Sections

പ്രവാസി മലയാളികള്‍ നാട്ടിലെ ഇന്‍ഷുറന്‍സ് കവറേജിനോട് വിമുഖത കാണിക്കരുത്

Friday, Nov 19, 2021
Reported By Admin
INSURANCE

ജോലിചെയ്യുന്ന സ്ഥലത്ത് ഇന്‍ഷുറന്‍സ് കവറേജ് ഉള്ളതിനാല്‍ വിദേശമലയാളികള്‍ പലപ്പോഴും കേരളത്തില്‍ കവറേജ് എടുക്കാറില്ല


ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എന്നാല്‍ മലയാളികള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതില്‍ എപ്പോഴും പിറകോട്ടാണ്. മറ്റൊരു രാജ്യത്ത് ജീവിക്കുന്നതിനാല്‍ പ്രവാസികള്‍ ഇന്‍ഷൂറന്‍സില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ജോലിചെയ്യുന്ന സ്ഥലത്ത് ഇന്‍ഷുറന്‍സ് കവറേജ് ഉള്ളതിനാല്‍ വിദേശമലയാളികള്‍ പലപ്പോഴും കേരളത്തില്‍ കവറേജ് എടുക്കാറില്ല.

എന്നാല്‍, കുടുംബാംഗങ്ങള്‍ക്കുകൂടി സംരക്ഷണം നല്‍കുന്ന തരത്തില്‍ നാട്ടില്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റുമ്പോഴും പുറത്തെ ഇന്‍ഷുറന്‍സ് കവറേജ് മതിയാവില്ല. പ്രവാസി മലയാളികള്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട ഇന്‍ഷുറന്‍സ് ഏതൊക്കെയാണെന്ന് നോക്കാം.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

എല്ലാ വ്യക്തികളെയും പോലെ വിദേശ മലയാളികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. അസുഖങ്ങള്‍, മാരകരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നീ റിസ്‌കുകളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്. ചികിത്സാച്ചെലവുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പലപ്പോഴും ആശുപത്രിച്ചെലവുകള്‍ നമുക്ക് താങ്ങാവുന്നതിലമധികം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യ സുരക്ഷാ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കുടുംബത്തെ ഒരുമിച്ച് ഇന്‍ഷുര്‍ ചെയ്യാവുന്ന 'ഫാമിലി ഫ്ളോട്ടര്‍ പോളിസി'യാണ് വിദേശമലയാളികള്‍ക്ക് അനുയോജ്യമായത്. നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ പോളിസി നിബന്ധനകള്‍ക്കനുസൃതമായി സൗജന്യ ചികിത്സ ഇതുവഴി ലഭ്യമാക്കുന്നു. ഒപ്പംതന്നെ, വിദേശത്ത് ജോലിചെയ്യുന്ന ഗൃഹനാഥന് അത്യാവശ്യഘട്ടങ്ങളില്‍ നാട്ടില്‍ വന്ന് ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്ക് ആശുപത്രിവഴിയും സൗജന്യ ചികിത്സ നേടാവുന്നതാണ്.

ടേം ഇന്‍ഷുറന്‍സ് (ലൈഫ്)

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാമെന്നിരിക്കെ ലൈഫ് കവറുകള്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് വലിയ ബാധ്യതകള്‍ ഉള്ളവര്‍ക്ക്. പഠനം, വിവാഹം, പ്രായമായ ആശ്രിതരുടെ ചെലവുകള്‍, ഇഎംഐ എന്നിവയൊക്കെ ഒരാളുടെ അഭാവത്തിലും കവര്‍ ചെയ്യപ്പെടുന്നതാണ് ഈ പോളിസികളുടെ പ്രത്യേകത. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. എങ്കില്‍, നിങ്ങള്‍ 'ടേം കവര്‍ പോളിസി' എടുത്തേ മതിയാകൂ. പ്രായം കൂടുംതോറും റിസ്‌കുകള്‍ കൂടുമെന്നതിനാല്‍ പ്രീമിയത്തിലും വര്‍ധന ഉണ്ടാവും. ഇന്‍ഷുര്‍ ചെയ്യുന്ന തുക, വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയെങ്കിലും വേണം. പ്രീമിയം നിരക്കുകള്‍ പ്രായവും ഇന്‍ഷുര്‍ ചെയുന്ന തുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കും.

അപകട ഇന്‍ഷുറന്‍സ്

അപകടമരണം, അപകടത്തോടനുബന്ധിച്ചുള്ള അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി വിവിധതരം റിസ്‌കുകള്‍ കവര്‍ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങള്‍ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും. വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് പോളിസിയില്‍ ചേരാനാകുക. ഓരോരുത്തര്‍ക്കും ഇണങ്ങുന്ന പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 

ചികിത്സാ ചിലവുകള്‍ ദിവസേനയെന്നോണം വര്‍ധിച്ചു വരുന്ന ഇന്നത്തെക്കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ വെറുതേ ഏതെങ്കിലും ഒരു പോളിസി വാങ്ങിച്ചത് കൊണ്ടുമാത്രം പരിപൂര്‍ണ പരിരക്ഷയായി എന്ന് കരുതരുത്. പോളിസിയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്്. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ച് കൊണ്ട് എല്ലാ പ്രവാസികളും ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാന്‍ ശ്രമിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.