Sections

കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി ഡോ. ആർ.ബിന്ദു

Wednesday, Jan 11, 2023
Reported By Admin
Dr. R Bindhu

വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നിലമ്പൂരിൽ തുടക്കം


നിലമ്പൂർ താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യവസായ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി നടന്ന ചടങ്ങിൽ പവലിയൻ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. മേളയുടെ ഓഫീസിന്റെ ഉദ്ഘാടനം നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീമും ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയും മിഷിനറി എക്സ്പോ ഉദ്ഘാടനം നിലമ്പൂർ നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണനും നിർവഹിച്ചു.

നിലമ്പൂർ നഗരസഭയുടെ സഹകരണത്തോടെ ജനുവരി 10 മുതൽ13 വരെ നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സാങ്കേതിക തടസങ്ങളില്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നത് നടപ്പിലാക്കാൻ സാധിച്ചതാണ് എട്ട് മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാനത്തിനായതെന്ന് മന്ത്രി പറഞ്ഞു. അതുവഴി മൂന്ന് ലക്ഷത്തോളം പേർക്കാണ് തൊഴിൽ നൽകാൻ സാധിച്ചത്. എന്നും തൊഴിൽ അന്വേഷകരായി മാറി നിൽക്കാതെ സംരംഭങ്ങളിലൂടെ തൊഴിൽ ദാതാക്കളായി മാറുവാൻ യുവാക്കൾക്ക് കഴിഞ്ഞു എന്നുള്ളതാണ് സർക്കാറിന്റെ ഈ സംരംഭക വർഷത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ മാത്രം 10910 സംരംഭങ്ങളിലായി 796 കോടി നിക്ഷേപവും 25280 പേർക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ താലൂക്കിൽ 1887 സംരംഭങ്ങളിലായി 112 കോടി നിക്ഷേപവും 4211 പേർക്ക് തൊഴിലുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ താലൂക്ക് പരിധിയിലെ വിവിധങ്ങളായ ഉത്പന്നങ്ങൾ നിർമിക്കുന്ന 47 സംരംഭങ്ങളുടെ സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ളത്.

കരകൗശല വസ്തുക്കൾ, യന്ത്രോപകരണങ്ങൾ ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ, ലൈവ് ഫുഡ് കോർട്ട് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത കൈത്തൊഴിലുകാരുടെയും ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെയും സ്റ്റാളുകളും ഉണ്ട്. ഉപഭോക്താക്കൾക്ക് ഉത്പാദകരിൽ നിന്ന് നേരിട്ട് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവോടെ വാങ്ങുവാൻ മേളയിൽ അവസരമുണ്ടാകും. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം എട്ട് വരെയുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

സംരംഭകർക്ക് ആവശ്യമായ ഹെൽപ്പ് ഡെസ്ക് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കെ.സ്വിഫ്റ്റ്, എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ, ഉദ്യം രജിസ്ട്രേഷൻ, പാക്കിംഗ് ലൈസൻസ് തുടങ്ങിയവ ഓൺലൈൻ ചെയ്യുന്നതിന് മേളയിൽ സൗകര്യമുണ്ടാകും.

പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജയിംസ്, എം.കെ.നജ്മുന്നീസ, ഗോപി താളിക്കുഴി, കെ.രാമൻകുട്ടി, എൽ.ഡി.എം. ജിതേന്ദ്രൻ, മാനേജർ എ.അബ്ദുൾ ലത്തീഫ്, വിൻസൺ ഗോൺസാഗ , വിനോദ് പി മേനോൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, നിലമ്പൂർ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.