Sections

രാജ്യത്ത് ഇനി തൊഴില്‍തേടി അലയേണ്ട; വന്‍ സാധ്യതകള്‍ ഉടന്‍ വരുന്നു

Wednesday, Sep 15, 2021
Reported By admin
job opportunity

രാജ്യത്തെ തൊഴില്‍മേഖലയില്‍ ഊര്‍ജ്ജസ്വലമായ മാറ്റങ്ങളുടെ നാളുകളാണ് ഇനിയെന്ന സൂചനകള്‍ നല്‍കി സര്‍വ്വെ.കൂട്ടത്തില്‍ വനിതകള്‍ക്ക് വമ്പന്‍ അവസരങ്ങളുമായി വിവിധ കമ്പനികളും രംഗത്ത്.

രാജ്യത്തുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ വലിയ അവസരങ്ങള്‍ തുറക്കപ്പെടുമെന്ന് കണ്ടെത്തി മാന്‍പവര്‍ ഗ്രൂപ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ സര്‍വ്വെ.കോര്‍പ്പറേറ്റ് നിയമനങ്ങളില്‍ 44 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിവിധ തൊഴില്‍ദാതാക്കളുടെ ഡേറ്റ പരിശോധിച്ച അടിസ്ഥാനത്തില്‍ സര്‍വ്വെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

നിര്‍മാണ മേഖലയിലെ നിയമനങ്ങളില്‍ 43 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലയില്‍ നിയമനങ്ങളില്‍ 41 ശതമാനം വര്‍ധനവും കരുതുന്നു. ആഗോള ശരാശരിയായ 69 ശതമാനത്തേക്കാള്‍ ഇന്ത്യയിലെ 89 ശതമാനം തൊഴിലുടമകളും ഒഴിവുകള്‍ നികത്താന്‍ പാടുപെടുന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പല കമ്പനികളും അവരുടെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായാണ് 3,046 തൊഴില്‍ദാതാക്കളുടെ സര്‍വേ സൂചിപ്പിക്കുന്നത്.ഇതിന്റെ ആദ്യ സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായെന്നതാണ് സത്യം.

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഒല തമിഴ്‌നാട്ടിലെ തങ്ങളുടെ പ്ലാന്റില്‍ 10000 വനിതകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.ഒലയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് റീ ബിഗിന്‍ എന്ന പദ്ധതിയിലൂടെ വനിതകള്‍ക്കായി വലിയ റിക്രൂട്ട്‌മെന്റ് റാലി നടത്തുകയാണ്.


 

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പുതുതായി മികച്ച തൊഴില്‍ തേടുന്ന ആയിരക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ ലഭിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നിയമിക്കുന്ന വനിതാ പ്രൊഫഷണലുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ലെങ്കിലും കമ്പനിയുടെ 2020-21 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ആകെ ജീവനക്കാരില്‍ 36.5 ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം.നിലവില്‍ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 509,058 ആണ്. 2022 സാമ്പത്തിക വര്‍ഷം, കമ്പനി കാമ്പസുകളില്‍ നിന്ന് 40,000 ത്തിലധികം പേരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മഹാമാരി നിയന്ത്രണങ്ങള്‍ നീങ്ങുന്നതിനൊപ്പം ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം ഉയരുമെന്നും പ്രതീക്ഷിക്കുന്നു. സര്‍വീസ്, ഉല്‍പ്പാദനം, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ ജോലി സാധ്യതകള്‍ മെച്ചപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.