Sections

ഒക്ടോബര്‍ ഒന്നു മുതല്‍ ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധിക്കും

Tuesday, Sep 28, 2021
Reported By Admin
tata motors

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്

 

വാണിജ്യ വാഹനങ്ങളുടെ വില കൂടുമെന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ടാറ്റാ മോട്ടോഴ്സ്. ഒക്ടോബര്‍ ഒന്ന് മുതല്‍ തങ്ങളുടെ വാണിജ്യ ശ്രേണിയിലെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്.

ബേസ് മോഡലുകള്‍ക്കും വേരിയെന്റുകള്‍ക്കും ഒരു പോലെ രണ്ട് ശതമാനം വില വര്‍ധനയുണ്ടാകുമെന്നും കമ്പനി അറിയിച്ചു. വാഹന നിര്‍മ്മാണത്തിനാവശ്യമായ സ്റ്റീല്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വര്‍ധനയാണ് വാണിജ്യ വാഹനങ്ങളുടെ വിലവര്‍ധനവിലേക്ക് എത്തിച്ചത്. 

സാമഗ്രികളുടെ വില വര്‍ധനവിന്റെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വാഹനങ്ങളുടെ വില വര്‍ധനവ് കുറച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്കും ഫ്ലീറ്റ് ഉടമകള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

ഓഗസ്റ്റില്‍, 'ന്യൂ ഫോറെവര്‍' ശ്രേണി ഒഴികെ കമ്പനിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില ശരാശരി 0.8 ശതമാനത്തോളം കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ധനവാണ് ഈ നീക്കത്തിനും കാരണമായത്. ഇതേ മാസം തന്നെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും മറ്റ് മോഡലുകളുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വില കൂട്ടിയിരുന്നു.

മോഡല്‍, വേരിയന്റ്, തെരഞ്ഞെടുത്ത ഇന്ധന തരം എന്നിവയുടെ കൃത്യമായ വില വര്‍ധനവ് ടാറ്റ ഉടന്‍ വെളിപ്പെടുത്തും. ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങള്‍ (M&HCV), ഇന്റര്‍മീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ (I&LCV), ചെറുകിട വാണിജ്യ വാഹനങ്ങള്‍ (SCV), ബസുകള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യ വാഹന നിരയാണ് കമ്പനിക്ക് നിലവിലുള്ളത്. 

എന്നാല്‍ പാസഞ്ചര്‍ വാഹന ശ്രേണിയെ കമ്പനി പുതിയ പരിഷ്‌ക്കാരത്തിന് കീഴിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആഭ്യന്തര ബ്രാന്‍ഡ് എപ്പോള്‍ വേണമെങ്കിലും കാര്‍ മോഡലുകളില്‍ വില വര്‍ധന പ്രഖ്യാപിച്ചേക്കും. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ പെട്രോള്‍ വില 100 കടന്നതോടെ ഇതര ഇന്ധന വാഹനങ്ങളെ തിരയുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ജനപ്രിയ മോഡലുകളുടെ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.