന്നത് ഏകദേശം 30,000 രൂപയായിരിക്കും. ഇത്തരത്തില്‍ സംരഭം നടപ്പിലാക്കുന്നതിനായി ആകെ വരുന്ന ചിലവ് 3.3 ലക്ഷം രൂപയാണെന്ന് കണക്കാക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.